Sub Lead

ആര്‍എസ്എസ് നേതാവിന്റെ സ്വകാര്യ കോളജിന് ഒത്താശ: ഇരിട്ടി നഗരസഭയിലേക്ക് എസ് ഡിപിഐ മാര്‍ച്ച്

എസ് ഡിപി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സജീര്‍ കീച്ചേരി ഉദ്ഘാടനം ചെയ്തു

ആര്‍എസ്എസ് നേതാവിന്റെ സ്വകാര്യ കോളജിന് ഒത്താശ: ഇരിട്ടി നഗരസഭയിലേക്ക് എസ് ഡിപിഐ മാര്‍ച്ച്
X

ഇരിട്ടി: ആര്‍എസ്എസ് നേതാവിന്റെ നിയന്ത്രണത്തിലുള്ള സ്വകാര്യ കോളജിന് എംപി ഫണ്ട് നല്‍കാന്‍ നീക്കം നടത്തിയ സിപിഎം നേതാവായ ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഡിപി ഐ ഇരിട്ടി നഗരസഭാ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കോളജിനു ടോയ്‌ലറ്റ് നിര്‍മിക്കാന്‍ വേണ്ടി ലക്ഷങ്ങള്‍ കിട്ടാന്‍ വേണ്ടി മൗനികളായ സിപിഎം, കോണ്‍ഗ്രസ്, ലീഗ് കൗണ്‍സിലര്‍മാര്‍ പൊതുസമൂഹത്തോട് മാപ്പ് പറയുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. എസ് ഡിപി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സജീര്‍ കീച്ചേരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് തമീം പെരിയത്തില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റിയംഗം സി എം നസീര്‍ ഉളിയില്‍, ശംസു പാനേരി സംസാരിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പുന്നാട് പള്ളി പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച് മുനിസിപ്പില്‍ കോംപൗണ്ടില്‍ പോലിസ് തടഞ്ഞു. മാര്‍ച്ചിന് അശ്‌റഫ് നടുവനാട്, യൂനുസ് ഉളിയില്‍ നേതൃത്വം നല്‍കി. പ്രഗതി കോളജ് കോംപൗണ്ടിലെ നഗരസഭയുടെ സ്ഥലം അളന്നു തിട്ടപ്പെടുത്തി നഗരസഭയുടെ അധീനതയലേക്ക് മതില്‍ കെട്ടി തിരിക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജിന് നിവേദനം നല്‍കുകയും ചെയ്തു.

ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുടെ പ്രഗതി കോളജിന് ശൗചാലയം നിര്‍മിക്കാന്‍ സുരേഷ് ഗോപി എംപിയുടെ ഫണ്ടില്‍നിന്ന് 11,55,000 രൂപ അനുവദിക്കാനാണു രഹസ്യനീക്കം നടത്തിയത്. സ്വകാര്യ കോളജായതിനാല്‍ എംപി ഫണ്ട് ലഭിക്കില്ലെന്നു മനസ്സിലാക്കിയ കോളജ് അധികൃതര്‍ ഇരിട്ടി നഗരസഭാ സെക്രട്ടറിയുടെ പേരില്‍ രണ്ടുസെന്റ് സ്ഥലം രജിസ്റ്റര്‍ചെയ്തു നല്‍കുകയായിരുന്നു. ഇത്തരത്തില്‍ പൊതുഫണ്ട് ആര്‍എസ്എസ് നേതാവിന്റെ സ്ഥാപനത്തിനു നല്‍കുന്നത് നഗരസഭയിലെ സിപിഎം, കോണ്‍ഗ്രസ്, ലീഗ് കൗണ്‍സിലര്‍മാര്‍ മറച്ചുവച്ചത് പ്രദേശവാസികള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എസ് ഡിപി ഐ സമരം തുടങ്ങിയതോടെ കോണ്‍ഗ്രസും ലീഗും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.


Next Story

RELATED STORIES

Share it