Sub Lead

മറുനാടനുള്ള പിന്തുണ; വെറുപ്പിന്റെ അങ്ങാടിയില്‍ കോണ്‍ഗ്രസ് നേതാക്കളും കച്ചവടക്കാരാവുമ്പോള്‍...

മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

മറുനാടനുള്ള പിന്തുണ; വെറുപ്പിന്റെ അങ്ങാടിയില്‍ കോണ്‍ഗ്രസ് നേതാക്കളും കച്ചവടക്കാരാവുമ്പോള്‍...
X

വംശീയതയും വര്‍ഗീയതയും വരുമാനമായി കണ്ട് കേരളത്തിലെ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാന്‍ വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിനെയും അതിന്റെ മുതലാളി ഷാജന്‍ സ്‌കറിയെയും പിന്തുണയ്ക്കുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകാരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും ഒക്കെ കാപട്യം തിരിച്ചറിയേണ്ടതുണ്ട്. മതനിരപേക്ഷതയും മതേതരത്വവും നിരന്തരമായി പറയുമ്പോഴും 'മറുനാടന്‍ മലയാളി'യാല്‍ ഇരകളാക്കപ്പെടുന്ന സാമൂഹിക വിഭാഗം ഈ ദുഷ്ടലാക്ക് തിരിച്ചറിയുന്നുണ്ട് എന്ന ധാരണ ഇവര്‍ക്ക് ഉണ്ടാവേണ്ടതുണ്ട്. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജ് വിഷയത്തിലെ ഇടുക്കി ഡിസിസി സെക്രട്ടറിയുടെയും മകളുടെയും വംശീയ നിലപാട് ഈ സന്ദര്‍ഭത്തില്‍ ചേര്‍ത്തു വായിക്കേണ്ടതാണ്.

രു മതനിരപേക്ഷ പൊതുസമൂഹമാണ് കേരളീയര്‍ എന്ന് അഭിമാനം കൊള്ളുമ്പോഴും അന്യമത വിരോധത്തില്‍ അധിഷ്ഠിതമായ പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ കേരളത്തില്‍ ഉണ്ട് എന്നതിന്റെ സാക്ഷ്യപ്പെടുത്തലുകളാണ് നേതാക്കന്മാരുടെ ഇത്തരം പിന്തുണകള്‍. ആര്‍എസ്എസിന്റെ താല്‍പര്യ പ്രകാരം രൂപം കൊണ്ട ക്രിസംഘി പ്രത്യയശാസ്ത്രത്തിനു പ്രചാരണം കൊടുക്കുന്നതിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലാണ് ഷാജന്‍ സ്‌കറിയയുടേത്. കഥകള്‍ മെനഞ്ഞു മതമതേതര വിശ്വാസികള്‍ക്കിടയില്‍ സംശയം സൃഷ്ടിച്ച് സംഘര്‍ഷം രൂപപ്പെടുത്തി രാഷ്ട്രീയമായി സംഘപരിവാറിനെ വളര്‍ത്തുക എന്ന ഒളിയജണ്ടയാണ് ഇയാള്‍ വച്ചു പുലര്‍ത്തുന്നത്.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത്തരമൊരു സമീപനത്തെ പിന്തുണയ്ക്കുന്നത് മതനിരപേക്ഷ ബോധമുള്ള പൊതുപ്രവര്‍ത്തനത്തിനോ കേരളത്തിന്റെ പൊതുമണ്ഡലത്തിനോ നല്ലതല്ല. ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യം വച്ച് പ്രത്യേകമായ ചില അജണ്ടകളുമായാണ് ക്രിസംഘികളുടെ ആശയ പ്രചാരണ തലവനായ ഷാജന്‍ സ്‌കറിയയുടെ പ്രയാണം. പരസ്പരം സഹകരിച്ചും വിശ്വാസം നിലനിര്‍ത്തിയും ഒരുമയോടെ മുന്നോട്ടുപോവുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ സംശയം വളര്‍ത്തി പരസ്പരം അകറ്റിനിര്‍ത്തി രാഷ്ട്രീയമായി മുതലെടുക്കാമെന്ന ഇടതുപക്ഷത്തിന്റെയും സംഘപരിവാറിന്റെയും നിലപാടുകള്‍ക്ക് ഒരുപിടി മുന്നിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമീപനമെന്നാണ് ഇതിലൂടെ ബോധ്യം വരുന്നത്. ഒരു മത വിഭാഗത്തിന്റെ സാമൂഹികവും സാമ്പത്തികവും വ്യാവസായികവും രാഷ്ട്രീയപരവുമായ ഏതു വളര്‍ച്ചയെയും വക്രീകരിച്ച് പൊതുസമൂഹത്തെ തെറ്റിധരിപ്പിച്ച് അപരവല്‍കരണത്തിന് ആക്കം കൂട്ടാന്‍ മാത്രം പ്രവര്‍ത്തിക്കുന്ന മറുനാടന്റെ ഒരു പ്രവണതയേയും നാളിതുവരെ കെപിസിസി പ്രസിഡന്റ് വിമര്‍ശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

സാമ്പ്രദായിക രാഷ്ട്രീയ നേതൃത്വത്തിന്റെ ആശയ ശോഷണവും വര്‍ഗീയ മനസ്സുമാണ് രാജ്യത്ത് സംഘപരിവാറിനെ അധികാരത്തിലേക്കും പിന്നീട് ഏകാധിപത്യത്തിലേക്കും എത്തിച്ചത്. പരമതവിരോധത്തിലൂടെയും വംശീയ ബോധത്തിലൂടെയും സങ്കുചിത താല്‍പര്യത്തിലൂടെയും വളര്‍ത്തപ്പെട്ട ഒരു സമൂഹമാണ് പിന്നീട് ആര്‍എസ്എസിന്റെ വോട്ടുബാങ്കായി മാറിയത്. കേരളത്തിലെ മതവിഭാഗങ്ങള്‍ക്കിടയില്‍ പ്രശ്‌നം സൃഷ്ടിക്കുന്നതിന് വേണ്ടി കള്ള പ്രചാരണങ്ങള്‍ നടത്തുകയും വളരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിട്ടും ഇതെല്ലാം വസ്തുതാ വിരുദ്ധമാണ് എന്നറിയുന്ന രാഷ്ട്രീയ നേതൃത്വം പൊതുസമൂഹത്തോട് തുറന്നു പറയാതിരുന്ന ദുരനുഭവങ്ങളാണ് നാളിതുവരെയുള്ളത്. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനും അധികാരത്തിനും പരിഹാരമായി ഇത്തരം നിലപാടുകള്‍ സ്വീകരിച്ചാല്‍ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് കേരളം പോവും. കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ചയിലൂടെ സംഘപരിവാറിന് പ്രതിപക്ഷമായി മാറാമെന്ന ഒളിയജണ്ടയ്ക്ക് സൗകര്യമൊരുക്കി കൊടുക്കുന്ന സമീപനമാണ് ഇത്തരം നിലപാടുകാര്‍ പ്രകടമാക്കുന്നത്. ഫാഷിസത്തെ പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും നിര്‍ഭയത്വത്തോടെ ചോദ്യം ചെയ്യാന്‍ ആര്‍ജ്ജവമുള്ള നേതാക്കളുടെ അഭാവം കേരളത്തിലെ മുന്നണി സംവിധാനങ്ങളില്‍ പ്രകടമാവുന്നുണ്ട്. അതിന്റെ ഗുണഫലങ്ങള്‍ ആര്‍ക്കൊക്കെയായിരിക്കും എന്ന് തിരിച്ചറിഞ്ഞാല്‍ നന്ന്. ഇടതുപക്ഷം ജയിച്ചില്ലെങ്കില്‍ അമീര്‍-ഹസന്‍-കുഞ്ഞാപ്പ കേരളം ഭരിക്കുമെന്ന് പറഞ്ഞവരുടെയും ക്രിസംഘി രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നവരുടെയും വംശീയ ബോധവും മനസ്സും പലകാരണങ്ങളാല്‍ പൊരുത്തപ്പെടുന്നു എന്നതില്‍ അത്ഭുതപ്പെടലല്ല വേണ്ടത്, അടിസ്ഥാന ജനവിഭാഗം രാഷ്ട്രീയമായി തിരിച്ചറിവ് നേടലാണ് പരിഹാരം. ഭരണ സംവിധാനം ഉപയോഗപ്പെടുത്തി നൂറുകണക്കിന് തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുന്ന തരത്തില്‍ തേജസ് ദിനപത്രം പൂട്ടുന്നതിന് സാഹചര്യമൊരുക്കി അതിന് പരസ്യം നിഷേധിച്ചവരുടെ പട്ടികയില്‍ ഒന്നാമതും രണ്ടാമതും ഇടതുവലതു സര്‍ക്കാരുകള്‍ ഉണ്ടായിരുന്നു. അന്നൊന്നും ഇല്ലാതിരുന്ന മാധ്യമസ്വാതന്ത്ര്യബോധം അപകടകരമായ ക്രിസംഘി രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നതിലൂടെ ഉണ്ടായിത്തീരുന്നതില്‍ അറിവുള്ളവര്‍ക്ക് ആശ്ചര്യം ഉണ്ടാവണമെന്നില്ല. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യാന്‍ ഇടതുപക്ഷ ഭരണത്തിലെ പോലിസ് സംവിധാനത്തിന് കഴിയാത്തതും സംഘപരിവാര്‍ വിധേയത്വത്തിന്റെ മറ്റൊരു ഉദാഹരണമാണ്.

(എസ് ഡിപി ഐ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

Next Story

RELATED STORIES

Share it