Sub Lead

'ഒരിക്കലും ഒരു പന്നിയുമായി ഗുസ്തി പിടിക്കരുത്; കത് വ ഫണ്ട് ആരോപണത്തില്‍ നിയമനടപടിയെന്ന് പി കെ ഫിറോസ്

ഒരിക്കലും ഒരു പന്നിയുമായി ഗുസ്തി പിടിക്കരുത്; കത് വ ഫണ്ട് ആരോപണത്തില്‍ നിയമനടപടിയെന്ന് പി കെ ഫിറോസ്
X

കോഴിക്കോട്: കത് വ, ഉന്നാവോ ഇരകള്‍ക്കു വേണ്ടി സ്വരൂപിച്ച തുക വകമാറ്റിയെന്ന യൂത്ത് ലീഗ് മുന്‍ ദേശീയ നിര്‍വാഹക സമിതിയംഗം യൂസുഫ് പടനിലത്തിന്റെ ആരോപണത്തില്‍ വിശദീകരണവുമായി മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. കത് വ പെണ്‍കുട്ടിക്ക് സഹായഹസ്തം നീട്ടിയതിനെപ്പോലും നീചമായ ഒരാരോപണത്തിലേക്ക് വലിച്ചിഴച്ചത് വൃത്തികെട്ട രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും അതിനെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് അനിവാര്യമാണെന്നും വരും ദിസവങ്ങളില്‍ അഭിഭാഷകരുമായി ആലോചിച്ച് വേണ്ട നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഫിറോസ് ഫേസ് ബുക്കിലൂടെ അറിയിച്ചു.

ഒരിക്കലും ഒരു പന്നിയുമായി ഗുസ്തി പിടിക്കരുത്. നിങ്ങള്‍ രണ്ടുപേരും വൃത്തികെട്ടവരാവും. പന്നി അത് ഇഷ്ടപ്പെടുന്നു എന്ന ജോര്‍ജ്ജ് ബെര്‍ണാഡ് ഷായുടെ വരികളോടെയാണ് പി കെ ഫിറോസിന്റെ മറുപടി. ബെര്‍ണാഡ്ഷാ ഇങ്ങനെ പറഞ്ഞ് വച്ചിട്ടുണ്ടെങ്കിലും വിഷയം അഴിമതി ആരോപണമായതിനാല്‍ മറുപടി പറയേണ്ടതുണ്ടെന്ന് തോന്നുന്നു. ആരോപണമുന്നയിച്ച വ്യക്തിയെ യൂത്ത് ലീഗ് നേതാവ്, ദേശീയ നിര്‍വാഹക സമിതി അംഗം എന്നൊക്കെയാണ് കൈരളി ചാനല്‍ എഴുതിക്കാണിക്കുന്നത്. ഇത് തെറ്റാണ്.

ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് തോല്‍ക്കുകയും പാര്‍ട്ടി പുറത്താക്കുകയും ചെയ്ത വ്യക്തിയാണ് ഇയാള്‍. സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ ആളെന്നോ, അധികാരത്തിനായി പാര്‍ട്ടിയെ വഞ്ചിച്ച വ്യക്തി എന്നോ ഉള്ള ദുഷ്‌പേര് മാറ്റാനാണ് ഇപ്പോഴത്തെ കോപ്രായങ്ങള്‍. മാത്രവുമല്ല, നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ താനിപ്പോള്‍ ചവിട്ടി നില്‍ക്കുന്ന പാര്‍ട്ടിയില്‍ താരപരിവേഷം ഉണ്ടാക്കാനും ഇതുവഴി സാധിക്കുമെന്ന് അയാള്‍ കരുതുന്നുണ്ടാവാം. അദ്ദേഹത്തിന്റെ കഠിനശ്രമങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു.

തിരഞ്ഞെടുപ്പ് വേളയില്‍ സിഎച്ച് സെന്ററിനെതിരെയായിരുന്നു ഇദ്ദേഹം ആരോപണമുന്നയിച്ചിരുന്നത്. അത് ക്ലച്ച് പിടിക്കാതെ പോയപ്പോഴാണ് ഇപ്പോള്‍ കത്‌വ വിഷയവുമായി വരുന്നത്. കത്‌വയില്‍ ക്രൂരമായി കൊല്ലപ്പെട്ട പിഞ്ചുബാലികയുടെ കുടുംബത്തെ സഹായിക്കാനും നിയമസഹായം നല്‍കാനുമാണ് യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റി ഫണ്ട് സമാഹരിച്ചത്. കത്‌വ, ഉന്നാവോ വിഷയങ്ങളില്‍ നിയമസഹായം ഉള്‍പ്പെടെ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ യൂത്ത്‌ലീഗിനെ പ്രശംസിച്ചുകൊണ്ട് നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതുമാണ്. യുവജന യാത്രയുടെ കടം വീട്ടുന്നതിനായി 15 ലക്ഷം രൂപ ഈ ഫണ്ടില്‍ നിന്നും വകമാറ്റി ചെലവഴിച്ചു എന്ന ആരോപണമാണ് ഈ വ്യക്തി എനിക്കെതിരേ ഉന്നയിച്ചത്. ശുദ്ധ അസംബന്ധമാണത്. ഒരു രൂപ പോലും ദേശീയ കമ്മിറ്റിയുടെ ഏതെങ്കിലും ഫണ്ടില്‍ നിന്ന് സംസ്ഥാന കമ്മിറ്റി വാങ്ങിയിട്ടില്ല.

പക്ഷേ, ഈ വിഷയം ആരോപണമുന്നയിച്ച വ്യക്തിക്ക് ശ്രദ്ധ കിട്ടുമെന്ന് കരുതി നിസ്സാരമായി കാണാനാവില്ല. മുസ് ലിംലീഗിന്റെ ജനകീയാടിത്തറയുടെ പ്രധാന കാരണം അതിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ്. അതിന്റെ മുകളില്‍ കരിനിഴല്‍ വീഴ്ത്താനാണ് ഈ വ്യക്തി ശ്രമിക്കുന്നത്. രാഷ്ട്രീയത്തില്‍ താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി നട്ടാല്‍ കുരുക്കാത്ത ദുരാരോപണങ്ങള്‍ ഉന്നയിക്കുന്ന ചിലരുണ്ടെന്നും ആരോപണത്തിന്‍മേല്‍ നിയമനടപടി സ്വീകരിക്കുമെന്നും ഫിറോസ് വ്യക്തമാക്കി.

'Never wrestle with a pig'; PK Firos says legal action against Katwa fund allegation


Next Story

RELATED STORIES

Share it