Top

കാത്തിരിപ്പിനൊടുവില്‍ സൗദി ജയിലില്‍ നിന്നും മോചിതനായ മലയാളി നാടണഞ്ഞു

ഫെബ്രുവരി മാസത്തില്‍ മാപ്പ് ലഭിച്ചിട്ടും ചില രേഖകളുടെ സാങ്കേതിക തടസ്സങ്ങള്‍ കാരണം ജയില്‍ മോചിതനാകാന്‍ കഴിയാതെ യുവാവും കുടുംബവും നിരാശയില്‍ കഴിയുമ്പോള്‍ ഇവര്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ സമീപിച്ചു.

കാത്തിരിപ്പിനൊടുവില്‍ സൗദി ജയിലില്‍ നിന്നും മോചിതനായ മലയാളി നാടണഞ്ഞു

അബഹ: സാമ്പത്തിക കുറ്റകൃത്യത്തിന് ജയില്‍ശിക്ഷ അനുഭവിച്ചിരുന്ന മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് അന്‍ഷിന്‍ എന്ന യുവാവ് ജിദ്ദ തര്‍ഹീല്‍ വഴി നാടണഞ്ഞു. ഒന്നര വര്‍ഷം മുന്‍പ് കുടുംബത്തോടൊപ്പം അബഹയില്‍ നിന്ന് ജിദ്ദയിലേക്കുള്ള യാത്രാമധ്യേ ഹൈവേയില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പരിധിയില്‍ കവിഞ്ഞ പണം രേഖകളില്ലാതെ അന്‍ഷിന്റെ വാഹനത്തില്‍ നിന്നും കണ്ടെത്തിയിരുന്നു.

അതിനെ തുടര്‍ന്ന് കോടതി രണ്ടര വര്‍ഷം തടവിനും 50,000 സൗദി റിയാല്‍ (ഏകദേശം പത്ത് ലക്ഷം ഇന്ത്യന്‍ രൂപ) പിഴ അടക്കാനും പിന്നീട് നാടുകടത്താനും ഉള്ള ശിക്ഷ വിധിച്ചു. ഖമീസ് മുശൈത്ത് ജയിലില്‍ കഴിഞ്ഞിരുന്ന ഈ യുവാവിനു സൗദി രാജാവ് പ്രഖ്യാപിച്ച മാപ്പിന്റെ കാരുണ്യത്താല്‍ പിഴസംഖ്യ ഒഴിവാക്കുകയും ശിക്ഷാകാലാവധി കുറഞ്ഞു കിട്ടുകയും ആയിരുന്നു.

ഫെബ്രുവരി മാസത്തില്‍ മാപ്പ് ലഭിച്ചിട്ടും ചില രേഖകളുടെ സാങ്കേതിക തടസ്സങ്ങള്‍ കാരണം ജയില്‍ മോചിതനാകാന്‍ കഴിയാതെ യുവാവും കുടുംബവും നിരാശയില്‍ കഴിയുമ്പോള്‍ ഇവര്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ സമീപിച്ചു. തുടര്‍ന്നാണ് ജിദ്ദ കോണ്‍സുലേറ്റ് സാമൂഹ്യക്ഷേമ സമിതി അംഗവും അസീര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം എക്‌സിക്യൂട്ടീവ് അംഗവുമായ സഈദ് മൗലവി അരീക്കോട് വിഷയത്തില്‍ ഇടപെടുന്നത്.

ഖമീസ് മുശൈത്ത് ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ടിനെ സഈദ് മൗലവി കാണുകയും കുറഞ്ഞ സമയം കൊണ്ട് തന്നെ രേഖകള്‍ ശരിയാക്കി മുഹമ്മദ് അന്‍ഷിന്റെ ജയില്‍മോചനത്തിന് വഴിയൊരുക്കുകയും ചെയ്തു. കുടുംബത്തിന്റെ സഹായത്തോട് കൂടി സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ടിക്കറ്റ് എടുത്തു ജയില്‍ അധികൃതരെ ഏല്‍പ്പിച്ചു. മാര്‍ച്ച് ആദ്യ വാരത്തോടെ നാട്ടിലേക്ക് പോകുന്നതിനു വേണ്ടി ജിദ്ദ തര്‍ഹീലിലേക്ക് എത്തിപ്പെട്ട യുവാവിന് കൊവിഡ് ലോക്ക്ഡൗണ്‍ കാരണം വിമാനസര്‍വീസുകള്‍ റദ്ദാക്കിയപ്പോള്‍ നാട്ടിലേക്കുള്ള യാത്ര വീണ്ടും അനിശ്ചിതത്വത്തിലായി.

സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ കോണ്‍സിലേറ്റില്‍ നടത്തിയ ഇടപെടല്‍ മൂലം മെയ് ഇരുപത്തി ഒന്നാം തീയതി സൗദി ഗവണ്‍മെന്റ് പ്രത്യേകം ഏര്‍പ്പാടാക്കിയ സൗദി വിമാനത്തില്‍ ജിദ്ദയില്‍ നിന്നും 180 ഇന്ത്യക്കാരുമായി ഹൈദരാബാദിലേക്ക് പോയ വിമാനത്തില്‍ മുഹമ്മദ് അന്‍ഷിന് ഇന്ത്യയില്‍ എത്തിപ്പെടാന്‍ സാധിച്ചു.

ഹൈദരാബാദില്‍ എത്തിയ യുവാവിനെയും ഒപ്പം വന്നിട്ടുള്ള മുപ്പതോളം മറ്റു മലയാളികളെയും 14 ദിവസം ഇന്ത്യന്‍ ആര്‍മിയുടെ കീഴിലുള്ള ക്വാറന്റയിന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പെരുന്നാള്‍ തലേന്ന് ഹൈദരാബാദില്‍ ഇറങ്ങിയ മുഹമ്മദ് അന്‍ഷിനും നാട്ടിലെ കുടുംബവും സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ ഫോണില്‍ ബന്ധപ്പെട്ട് നന്ദി അറിയിച്ചു.

Next Story

RELATED STORIES

Share it