Sub Lead

സംഭലില്‍ മുസ്‌ലിം യുവാവ് പൊലിസ് കസ്റ്റഡിയില്‍ മരിച്ചു; പോലിസ് തല്ലിക്കൊന്നെന്ന് കുടുംബം, വന്‍പ്രതിഷേധം (വീഡിയോ)

സംഭലില്‍ മുസ്‌ലിം യുവാവ് പൊലിസ് കസ്റ്റഡിയില്‍ മരിച്ചു; പോലിസ് തല്ലിക്കൊന്നെന്ന് കുടുംബം, വന്‍പ്രതിഷേധം (വീഡിയോ)
X

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭലില്‍ പോലിസ് കസ്റ്റഡിയില്‍ എടുത്ത മുസ്‌ലിം യുവാവ് മരിച്ചു. സംഭല്‍ പട്ടണത്തിലെ പോലിസ് ഔട്ട്‌പോസ്റ്റിലേക്ക് കൊണ്ടുപോയ ഖാഗ്ഗു സാരായി പ്രദേശത്തെ ഇര്‍ഫാന്‍ എന്ന 35കാരനാണ് മരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഇതേതുടര്‍ന്ന് പോലിസ് ഔട്ട്‌പോസ്റ്റ് ഇര്‍ഫാന്റെ കുടുംബവും നാട്ടുകാരും ഉപരോധിച്ചു. ഇതോടെ പോലിസുകാര്‍ സ്‌റ്റേഷന്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടതായി റിപോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും നഖാസ, കോട് വാലി പോലിസ് സ്‌റ്റേഷനുകളിലെ പോലിസുകാരെയും പ്രദേശത്ത് വിന്യസിച്ചു.

രൈസാട്ടി പോലിസ് ഔട്ട്‌പോസ്റ്റിലെ നാലു ഉദ്യോഗസ്ഥര്‍ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ഇര്‍ഫാനെ കൊണ്ടുപോയതെന്ന് ഭാര്യ രേഷ്മ മാധ്യമങ്ങളോട് പറഞ്ഞു. '' അവര്‍ എന്റെ ഭര്‍ത്താവിനെ പോലീസ് ഔട്ട്‌പോസ്റ്റിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് അദ്ദേഹം മര്‍ദ്ദനമേറ്റ് മരിച്ചു. അദ്ദേഹത്തിന് സുഖമില്ലെന്നും മരുന്ന് കഴിക്കാന്‍ സമയം നല്‍കണമെന്നും ഞങ്ങള്‍ പോലിസുകാരോട് അപേക്ഷിച്ചു, പക്ഷേ അവര്‍ അത് ശ്രദ്ധിച്ചില്ല. ലോക്കല്‍ പോലിസ് ഇര്‍ഫാനെ കൊന്നു.''-രേഷ്മ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോവാന്‍ ശ്രമിച്ച എഎസ്പി ശിരീഷ് ചന്ദ്രയെ നാട്ടുകാര്‍ തടഞ്ഞു.

അതേസമയം, ഹൃദയാഘാതമാണ് മരണകാരണമെന്ന് എസ്പി കൃഷ്ണകുമാര്‍ ബിഷ്‌ണോയ് അവകാശപ്പെട്ടു. ''ഇര്‍ഫാനെ പോലിസ് ഔട്ട്‌പോസ്റ്റിലേക്ക് കൊണ്ടുവന്നപ്പോള്‍ മകനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പിതാവിന് സുഖമില്ലെന്നും മരുന്ന് കഴിക്കണമെന്നും മകന്‍ പോലിസിനോട് പറഞ്ഞു. ഒരു ടാബ്‌ലെറ്റ് കഴിച്ച അദ്ദേഹം പെട്ടെന്ന് നിലത്തു വീണു. കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പക്ഷേ വഴിയില്‍ വച്ച് മരിച്ചു. അദ്ദേഹം ഒരു ഹൃദ്രോഗിയായിരുന്നു, ഒരുപക്ഷേ ഹൃദയാഘാതമായിരിക്കാം മരണകാരണം.''-എസ്പി പറഞ്ഞു. കടം വാങ്ങിയ ആറു ലക്ഷം രൂപ ഇര്‍ഫാന്‍ തിരികെ നല്‍കിയില്ലെന്ന് പറഞ്ഞ് ലഭിച്ച പരാതിയിലാണ് ഇര്‍ഫാനെ കസ്റ്റഡിയില്‍ എടുത്തതെന്ന് പോലിസ് പറയുന്നു.

Next Story

RELATED STORIES

Share it