Sub Lead

'വനിതാ വോളി താരത്തെ താലിബാന്‍ കഴുത്തറുത്ത് കൊന്നു'; മാധ്യമങ്ങളുടെ വ്യാജവാര്‍ത്ത പൊളിയുന്നു, തെളിവുകള്‍ പുറത്ത്

വനിതാ വോളിബോള്‍ താരം മഹ്ജാബിന്‍ ഹക്കീം മരണപ്പെടുന്നത് ആഗസ്ത് ആറിനാണെന്ന് കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഉദ്ധരിച്ച് ആള്‍ട്ട് ന്യൂസ് റിപോര്‍ട്ട് ചെയ്തു. അതായത് അഫ്ഗാനില്‍ താലിബാന്‍ അധികാരമേല്‍ക്കുന്നതിന് 10 ദിവസം മുമ്പ്. മഹ്ജാബിനെ തലയറുത്ത് കൊന്നതാണെന്ന വാര്‍ത്തയും പച്ചക്കള്ളമാണെന്ന് ആള്‍ട്ട് ന്യൂസ് കണ്ടെത്തി.

വനിതാ വോളി താരത്തെ താലിബാന്‍ കഴുത്തറുത്ത് കൊന്നു; മാധ്യമങ്ങളുടെ വ്യാജവാര്‍ത്ത പൊളിയുന്നു, തെളിവുകള്‍ പുറത്ത്
X

കാബൂള്‍: അഫ്ഗാനിസ്താന്‍ താലിബാന്‍ പിടിച്ചെടുത്തശേഷം മാധ്യമങ്ങളില്‍ അനേകം വ്യാജവാര്‍ത്തകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പല തെറ്റായ വാര്‍ത്തകളുടെയും സത്യാവസ്ഥ ആള്‍ട്ട് ന്യൂസ് പോലെയുള്ള മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരികയും ചെയ്തിട്ടുണ്ട്. അഫ്ഗാന്‍ വനിതാ വോളിബോള്‍ താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജവാര്‍ത്തയാണ് ഇപ്പോള്‍ ആള്‍ട്ട് ന്യൂസ് പൊളിച്ചടുക്കിയിരിക്കുന്നത്. വനിതാ കായിക താരങ്ങള്‍ക്കെതിരായ താലിബാന്‍ ക്രൂരതയ്ക്ക് അഫ്ഗാനിസ്താനില്‍ മറ്റൊരു ഇരകൂടിയെന്നായിരുന്നു വാര്‍ത്തകള്‍.

'അഫ്ഗാനിസ്താന്‍ ദേശീയ ജൂനിയര്‍ വോളിബോള്‍ ടീം അംഗമായിരുന്ന വനിതാ താരം മഹ്ജാബിന്‍ ഹക്കീമിനെ താലിബാന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. മഹ്ജാബീന്‍ ഹക്കീമി കൊല്ലപ്പെട്ട വിവരം അഫ്ഗാന്‍ വനിതാ ടീം പരിശീലകരില്‍ ഒരാള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സ്വന്തം പേരുവെളിപ്പെടുത്താതെയാണ് ഇദ്ദേഹം മഹ്ജാബീന്റെ മരണം സ്ഥിരീകരിച്ചത്. എപ്പോഴാണ് കൊലപാതകമുണ്ടായതെന്ന് താരത്തിന്റെ കുടുംബത്തിനു മാത്രമേ അറിയൂ. ഇതെക്കുറിച്ച് പുറത്തു പറയരുതെന്ന് താരത്തിന്റെ കുടുംബാംഗങ്ങളെ താലിബാന്‍ ഭീഷണിപ്പെടുത്തിയതിനാലാണ് വിവരം പുറത്തുവരാന്‍ വൈകിയത്'- ഇതായിരുന്നു മലയാളം അടക്കമുള്ള വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ ഉള്ളടക്കം.

അതേസമയം, താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്ന് തെളിവുകള്‍ സഹിതം ആള്‍ട്ട് ന്യൂസ് പുറത്തുവിട്ടു. ഒക്ടോബര്‍ 20നാണ് 'അഫ്ഗാന്‍ വനിതാ വോളിബോള്‍ താരത്തെ താബിബാന്‍ കഴുത്തറുത്ത് കൊന്നു' എന്ന തലക്കെട്ടില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.




എഎന്‍എസ്, ദി ടൈംസ് ഓഫ് ഇന്ത്യ, സീ ന്യൂസ്, ദി ട്രിബ്യൂണ്‍, ന്യൂസ് 18, എബിപി ലൈവ്, ഇന്ത്യ ടുഡെ, ഇന്ത്യാ ടൈംസ്, ഇന്‍ഷോര്‍ട്ട്‌സ്, ഇന്ത്യ ഡോട്ട് കോം, നോര്‍ത്ത് ഈസ്റ്റ് നൗ, ഡിഎന്‍എ, ബ്രിഡ്ജ്, ഏഷ്യാനെറ്റ് ന്യൂസ്, മലയാള മനോരമ, വണ്‍ ഇന്ത്യ കന്നഡ, തെലുങ്ക് വാര്‍ത്താ വെബ്‌സൈറ്റായ സാക്ഷി, തമിഴ് വാര്‍ത്താ വെബ്‌സൈറ്റ് ഡെയ്‌ലി തന്തി, ദി ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ മറാത്തി ഭാഷാ വാര്‍ത്താ വെബ്‌സൈറ്റ് ലോകസത്ത, ലോക്മാറ്റ്, ബംഗാളി വാര്‍ത്താ വെബ്‌സൈറ്റ് സാംഗ്ബാദ് പ്രതിദിന്‍, ഏറ്റവും പുതിയ ബംഗ്ലാ, കന്നഡ ഭാഷാ വാര്‍ത്താ പ്ലാറ്റ്‌ഫോമുകള്‍ ന്യൂസ് ബിടിവി, ഉദയ വാണി, പഞ്ചാബി ഭാഷാ വാര്‍ത്താ വെബ്‌സൈറ്റ് പുഞ്ച കേസരി, കനക് ന്യൂസ്, ഒഡിയ ഭാഷാ വെബ്‌സൈറ്റ് കനക് ന്യൂസ്, ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍, ബിജെപി അനുകൂല പ്രചാരണം നടത്തുന്ന OpIndia തുടങ്ങിയ മാധ്യമങ്ങളിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

വോളിബോൾ ടീമിന്റെ പരിശീലകന്‍ താരത്തെ താലിബാന്‍ കൊലപ്പെടുത്തിയെന്നും ഭീഷണി മൂലമാണ് കുടുംബം ഇത് മറച്ചുവച്ചതെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. പല പ്രമുഖരും വ്യാജവാര്‍ത്ത ഷെയര്‍ ചെയ്യുകയും ചെയ്തു. താലിബാന്‍ അധികാരത്തില്‍ വന്നശേഷം ഒക്ടോബറില്‍ നടക്കുന്ന മറ്റൊരു ക്രൂരതയെന്ന രീതിയിലായിരുന്നു വാര്‍ത്ത.



എന്നാല്‍, താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ചോദ്യംചെയ്ത് സോഷ്യല്‍ മീഡിയയല്‍ നിരവധി പേര്‍ രംഗത്തുവന്നതോടെയാണ് വ്യാജപ്രചാരണത്തിന്റെ ചുരുളഴിയുന്നത്.


അഫ്ഗാന്‍ നിയന്ത്രണം താലിബാന്‍ ഏറ്റെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ആഗസ്ത് ആറിനാണ് മഹ്ജാബിന്‍ മരണപ്പെടുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ അവര്‍ കുറച്ചു. ഹാക്കിമിയുടെ കുടുംബവുമായി സംസാരിച്ചതായും അവളുടെ മരണവാര്‍ത്ത 'തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അവര്‍ പറഞ്ഞതായും പത്രപ്രവര്‍ത്തക ദീപ പേരന്റ് വിശദീകരിച്ചു.


ടോളോ ന്യൂസ് മുന്‍ മേധാവി മിറാഖ പോപ്പല്‍, അഫ്ഗാന്‍ വനിതാ അവകാശ പ്രവര്‍ത്തക വാജ്മ ഫ്രോഗ്, എറ്റിലാട്രോസിലെ റിപോര്‍ട്ടര്‍ സാകി ദര്യാബി എന്നിവര്‍ മഹ്ജാബിന്റെ മരണം ആത്മഹത്യമൂലമാണെന്ന് അഭിപ്രായപ്പെട്ടു. വനിതാ വോളിബോള്‍ താരം മഹ്ജാബിന്‍ ഹക്കീം മരണപ്പെടുന്നത് ആഗസ്ത് ആറിനാണെന്ന് കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഉദ്ധരിച്ച് ആള്‍ട്ട് ന്യൂസ് റിപോര്‍ട്ട് ചെയ്തു. അതായത് അഫ്ഗാനില്‍ താലിബാന്‍ അധികാരമേല്‍ക്കുന്നതിന് 10 ദിവസം മുമ്പ്. ഇതിനായി അവരുടെ ട്വിറ്റര്‍ പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍, മഹ്ജാബിന്റെ മൃതദേഹത്തിന്റെ ചിത്രം, ശവകുടീരത്തിന്റെ ചിത്രം (തിയ്യതി സഹിതം) തെളിവായി നല്‍കിയിട്ടുണ്ട്. താരത്തിന് അനുശോചനം അറിയിച്ച് സുഹൃത്തുക്കളും ബന്ധുക്കളും ആഗസ്ത് 7, 9, 16 തിയ്യതികളിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് സ്‌ക്രീന്‍ ഷോട്ടുകളില്‍നിന്ന് വ്യക്തമാണ്.


താരത്തിന്റെ സഹോദരന്‍ സ്‌കന്ദര്‍ ഹാക്കിമി ഫേസ്ബുക്ക് പോസ്റ്റില്‍ അനുശോചനം രേഖപ്പെടുത്തിയതിന്റെ തിയ്യതിയടക്കം സ്‌ക്രീന്‍ഷോട്ടും പ്രധാന തെളിവാണ്. താരത്തിന്റെ കുടുംബം ആഗസ്ത് 22ന് തയ്യാറാക്കിയ അനുസ്മരണ ചടങ്ങിന്റെ ക്ഷണക്കത്തിന്റെ ചിത്രവും പുറത്തുവന്നു. കാര്‍ഡിലെ മഹ്ജാബിന്‍ ഫോട്ടോയും ബന്ധു പങ്കുവച്ച ചിത്രവും ഒന്നുതന്നെയാണ്. മഹ്ജാബിനെ തലയറുത്ത് കൊന്നതാണെന്ന വാര്‍ത്തയും പച്ചക്കള്ളമാണെന്ന് ആള്‍ട്ട് ന്യൂസ് കണ്ടെത്തി.


താരത്തിന്റെ പിതാവ് ഷെയര്‍ ചെയ്ത മൃതദേഹത്തിന്റെ ചിത്രത്തില്‍ തലയറുത്തിട്ടില്ലെന്ന് വ്യക്തമാണ്. ഭര്‍ത്താവിന്റെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയിലാണ് താരത്തെ കാണപ്പെടുന്നത്. 2020ലാണ് മജീദ് ഖാന്‍ എന്നയാളുമായി മഹ്ജാബിന്റെ വിവാഹം നടക്കുന്നത്. അതിനുശേഷം കാബൂളിലെ കൂട്ടുകുടുംബ സമ്പ്രദായപ്രകാരം താരം വരന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു.


ഇതിനിടയില്‍ ഭര്‍ത്താവിന്റെ വീട്ടുകാരും താരവുമായി ചില തര്‍ക്കങ്ങളും ഉടലെടുത്തിരുന്നതായും ബന്ധുവിനെ ഉദ്ധരിച്ച് റിപോര്‍ട്ട് പറയുന്നു. അന്വേഷണത്തില്‍ മഹ്ജാബിന്റെ മരണം ഒന്നുകില്‍ ആത്മഹത്യയോ അല്ലെങ്കില്‍ കുടുംബം ആരോപിക്കുന്നതുപോലെ ഭര്‍ത്താവിന്റെ കുടുംബത്തിന് പങ്കുണ്ടായിരിക്കാം. എങ്കിലും താരത്തിന്റെ മരണത്തിന് പിന്നില്‍ താലിബാനാണെന്ന പ്രചാരണം കുടുംബം തള്ളിക്കളയുകയാണ്. മരണത്തിന്റെ കാരണമോ സാഹചര്യങ്ങളോ പരിശോധിക്കാനാവില്ലെന്ന് ആള്‍ട്ട് ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.

Next Story

RELATED STORIES

Share it