Big stories

മൂന്നാം സീറ്റിന് വേണ്ടി പിടിമുറുക്കി ലീഗ്; ഇന്ന് പാണക്കാട് യോഗം

മൂന്നാം സീറ്റിന് വേണ്ടി പിടിമുറുക്കി ലീഗ്; ഇന്ന് പാണക്കാട് യോഗം
X

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം ലീഗ് ശക്തമാക്കുന്നു. ഇന്ന് പാണക്കാട് ചേരുന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയോഗത്തില്‍ ഇക്കാര്യമടക്കം ചര്‍ച്ചയാവും.

നിലവിലുള്ള മലപ്പുറം, പൊന്നാനി എന്നീ സീറ്റുകള്‍ക്ക് പുറമേ വയനാട്, കാസര്‍കോഡ്, വടകര സീറ്റുകളിലൊന്ന് വേണമെന്നാണ് ലീഗിന്റെ ആവശ്യം. ഇന്നത്തെ ചര്‍ച്ചയില്‍ എടുക്കുന്ന തീരുമാനങ്ങളാകും യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ മുന്നോട്ടുവയ്ക്കുക.

മലപ്പുറത്തെയും പൊന്നാനിയിലെയും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും ഇന്ന് നടന്നേക്കും. പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും വീണ്ടും മത്സരിച്ചേക്കുമെന്നാണ് സൂചന.

രാവിലെ 10 മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് ഉന്നതാധികാര സമിതി യോഗം. ഇതിന് മുന്നോടിയായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കാണും.

ലീഗിന് മൂന്നാമതൊരു സീറ്റ് നല്‍കാനാവില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി. ലീഗിന് അധികമായി ഒരു സീറ്റ് കൂടി നല്‍കുന്നത് പ്രായോഗികമല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അപ്രായോഗികമായ നിര്‍ദ്ദേശം ലീഗ് മുന്നോട്ട് വയ്ക്കുമെന്ന് കരുതുന്നില്ല. മൂന്നാമതൊരു സീറ്റിനായി ലീഗ് കടുപിടുത്തം നടത്തുമെന്ന് കരുതുന്നില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. എന്നാല്‍, യുഡിഎഫില്‍ സീറ്റ് ധാരണയായെന്ന രീതിയിലുള്ള മുല്ലപ്പള്ളിയുടെ പ്രസ്താവനയെ തള്ളി തുടര്‍ന്ന് ലീഗും രംഗത്തെത്തി. മൂന്നാം സീറ്റിനെക്കുറിച്ച് ചര്‍ച്ചയില്‍ നിലപാട് അറിയിക്കുമെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് മുല്ലപ്പള്ളിയുടെ പ്രസ്താവനയോട് പ്രതികരിച്ചത്.

Next Story

RELATED STORIES

Share it