Sub Lead

സംപ്രേഷണ വിലക്ക്: മീഡിയവണ്‍ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

സംപ്രേഷണ വിലക്ക്: മീഡിയവണ്‍ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
X

ന്യൂഡല്‍ഹി: സംപ്രേഷണ വിലക്കിനെതിരെ മീഡിയവണ്‍ ചാനല്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇടക്കാല ഉത്തരവ് വേണമെന്ന മീഡിയവണിന്റെ ആവശ്യത്തില്‍ കോടതി വിശദമായ വാദം കേള്‍ക്കും.

സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി ചോദ്യം ചെയ്താണ് മീഡിയവണ്‍ മാനേജ്‌മെന്റും എഡിറ്റര്‍ പ്രമോദ് രാമനും പത്രപ്രവര്‍ത്തക യൂനിയനും ഹര്‍ജി നല്‍കിയത്. മീഡിയവണിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോഹ്തഗിയും ദുശ്യന്ത് ദവെയുമാണ് ഹാജരാകുന്നത്.

സംപ്രേഷണ വിലക്ക് റദ്ദ് ചെയ്യണമെന്നാവശ്യപ്പട്ടുള്ള മീഡിയ വണ്‍ ചാനലിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മാര്‍ച്ച് രണ്ടിനാണ് തള്ളിയത്. അന്ന് തന്നെ അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

കഴിഞ്ഞ ജനുവരി 31നാണ് ചാനലിന്റെ പ്രവര്‍ത്തനാനുമതി വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നു. സിഗിംള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ മുദ്ര വെച്ച കവറില്‍ ഹാജരാക്കിയ രഹസ്യ രേഖകള്‍ പരിശോധിച്ച ശേഷമാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം.

ഒരു വാര്‍ത്താചാനലിന് അപ്‌ലിങ്കിംഗിന് അനുമതി നല്‍കാനുള്ള പോളിസി പ്രകാരം ലൈസന്‍സ് പുതുക്കുമ്പോള്‍ ഓരോ തവണയും പുതിയ സുരക്ഷാ അനുമതി ആവശ്യമില്ലെന്ന വാദം സിംഗിള്‍ ബഞ്ച് പരിഗണിച്ചില്ല എന്ന് അപ്പീല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു വാര്‍ത്താ ചാനലാകുമ്പോള്‍ ഭരണകൂടത്തെ തൃപ്തിപ്പെടുത്തി എന്നും വാര്‍ത്തകള്‍ നല്‍കാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

നേരത്തെ, കേന്ദ്രസര്‍ക്കാര്‍ ഹാജരാക്കിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളിലെ പരാമര്‍ശങ്ങള്‍ ഗൗരവതരമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് എന്‍ നഗരേഷിന്റെ സിംഗിള്‍ ബഞ്ച് മീഡിയ വണ്‍ ചാനലിന്റെ ഹര്‍ജി തള്ളിയത്. അപ്പീല്‍ നല്‍കുന്നതിനായി സംപ്രേഷണവിലക്ക് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി നിരസിച്ചു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ ആവശ്യം നിരസിച്ചത്. ജീവനക്കാരുടെ ദുഃഖം മനസിലാക്കുമ്പോഴും ദേശസുരക്ഷ പ്രധാനപ്പെട്ടതാണെന്നും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it