Big stories

ഇറാനില്‍ സൈനിക കേന്ദ്രത്തിനു സമീപം വന്‍ സ്‌ഫോടനം

2000ത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ഇറാന്‍ സാങ്കേതിക വിദഗ്ധര്‍ ആണവായുധത്തിനായി സ്‌ഫോടകവസ്തുക്കള്‍ പരീക്ഷിച്ചുവെന്ന് ആരോപിക്കപ്പെടുന്ന വിശാലമായ സൈനിക താവളമാണ് പാര്‍ച്ചിന്‍

ഇറാനില്‍ സൈനിക കേന്ദ്രത്തിനു സമീപം വന്‍ സ്‌ഫോടനം
X

ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ സൈനിക കേന്ദ്രത്തിനു സമീപം ഉഗ്ര സ്‌ഫോടനം. കിഴക്കന്‍ ടെഹ്‌റാനില്‍ നേരത്തേ ആണവപരീക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട പാര്‍ച്ചിനിലെ സൈനിക താവളത്തിന് സമീപമാണ് വ്യാഴാഴ്ച രാത്രി 11:21നു(പ്രാദേശിക സമയം 18:51) സ്‌ഫോടനമുണ്ടായതെന്ന് ദി ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്തു. പ്രാദേശിക മാധ്യമങ്ങളും ഇക്കാര്യം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉഗ്ര സ്‌ഫോടനത്തെ തുടര്‍ന്നുള്ള അഗ്നിഗോളത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. നഗരത്തിന് മുകളിലൂടെ ആകാശത്തിന് കുറുകെ തീഗോളങ്ങള്‍ പരക്കുന്നതാണ് വീഡിയോയിലുള്ളത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ടെഹ്‌റാന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഹമീദ് റെസൗറ ഡര്‍സി പറഞ്ഞു. സൈനിക താവളത്തിനു സമീപത്തെ ഗ്യാസ് ഡിപ്പോയിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് അധികൃതരെ ഉദ്ധരിച്ച് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ആളപായമൊന്നുമില്ലെന്നാണു റിപോര്‍ട്ട്. അതേസമയം, ഫാര്‍സ് പ്രവിശ്യയിലെ ഷിറാസ് നഗരത്തില്‍ ഭാഗികമായി വൈദ്യുതി നിലച്ചിരിക്കുകയാണ്. 'ഷിറാസിലെ പ്രധാന വൈദ്യുതി നിലയങ്ങളിലൊന്നിലുണ്ടായ തീപിടിത്തത്തിന്റെ ഫലമായാണ് വൈദ്യുതി നിലച്ചതെന്ന് ഷിറാസ് ഇസ് ലാമിക് സിറ്റി കൗണ്‍സില്‍ വക്താവ് സെയ്ദ് നസേരി മെഹര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തീ നിയന്ത്രണവിധേയമായെന്നും വൈദ്യുതി പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും സ്‌ഫോടനമാണ് തീപിടിത്തത്തിന് കാരണമെന്നും ഷിറാസ് ഫയര്‍ മാര്‍ഷല്‍ മുഹമ്മദ് ഹാദി ഖാനി പറഞ്ഞു.

പാര്‍ച്ചിനു സമീപത്തെ സൈനിക താവളത്തിനടുത്തുള്ള ഗ്യാസ് സംഭരണ കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് ദാവൂദ് അബ്ദി സ്‌റ്റേറ്റ് ടിവിയോട് പറഞ്ഞു. 2000ത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ഇറാന്‍ സാങ്കേതിക വിദഗ്ധര്‍ ആണവായുധത്തിനായി സ്‌ഫോടകവസ്തുക്കള്‍ പരീക്ഷിച്ചുവെന്ന് ആരോപിക്കപ്പെടുന്ന വിശാലമായ സൈനിക താവളമാണ് പാര്‍ച്ചിന്‍. എന്നാല്‍ ഇക്കാര്യം ഇറാന്‍ നിഷേധിച്ചിരുന്നു. 2014ലും സൈനിക താവളത്തിനു സമീപം തീപിടിത്തമോ സ്‌ഫോടനമോ സംഭവിച്ചതായി സംശയിച്ചിരുന്നുവെങ്കിലും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അംഗങ്ങള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അന്വേഷണം തടസ്സപ്പെട്ടിരുന്നു.

Massive explosion reported east of Iran's capital




Next Story

RELATED STORIES

Share it