Sub Lead

രാജ്യത്ത് നിലനില്‍ക്കുന്നത് കൊളോണിയല്‍ സംവിധാനം; വേണ്ടത് നിയമവ്യവസ്ഥയുടെ ഇന്ത്യന്‍വല്‍ക്കരണം: സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

രാജ്യത്ത് നിലനില്‍ക്കുന്നത് കൊളോണിയല്‍ സംവിധാനം; വേണ്ടത് നിയമവ്യവസ്ഥയുടെ ഇന്ത്യന്‍വല്‍ക്കരണം: സുപ്രിംകോടതി ചീഫ് ജസ്റ്റിസ്
X

ബംഗളൂരു: രാജ്യത്തെ നിയമവ്യവസ്ഥയില്‍ മാറ്റംവരുത്തണമെന്ന അഭിപ്രായവുമായി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. രാജ്യത്ത് നിലനില്‍ക്കുന്നത് കൊളോണിയല്‍ നിയമസംവിധാനമാണെന്നും നമ്മുടെ നിയമവ്യവസ്ഥയുടെ ഇന്ത്യന്‍വല്‍ക്കരണമാണ് ഈ സമയത്തിന്റെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അന്തരിച്ച ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡറിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി കര്‍ണാടക സ്റ്റേറ്റ് ബാര്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എന്‍ വി രമണ. ഇന്ത്യന്‍ ജനസംഖ്യയ്ക്ക് യോജിച്ചതല്ല നിലവിലെ നിയമവ്യവസ്ഥ. നമ്മുടെ നീതി നിര്‍വഹണം സാധാരണക്കാര്‍ക്ക് ഒന്നിലധികം തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

കോടതികളുടെ സങ്കീര്‍ണതകള്‍ നിറഞ്ഞ പ്രവര്‍ത്തനവും ശൈലിയും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമല്ല. അതില്‍ മാറ്റം അനിവാര്യമാണ്. കൊളോണിയല്‍ കാലത്തെ സമ്പ്രദായങ്ങളും നിയമങ്ങളും ഇന്ത്യന്‍ ജനതയുടെ ആവശ്യങ്ങള്‍ക്ക് യോജിച്ചതല്ല. നമ്മുടെ നിയമവ്യവസ്ഥയുടെ ഇന്ത്യന്‍വല്‍ക്കരണമാണ് കാലഘട്ടത്തിന്റെ ആവശ്യം. ഇന്ത്യന്‍വല്‍ക്കരണമെന്ന് ഞാന്‍ പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് നമ്മുടെ സമൂഹത്തിന്റെ പ്രായോഗിക യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടേണ്ടതും നമ്മുടെ നീതി നിര്‍വഹണ സംവിധാനങ്ങള്‍ പ്രാദേശികവല്‍ക്കരിക്കേണ്ടതുമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതി വ്യവഹാരങ്ങള്‍ കൂടുതല്‍ സൗഹൃദപരമാവണം.

കോടതിയെയും ജഡ്ജിമാെരയും സാധാരണക്കാരന് ഭയമാണ്. ഈ സ്ഥിതി മാറണം. ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് ഇപ്പോഴും നീതി അകലെയാണ്. ഉദാഹരണമായി ഒരു ഗ്രാമപ്രദേശത്തുനിന്നുള്ള കുടുംബ തര്‍ക്കത്തിനെതിരേ പോരാടുന്ന കക്ഷികളുടെ ദയനീയമായ അവസ്ഥയെ പരാമര്‍ശിച്ചു. അവര്‍ക്ക് അന്യമായ ഭാഷയായ ഇംഗ്ലീഷിലുള്ള വാദങ്ങള്‍ അവര്‍ക്ക് മനസ്സിലാവുന്നില്ല. ഈ ദിവസങ്ങളില്‍ വിധിന്യായങ്ങള്‍ ദൈര്‍ഘ്യമേറിയതാണ്. ഇത് വ്യവഹാരങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഒരു വിധിയുടെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാന്‍ കക്ഷികള്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ നിര്‍ബന്ധിതരാവുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോടതികള്‍ വ്യവഹാര കേന്ദ്രീകൃതമായിരിക്കണം. കാരണം അവര്‍ ആത്യന്തികമായും ഗുണഭോക്താക്കളാണ്. നീതിയുടെ നിര്‍വഹണം ലളിതമാക്കേണ്ടത് ഞങ്ങളുടെ പ്രധാന ശ്രദ്ധയാണ്. നടപടിക്രമങ്ങളിലെ തടസ്സങ്ങള്‍ പലപ്പോഴും നീതി ലഭിക്കുന്നതിന് കാലതാമസം നേരിടുന്നു. കോടതികളെയും അധികാരികളെയും സമീപിക്കുന്നതില്‍ മനുഷ്യന്‍ ഭയപ്പെടേണ്ടതില്ല.

കോടതിയെ സമീപിക്കുമ്പോള്‍ അയാള്‍ക്ക് ജഡ്ജിമാരെയും കോടതികളെയും ഭയപ്പെടേണ്ടതില്ല. അയാള്‍ക്ക് സത്യം പറയാന്‍ കഴിയണം. അഭിഭാഷകരുടെയും ജഡ്ജിമാരുടെയും കടമ കക്ഷികള്‍ക്ക് ആശ്വാസം നല്‍കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയെന്നതാണ്. മധ്യസ്ഥതയും അനുരഞ്ജനവും പോലുള്ള ഇതര തര്‍ക്കസംവിധാനത്തിന്റെ ഉപയോഗം കക്ഷികള്‍ തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കുന്നതിന് സഹായകരമാണ്. ഇത് ദീര്‍ഘമായ വാദങ്ങള്‍ നടത്തുന്നതിന്റെ ആവശ്യകത കുറയ്ക്കുകയാണെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it