Sub Lead

മാസ്‌ക് ശരിയായി ധരിച്ചില്ല; മധ്യപ്രദേശില്‍ യുവാവിനെ നടുറോഡില്‍ തല്ലിച്ചതച്ച് പോലിസ്

പട്ടാപ്പകല്‍ ഇന്‍ഡോറിലെ ഒരു റോഡിന് മധ്യഭാഗത്ത് ആളുകളെല്ലാം നോക്കിനില്‍ക്കവെയായിരുന്നു പോലിസിന്റെ അതിക്രമം നടന്നത്. പോലിസുകാരുടെ അടിയേറ്റ് റോഡില്‍ വീണ ഇയാളെ പോലിസ് വീണ്ടും ക്രൂരമായി അടിക്കുകയും ചവിട്ടുകയും കുത്തുകയും ചെയ്യുന്നുണ്ട്. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴും പോലിസ് അടി തുടര്‍ന്നു.

മാസ്‌ക് ശരിയായി ധരിച്ചില്ല; മധ്യപ്രദേശില്‍ യുവാവിനെ നടുറോഡില്‍ തല്ലിച്ചതച്ച് പോലിസ്
X

ഭോപ്പാല്‍: മാസ്‌ക് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് യുവാവിനെ നടുറോഡില്‍ തല്ലിച്ചതച്ച് പോലിസ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് 35കാരനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ കൃഷ്ണകുമാറാണ് പോലിസിന്റെ ക്രൂരതയ്ക്കിരയായത്. കൊവിഡ് സുരക്ഷാനടപടികളുടെ ഭാഗമായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരുന്നു. ഇത് നടപ്പാക്കുന്നുവെതിന്റെ പേരുപറഞ്ഞാണ് പോലിസ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കിയത്.

പിതാവിനെ ആശുപത്രിയില്‍ കൊണ്ടുപോകവെയാണ് മാസ്‌ക് മൂക്കില്‍നിന്ന് അല്‍പം താഴ്ന്നുപോയത്. ഇത് ശ്രദ്ധയില്‍പ്പെട്ട രണ്ട് പോലിസുകാര്‍ കൃഷ്ണകുമാറിനെ പിടിക്കുകയും സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വിസമ്മതിച്ചതോടെ പോലിസുകാര്‍ കൃഷ്ണകുമാറിനെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. പട്ടാപ്പകല്‍ ഇന്‍ഡോറിലെ ഒരു റോഡിന് മധ്യഭാഗത്ത് ആളുകളെല്ലാം നോക്കിനില്‍ക്കവെയായിരുന്നു പോലിസിന്റെ അതിക്രമം നടന്നത്.

പോലിസുകാരുടെ അടിയേറ്റ് റോഡില്‍ വീണ ഇയാളെ പോലിസ് വീണ്ടും ക്രൂരമായി അടിക്കുകയും ചവിട്ടുകയും കുത്തുകയും ചെയ്യുന്നുണ്ട്. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴും പോലിസ് അടി തുടര്‍ന്നു. ഒപ്പമുണ്ടായിരുന്ന ഇളയ മകന്‍ സഹായത്തിനായി നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. കൂട്ടംകൂടിനില്‍ക്കുന്ന ആളുകള്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നുണ്ടെങ്കിലും ഒരാളും അദ്ദേഹത്തിന്റെ രക്ഷയ്‌ക്കെത്തിയില്ല. അവിടെയുണ്ടായിരുന്ന ഒരു കാഴ്ചക്കാരന്‍ മൊബൈലില്‍ ഇതിന്റെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്.

കൃഷ്ണകുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചത് കമല്‍ പ്രജാപത്, ധര്‍മേന്ദ്ര ജാട്ട് എന്നീ പോലിസുകാരാണെന്ന് തിരിച്ചറിഞ്ഞെങ്കിലും നടപടിയൊന്നുമെടുത്തിരുന്നില്ല. വീഡിയോ വ്യാപകമായി പ്രചരിച്ചതിനുശേഷം മാത്രമാണ് അവരെ സസ്‌പെന്റ് ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലിസുകാര്‍ മാസ്‌ക് ധരിക്കാത്തവരെ റോഡില്‍ കായികമായി നേരിടുന്ന നിരവധി റിപോര്‍ട്ടുകള്‍ കഴിഞ്ഞ ആഴ്ചകളില്‍ വന്നിട്ടുണ്ട്. വാട്‌സ് ആപ്പില്‍ പ്രചരിച്ച വീഡിയോകളില്‍നിന്ന് ഭക്ഷണം കഴിക്കാനോ കുടിക്കാനോ മാസ്‌ക് മാറ്റുമ്പോഴും പിഴ ചുമത്തുന്ന സംഭവങ്ങളുണ്ടായി.

Next Story

RELATED STORIES

Share it