Sub Lead

''മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ആശങ്കകള്‍ യാഥാര്‍ഥ്യം'';വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രിംകോടതിയില്‍

മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ആശങ്കകള്‍ യാഥാര്‍ഥ്യം;വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമത്തെ കുറിച്ച് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കുള്ള ആശങ്കകള്‍ യാഥാര്‍ഥ്യമാണെന്ന് ചൂണ്ടിക്കാട്ടി കേരളസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കി. വഖ്ഫ് സ്വത്ത് സംരക്ഷിക്കണമെന്ന ഉദ്ദേശത്തോടെ 1995ല്‍ കൊണ്ടുവന്ന നിയമത്തില്‍ നിന്നുള്ള വ്യതിയാനമാണ് ഭേദഗതിയെന്ന് ഹരജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നിയമഭേദഗതി മതപരമായ ഭരണഘടനാ അവകാശങ്ങള്‍ ഇല്ലാതാക്കുമോ എന്ന ആശങ്ക മുസ്‌ലിംകള്‍ക്കുണ്ട്. ആ ആശങ്കകള്‍ യാഥാര്‍ഥ്യവുമാണ്. ഭേദഗതി നിയമത്തിലെ വ്യവസ്ഥകള്‍ പലതും അനീതിയാണ്. അവയുടെ ഭരണഘടനാ സാധുതയിലും സംശയമുണ്ട്.

ഒരിക്കല്‍ വഖ്ഫായ സ്വത്ത് എന്നും വഖ്ഫായിരിക്കും എന്നത് മുമ്പേ തീര്‍പ്പായ കാര്യമാണ്. ഭേദഗതി നിയമത്തിലൂടെ അത് മാറ്റാന്‍ പാടില്ല. അഞ്ച് വര്‍ഷം മുസ്‌ലിമായി പ്രാക്ടീസ് ചെയ്തയാള്‍ക്ക് മാത്രമേ വഖ്ഫ് ചെയ്യാനാവൂ എന്നാണ് പുതിയ ഭേദഗതി പറയുന്നത്. ഒരാള്‍ ഇസ്‌ലാം പ്രാക്ടീസ് ചെയ്‌തോ ഇല്ലയോ എന്നൊന്നും നോക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. ഭേദഗതിയിലെ 3സി(1) വകുപ്പ് സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ ഇല്ലാതാക്കുന്നതാണ്. വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് ഭരണഘടനയുടെ 14, 25, 26 അനുഛേദങ്ങളുടെ ലംഘനമാണെന്നും ഹരജി പറയുന്നു. നേരത്തെ കേരള വഖ്ഫ് ബോര്‍ഡും ഭേദഗതിയെ എതിര്‍ത്ത് ഹരജി ഫയല്‍ ചെയ്തിരുന്നു. ബിജെപി ഭരിക്കുന്ന അസം, രാജസ്താന്‍, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ ഭേദഗതിയെ അനുകൂലിച്ചും ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. നാളെ ഹരജികളില്‍ സുപ്രിംകോടതി വാദം കേള്‍ക്കും.


Next Story

RELATED STORIES

Share it