Top

പൗരത്വ രേഖ ആവശ്യപ്പെട്ട് മുംബൈയില്‍ നവനിര്‍മാണ്‍ സേനയുടെ 'ഭീഷണി റെയ് ഡ്'

മുംബൈയിലെ പല ചേരികളിലും ബംഗാളി സംസാരിക്കുന്ന നിരവധി മുസ് ലിം കുടുംബങ്ങള്‍ കുറഞ്ഞ വേതനത്തില്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. കുടിയേറ്റക്കാരില്‍ ബംഗാളി സംസാരിക്കുന്നവരെ എല്ലായ്‌പ്പോഴും പോലിസും രാഷ്ട്രീയപ്പാര്‍ട്ടികളും ലക്ഷ്യമിടുകയാണ്.

പൗരത്വ രേഖ ആവശ്യപ്പെട്ട് മുംബൈയില്‍ നവനിര്‍മാണ്‍ സേനയുടെ

മുംബൈ: ബംഗ്ലാദേശികളും പാകിസ്താനികളും ഇന്ത്യയില്‍ താമസിക്കുന്നുണ്ടെന്ന മഹാരാഷ്ട്ര നവ നിര്‍മാന്‍ സേനാ അധ്യക്ഷന്‍ രാജ് താക്കറെയുടെ പ്രസ്താവനയ്ക്കു പിന്നാലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനെന്ന പേരില്‍ പൗരത്വ രേഖ ആവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകരുടെ വോളണ്ടിയര്‍ സേനയുടെ ഭീഷണി റെയ്ഡ്. നവനിര്‍മാണ്‍ സേന പ്രവര്‍ത്തകര്‍ രൂപീകരിച്ച ജാഗ്രതാ സംഘം വീടുകള്‍ തോറും കയറിയിറങ്ങി പൗരത്വം തെളിയിക്കുന്ന രേഖകള്‍ കാണിക്കണമെന്ന് ആവശ്യപ്പെടുകയും 'സംശയാസ്പദമായ വ്യക്തികളെ' പോലിസില്‍ റിപോര്‍ട്ട് ചെയ്യുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാലോ അഞ്ചോ ഗ്രൂപ്പുകളായാണ് പടിഞ്ഞാറന്‍ മുംബൈയിലെ സബര്‍ബന്‍ മേഖലയിലെ വീടുകളില്‍ സംഘം കയറിയത്. മൂന്നോളം മേഖലകളില്‍ ഇവര്‍ പരിശോധന നടത്തിയിട്ടുണ്ട്.

എംഎന്‍എസിന്റെ നോര്‍ത്ത് മുംബൈ യൂനിറ്റ് മേധാവി നയന്‍ കാദമിന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈയിലെ ബോറിവാലി വെസ്റ്റ് മേഖലയിലെ ചിക്കുവാഡി ചേരികളിലാണ് ആദ്യം പ്രവേശിച്ചത്. ടിവി 9 എന്ന പ്രാദേശിക മറാത്തി വാര്‍ത്താ ചാനല്‍ സംഘവും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നത്, നിയമം കൈയിലെടുത്തുകൊണ്ടുള്ള സംഘത്തിന്റെ പരിശോധന മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നു വ്യക്തമാക്കുന്നതാണ്. എംഎന്‍എസിന്റെ വോളണ്ടിയര്‍മാര്‍ വീടുകളില്‍ കയറി ആളുകളുടെ രേഖകള്‍ ആവശ്യപ്പെടുകയും അവരില്‍ ഒരാള്‍ തന്റെ രേഖകള്‍ പശ്ചിമ ബംഗാളിലെ വീട്ടിലാണെന്നു പറഞ്ഞപ്പോള്‍ 'സംശയാസ്പദമാണെന്ന്' പ്രഖ്യാപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ചാനല്‍ ലേഖകന്‍ ദിനേശ് ദുഖാണ്ഡെ ചിത്രീകരിച്ചിട്ടുണ്ട്. പരിശോധന വീഡിയോയില്‍ ചിത്രീകരിക്കുന്ന ദമ്പതികളെ അസ്വസ്ഥമാക്കുന്നതും വീഡിയോയില്‍ ദൃശ്യമാണെന്ന് ദി വയര്‍ റിപോര്‍ട്ട് ചെയ്തു. പോലിസിന്റെയോ നിയമത്തിന്റെയോ യാതൊരു വിധ പിന്തുണയുമില്ലാതെയുള്ള അനധികൃത പരിശോധനയെ കുറിച്ച് ടിവി 9 ചാനല്‍ വാര്‍ത്തയും നല്‍കിയിട്ടുണ്ട്. ദുഖാണ്ഡെ, കാദം തുടങ്ങിയ എംഎന്‍എസ് പ്രവര്‍ത്തകര്‍ പ്രദേശത്തെ ചില സ്ത്രീകളോടും പ്രായപൂര്‍ത്തിയാവാത്ത കുട്ടികളോടും വരെ രേഖ കാണിക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോയില്‍ കാണുന്നുണ്ട്.

ഇവിടുത്തെ ആളുകള്‍ക്ക് വ്യത്യസ്തമായ ഉച്ചാരണശൈലിയാണെന്നും പശ്ചിമ ബംഗാളില്‍ നിന്നുള്ളവരുടേത് പോലെയുള്ള ഭാഷയും സ്വരവുമല്ലെന്നും ഞങ്ങളുടെ ബംഗാളി സുഹൃത്തുക്കള്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും ചിക്കുവാഡി ചേരികളില്‍ നിരവധി ബംഗ്ലാദേശികളുണ്ടെന്നുമാണ് സംശയമെന്നും വോളണ്ടിയര്‍മാര്‍ പറഞ്ഞു. സമാനരീതിയിലുള്ള സംഘങ്ങളെ വ്യാപകമായി രൂപീകരിക്കാനും അവരവരുടെ പ്രദേശങ്ങളില്‍ ബംഗ്ലാദേശികളെയും പാകിസ്താനികളെയും കണ്ടെത്താനും പാര്‍ട്ടി ഓരോ ഷാഖാ പ്രമുഖുകളെയും(യൂനിറ്റ് മേധാവികളെ) അറിയിച്ചിട്ടുണ്ടെന്ന് എംഎന്‍എസ് നോര്‍ത്ത് മുംബൈ യൂനിറ്റ് മേധാവി നയന്‍കാദം ദി വയറിനോട് പറഞ്ഞു.

ആദ്യ പരിശോധനയ്ക്കു ശേഷം മറ്റൊരു ടീം ദഹിസാറിലെ ഒരു വള നിര്‍മാണ ശാലയിലേക്കു പോയി സമാനരീതിയിലുള്ള പരിശോധനകള്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. തങ്ങളുടെ സംഘത്തിന് രഹസ്യ വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതേക്കുറിച്ച് റെയ്ഡിന് മുമ്പ് വിവരങ്ങള്‍ പരിശോധിക്കാറുണ്ട്. സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തിയാല്‍ ഞങ്ങള്‍ ലോക്കല്‍ പോലിസിനെ അറിയിക്കുകയും അവരോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായ ഇത്തരം പ്രവൃത്തികളില്‍ എന്തുകൊണ്ടാണ് ഏര്‍പ്പെടുന്നതെന്ന ചോദ്യത്തിന്, രേഖകളില്ലാതെ വിദേശ രാജ്യത്ത് താമസിക്കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'അവര്‍ രേഖകളില്ലാതെ ഇവിടെ കഴിയുകയാണ്. ഞങ്ങളുടെ ജോലികള്‍ തട്ടിയെടുക്കുകയാണ്. അവ റിപോര്‍ട്ട് ചെയ്യുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനമല്ലെന്നും അദ്ദേഹം ന്യായീകരിച്ചു. സ്‌ക്രീനിങിനും സ്ഥിരീകരണത്തിനുമായി ബിഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്ന് നിരവധി കുടിയേറ്റക്കാരെ തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.


മുംബൈയിലെ പല ചേരികളിലും ബംഗാളി സംസാരിക്കുന്ന നിരവധി മുസ് ലിം കുടുംബങ്ങള്‍ കുറഞ്ഞ വേതനത്തില്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. കുടിയേറ്റക്കാരില്‍ ബംഗാളി സംസാരിക്കുന്നവരെ എല്ലായ്‌പ്പോഴും പോലിസും രാഷ്ട്രീയപ്പാര്‍ട്ടികളും ലക്ഷ്യമിടുകയാണ്. മുംബൈയിലെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍ നഗരത്തില്‍ നിരന്തരമായി നേരിടുന്ന വിവേചനം നേരത്തേ ചര്‍ച്ചയായിരുന്നു. അതേസമയം, മുംബൈ പോലിസിനെ സഹായിക്കുകയാണെന്ന് തങ്ങളെന്നാണ് എംഎന്‍എസിന്റെ അവകാശവാദം. എന്നാല്‍, ഇത്തരം പ്രവൃത്തികള്‍ നിയമവിരുദ്ധമാണെന്ന് പോലിസ് പറഞ്ഞു. ഇത്തരം രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും അതിനെങ്ങനെ പോലിസിന്റെ അനുമതി ലഭിക്കുമെന്നും ബോറിവാലി വെസ്റ്റ് പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ലക്ഷ്മണ്‍ ഡുംബ്രെ ചോദിച്ചു. സംഘം സ്വന്തമായി വിവിധ ചേരി പ്രദേശങ്ങളില്‍ റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്. ഇത് തീര്‍ത്തും തെറ്റാണ്. ഒരു വ്യക്തിക്കോ ഗ്രൂപ്പിനോ ഇതുപോലെ രേഖകള്‍ ആവശ്യപ്പെടാനാവില്ലെന്നും ഡുംബ്രെ പറഞ്ഞു. ഇതേത്തുടര്‍ന്ന് ബോറിവാലി പോലിസ് സ്‌റ്റേഷനില്‍ നിന്നുള്ള ഒരു സംഘം ചേരി പ്രദേശം സന്ദര്‍ശിച്ച് അന്വേഷണം നടത്തുകയും ചെയ്തു.

നേരത്തെയും രാജ് താക്കറെയും അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തകരും സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തിരുന്നു. 2008ല്‍ പാര്‍ട്ടി രൂപീകരണ സമയത്തു തന്നെ എംഎന്‍എസ് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നും കുടിയേറിയവരെ ആക്രമിച്ചിരുന്നു. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷയില്‍ ഹാജരാവുന്ന നിരവധി ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളെ 2008ല്‍ തല്ലിച്ചതച്ചത് ഏറെ വിവാദമായിരുന്നു. മഹാരാഷ്ട്രയില്‍ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പരാജയം ഏറ്റുവാങ്ങിയ എംഎന്‍എസ് സംസ്ഥാന രാഷ്ട്രീയത്തില്‍ തങ്ങളുടെ ഇടംകണ്ടെത്താന്‍ പാടുപെടുകയാണ്. കഴിഞ്ഞ മാസം ഇവരുടെ പാര്‍ട്ടി പതാക കാവിയാക്കി മാറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് വരെ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നതില്‍ മുന്‍പന്തിയിലായിരുന്ന രാജ് താക്കറെ തിരഞ്ഞെടുപ്പ് തോല്‍വിക്കു ശേഷം തന്റെ നിലപാട് മാറ്റുകയും വലതുപക്ഷ രാഷ്ട്രീയവുമായി വീണ്ടും അടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഈയിടെ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെയും രാജ്യവ്യാപകമായി നടക്കാനിരിക്കുന്ന ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it