Sub Lead

ഡല്‍ഹിയില്‍ മുസ്‌ലിം യുവാവിനെ ആറംഗ സംഘം തല്ലിക്കൊന്നു

ഡല്‍ഹിയില്‍ മുസ്‌ലിം യുവാവിനെ ആറംഗ സംഘം തല്ലിക്കൊന്നു
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മുസ്‌ലിം യുവാവിനെ ആറംഗ സംഘം തല്ലിക്കൊന്നു. ഡല്‍ഹി ത്രിലോക്പുരി സെന്‍ട്രല്‍ പാര്‍ക്കിന് പുറത്താണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. കിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക്പുരി പ്രദേശത്ത് താമസിക്കുന്ന 25കാരനായ ഷബീര്‍ ഖാനെയാണ് അക്രമിസംഘം കല്ലും ഇഷ്ടികയും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മോഷണക്കുറ്റം ആരോപിച്ചാണ് അക്രമികള്‍ യുവാവിനെ കൊലപ്പെടുത്തിയതെന്ന് പോലിസ് അറിയിച്ചു. വീടിന് സമീപത്തെ കടയില്‍ ജോലിചെയ്തുവന്നിരുന്നയാളാണ് ഷബീര്‍ ഖാന്‍. കൊലപാതകയുമായി ബന്ധപ്പെട്ട് ത്രിലോക് പുരി സ്വദേശിയായ കേശവ് (25) ഉള്‍പ്പെടെ രണ്ടുപേരെ പോലിസ് അറസ്റ്റുചെയ്തു.

ബാക്കിയുള്ളവരെ പിടികൂടാന്‍ അന്വേഷണം നടക്കുന്നതായി പോലിസ് പറയുന്നു. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെ ത്രിലോക്പുരി സെന്‍ട്രല്‍ പാര്‍ക്കിന് പുറത്ത് അബോധാവസ്ഥയില്‍ ഒരാള്‍ കിടക്കുന്നതായി നാട്ടുകാര്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലിസ് സ്ഥലത്തെത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പോലിസ് ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയിലെത്തിച്ചു. യുവാവിന്റെ ശരീരത്തില്‍ അഞ്ച് മുറിവുകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍ പറഞ്ഞതായി പോലിസ് വിശദീകരിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ ജിടിബി ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്തു. യുവാവ് ഡിസംബര്‍ 14ന് രാത്രിയില്‍ മരണത്തിന് കീഴടങ്ങി. എംഎല്‍സിയുടെയും പ്രാദേശിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 307, 304 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് ഡല്‍ഹി ത്രിലോക്പുരി സ്വദേശിയായ കേശവ് എന്നയാളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിലാണ് ഡിസംബര്‍ 14ന് വൈകീട്ട് ഷബീറിനെ മര്‍ദ്ദിച്ച അഞ്ചുപേരുടെ പേരുകള്‍കൂടി ലഭിച്ചത്. ഷബീറിനെ ക്രൂരമായി മര്‍ദ്ദിച്ച കാര്യം കേശവ് പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. താനുള്‍പ്പെടെ ആറുപേര്‍ ചേര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ പാര്‍ക്കില്‍ മദ്യപിക്കുകയായിരുന്നു. അതിനിടെയാണ് പാര്‍ക്കില്‍ ഷബീര്‍ അലഞ്ഞുതിരിയുന്നത് കണ്ടത്. മൊബൈല്‍ഫോണ്‍ മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്ന് സംശയിച്ച് തങ്ങള്‍ ഷബീറിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു.

അക്രമം ചെറുക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഘം കല്ലും ഇഷ്ടികയും ഉപയോഗിച്ച് ഷബീറിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് കേശവിന്റെ മൊഴി ഉദ്ധരിച്ച് പോലിസ് വിശദീകരിച്ചു. കേശവിനെ ബുധനാഴ്ച മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രണ്ടുദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ഒരാളെക്കൂടി പിടികൂടിയിട്ടുണ്ടെന്നും മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, കൊലപാതകത്തിന് പിന്നില്‍ വര്‍ഗീയ കലാപമാണെന്ന് മരണപ്പെട്ട യുവാക്കളുടെ കുടുംബം ആരോപിച്ചു. പ്രതികളും മരിച്ചവരും വ്യത്യസ്ത സമുദായങ്ങളില്‍നിന്നുള്ളവരാണെന്നും കുടുംബം ചൂണ്ടിക്കാട്ടി. അതേസമയം, പോലിസ് ആരോപണം നിഷേധിച്ചു.

Next Story

RELATED STORIES

Share it