Sub Lead

ഗംഗ ശുദ്ധീകരിക്കാനുള്ള ഫണ്ട് ബാങ്കില്‍ കെട്ടിക്കിടക്കുന്നു; പലിശയിനത്തില്‍ മോദി സര്‍ക്കാര്‍ നേടിയത് 100 കോടി

ഗംഗ ഇപ്പോഴും മലിനമായി തന്നെ തുടരുമ്പോള്‍ ഗംഗാ ശുദ്ധീകരണ ഫണ്ടിന്റെ പലിശയിനത്തില്‍ മാത്രം സര്‍ക്കാരിന് ലഭിച്ചത് 100 കോടിയിലേറെ രൂപ.

ഗംഗ ശുദ്ധീകരിക്കാനുള്ള ഫണ്ട് ബാങ്കില്‍ കെട്ടിക്കിടക്കുന്നു; പലിശയിനത്തില്‍ മോദി സര്‍ക്കാര്‍ നേടിയത് 100 കോടി
X

ന്യൂഡല്‍ഹി: ഭീകരമായ തോതില്‍ മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്ന ഗംഗ ശുദ്ധീകരിക്കാന്‍ ജനങ്ങളില്‍ നിന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ പിരിച്ചെടുത്ത പണം അക്കൗണ്ടില്‍ കെട്ടിക്കിടക്കുന്നു. ഗംഗ ഇപ്പോഴും മലിനമായി തന്നെ തുടരുമ്പോള്‍ ഗംഗാ ശുദ്ധീകരണ ഫണ്ടിന്റെ പലിശയിനത്തില്‍ മാത്രം സര്‍ക്കാരിന് ലഭിച്ചത് 100 കോടിയിലേറെ രൂപ.

പോസ്റ്റ് ഓഫിസുകള്‍ വഴി ബോട്ടിലുകളില്‍ വില്‍പ്പന നടത്തുന്ന ഗംഗാജല്‍ വഴിയും വന്‍തുകയാണ് സര്‍ക്കാരിനു ലഭിക്കുന്നത്.

2016ല്‍ നാഷനല്‍ ക്ലീന്‍ ഗംഗാ മിഷന് കീഴില്‍(എന്‍എംസിജി)ആണ് ക്ലീന്‍ ഗംഗാ ഫണ്ട് രൂപീകരിച്ചത്. പൊതുജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിച്ചാണ് ഫണ്ട് സ്വരൂപിച്ചത്. വിവരാവകാശ പ്രകാരം ജലവിഭവ വകുപ്പ് നല്‍കിയ കണക്ക് അനുസരിച്ച് 2018 ഒക്ടോബര്‍ 15വരെ ഈ ഫണ്ടിലേക്കു ശേഖരിച്ചത് 266.94 കോടി രൂപയാണ്.

2014 മാര്‍ച്ചില്‍ എന്‍എംസിജി അക്കൗണ്ടില്‍ സംഭാവനയായും വിദേശ ലോണായും ഉണ്ടായിരുന്ന തുകയ്ക്ക് 7.64 കോടിയാണ് ലഭിച്ചിരുന്നത്. 2017 മാര്‍ച്ച് ആയപ്പോഴേക്കും പലിശ 107 കോടി രൂപയായി. മോദി സര്‍ക്കാര്‍ കേവലം മൂന്ന് വര്‍ഷം കൊണ്ട് മാത്രം 100 കോടി രൂപയാണ് പലിശയിനത്തില്‍ എന്‍എംസിജി അക്കൗണ്ട് വഴി മാത്രം ഉണ്ടാക്കിയത്. ഗംഗ ശുദ്ധീകരിക്കുന്നതിനുള്ള ഫണ്ട് ചെലവഴിക്കാന്‍ വൈകുന്നതാണ് പലിശയിനത്തില്‍ ഇത്രയും തുക ലഭിക്കാന്‍ കാരണം.

ഗംഗാ നദിയില്‍ നിന്നുള്ള വെള്ളം പോസ്റ്റ് ഓഫിസുകള്‍ വഴി ബോട്ടിലുകളിലാക്കി വിറ്റ് രണ്ട് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ സ്വരൂപിച്ചത്. 52,36,658 രൂപയാണ്. 2018 ജൂണ്‍വരെയുള്ള കണക്കുകള്‍ പ്രകാരം 200 മില്ലിയുടെയും 500 മില്ലിയുടെയും 2,65,800 ബോട്ടില്‍ വെള്ളമാണ് വിറ്റഴിച്ചത്.

ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് നൂറ്റാണ്ടുകളായി ജീവിതമാര്‍ഗമൊരുക്കുന്ന ഗംഗാ നദി ദിവസം തോറും മാലിന്യങ്ങള്‍ വന്നടിഞ്ഞ് മരിച്ചുകൊണ്ടിരിക്കുമ്പോള്‍ അത് ശുദ്ധീകരിക്കാന്‍ വേണ്ടി സ്വരൂപിച്ച ഫണ്ടും ധനസമ്പാദന മാര്‍ഗമാക്കുകയാണ് സര്‍ക്കാര്‍.

Next Story

RELATED STORIES

Share it