Sub Lead

സ്‌ഫോടകവസ്തു കേസില്‍ ജഗ്താര്‍ സിംഗ് ഹവാരയെ വെറുതെവിട്ടു

സ്‌ഫോടകവസ്തു കേസില്‍ ജഗ്താര്‍ സിംഗ് ഹവാരയെ വെറുതെവിട്ടു
X

അമൃത്‌സര്‍: ബബ്ബര്‍ ഖല്‍സ നേതാവ് ജഗ്താര്‍ സിംഗ് ഹവാരയെ സ്‌ഫോടക വസ്തു കേസില്‍ വെറുതെവിട്ടു. മൊഹാലിയിലെ സദര്‍ പോലിസ് സ്‌റ്റേഷനില്‍ 2005ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മൊഹാലി ജില്ലാ കോടതിയുടെ വിധി. ജഗ്താര്‍ സിംഗ് ഹവാരയില്‍ നിന്ന് പോലിസിന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും എന്തെങ്കിലും തരത്തിലുള്ള ഗൂഡാലോചന തെളിയിക്കാന്‍ സാധിച്ചില്ലെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി തേജ്പ്രതാപ് സിംഗ് രണ്‍ധാവ പറഞ്ഞു. ഈ കേസില്‍ കൂടെ വെറുതെ വിട്ടതോടെ ഹവാരക്കെതിരെ കേസുകളൊന്നും ബാക്കിയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ ജസ്പാല്‍ സിംഗ് മഞ്ച്പൂര്‍ പറഞ്ഞു.

അമൃത്സറിലെ ഹര്‍മന്ദിര്‍ സാഹിബി(സുവര്‍ണ ക്ഷേത്രം)ല്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സൈനിക നടപടിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിംഗിനെ ഒരാള്‍ ബോംബ് പൊട്ടിച്ച് കൊന്നിരുന്നു. ഈ കേസില്‍ ഗൂഡാലോചന ആരോപിച്ച് ഹവാരയെ ശിക്ഷിച്ചിരുന്നു. എന്നാല്‍, 2004ല്‍ പഞ്ചാബിലെ ബുറൈല്‍ ജയിലില്‍ 90 അടി നീളമുള്ള തുരങ്കമുണ്ടാക്കി ജയില്‍ ചാടി. 2005ല്‍ ഡല്‍ഹിയില്‍ നിന്ന് വീണ്ടും അറസ്റ്റ് ചെയ്തു. കഴിഞ്ഞ 30 വര്‍ഷമായി ഹവാര ജയിലിലാണ്. പുതിയ സാഹചര്യത്തില്‍ പരോളിന് അപേക്ഷ നല്‍കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

ജഗ്താര്‍ സിംഗ് ഹവാരയെ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ നിന്നും പഞ്ചാബിലെ ജയിലിലേക്ക് മാറ്റണമെന്ന് സിഖ് രാഷ്ട്രീയ തടവുകാരുടെ വിമോചനത്തിനായി പ്രവര്‍ത്തിക്കുന്ന ഖ്വാമി ഇന്‍സാഫ് മോര്‍ച്ച ആവശ്യപ്പെട്ടു. രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടുവര്‍ഷമായി മൊഹാലിയിലെ വൈപിഎസ് ചൗക്കില്‍ എല്ലാ ദിവസവും പ്രതിഷേധം നടക്കുന്നുണ്ട്.

Next Story

RELATED STORIES

Share it