Sub Lead

ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ പതനത്തിന് കാരണമായത് ഈ കാരണങ്ങള്‍

ഷിന്‍ഡെയും മറ്റ് 40 എംഎല്‍എമാരും ആദ്യം ഗുജറാത്തിലെ സൂറത്തിലും പിന്നീട് ഗുവാഹത്തിയിലും ക്യാംപ് ചെയ്തതോടെയാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി പുറത്തറിയുന്നത്.

ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ പതനത്തിന്   കാരണമായത് ഈ കാരണങ്ങള്‍
X

മുംബൈ: സംസ്ഥാനത്ത് ഒരാഴ്ച നീണ്ടുനിന്ന രാഷ്ട്രീയ നാടകത്തിന് അറുതിവരുത്തി കാബിനറ്റ് മന്ത്രിയും വിമത ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ ഇന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദവി രാജിവച്ചതിനു പിന്നാലെയാണ് ബിജെപിക്കൊപ്പം കൈകോര്‍ത്ത് ഷിന്‍ഡെ മുഖ്യമന്ത്രി പദത്തിലേക്ക് ചുവട് വച്ചത്.

ഷിന്‍ഡെയും മറ്റ് 40 എംഎല്‍എമാരും ആദ്യം ഗുജറാത്തിലെ സൂറത്തിലും പിന്നീട് ഗുവാഹത്തിയിലും ക്യാംപ് ചെയ്തതോടെയാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി പുറത്തറിയുന്നത്.

കഴിഞ്ഞ ദിവസം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനോട് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ഉത്തരവിട്ടതിന് പിന്നാലെ, 16 വിമത എംഎല്‍എമാരെ അയോഗ്യരാക്കിയത് സംബന്ധിച്ച് ശിവസേന സുപ്രിം കോടതിയെ സമീപിച്ചു. എന്നാല്‍, സുപ്രിം കോടതി ഗവര്‍ണറുടെ ഉത്തരവ് ശരിവെക്കുകയും വിശ്വാസ വോട്ടെടുപ്പിന് വഴിയൊരുക്കുകയും ചെയ്തു. ഇതാണ് താക്കറെയുടെ രാജിയില്‍ കലാശിച്ചത്.

ഈ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍, ഉദ്ധവ് താക്കറെയുടെ പതനത്തിലേക്ക് നയിച്ച, ശിവസേനയിലെ പ്രതിസന്ധിക്ക് പിന്നിലെ പ്രധാന കാരണങ്ങള്‍ ഇവയാണ്.

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ്: ചേര്‍ന്ന് നിന്നിട്ടും ചേര്‍ച്ചയില്ലാത്ത സഖ്യം

2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നാണ് ശിവസേന മത്സരിച്ചത്. ഇരുപാര്‍ട്ടികളും ചേര്‍ന്ന് 161 സീറ്റുകള്‍ നേടി. 288 സീറ്റുകളുള്ള നിയമസഭയില്‍ മികച്ച ഭൂരിപക്ഷം. എന്നാല്‍ രണ്ടര വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം മാറ്റുമെന്ന വാഗ്ദാനത്തില്‍ നിന്ന് ബിജെപി പിന്നോട്ട് പോയെന്ന് പറഞ്ഞ് ശിവസേന സഖ്യത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതിനെത്തുടര്‍ന്ന് ഒരു മാസം നീണ്ട രാഷ്ട്രീയ നാടകം, ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) യുമായി സേന സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കലാശിച്ചു. ഈ 'അസാധ്യ' സഖ്യം ഏതാനും മാസങ്ങള്‍ക്കകം നിലംപൊത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിച്ചിരുന്നത്. എംവിഎ സര്‍ക്കാരിന്റെ രണ്ടര വര്‍ഷം നീണ്ട കാലയളവിലുടനീളം, സഖ്യത്തിനുള്ളില്‍ വിള്ളലുകള്‍ പതിവായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. താക്കറെയ്ക്കും ശിവസേനയ്ക്കും ബിജെപിയുമായി സഖ്യത്തില്‍ തുടരുന്നത് വളരെ എളുപ്പമായിരുന്നു. കാരണം, അതിന്റെ സ്വാഭാവികവും ദീര്‍ഘകാല പ്രത്യയശാസ്ത്ര സഖ്യകക്ഷിയുമായിരുന്നു. എന്നാല്‍, ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം പ്രത്യയശാസ്ത്രപരമായി വിരുദ്ധ ധ്രുവങ്ങളിലായിരുന്നു.

ഉദ്ധവ് താക്കറെ രാഷ്ട്രീയത്തിലെ 'നല്ല പയ്യന്‍'

ശിവസേനയുടെ പ്രത്യയശാസ്ത്രം മാറ്റി നിര്‍ത്തിയാല്‍ ഉദ്ധവ് താക്കറെ തീര്‍ച്ചയായും രാഷ്ട്രീയത്തിലെ നല്ല വ്യക്തിയാണെന്നാണ് പൊതുവെയുള്ള അനുമാനം.അദ്ദേഹം ശാന്തനാണ്, പ്രതിസന്ധികളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നു. അതിരു കടന്ന് ഒന്നിലും ക്രെഡിറ്റ് എടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. സഖ്യകക്ഷികളോടും മികച്ച രീതിയിലാണ് വര്‍ത്തിച്ചത്. ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍, പ്രത്യേകിച്ച് താക്കറെ കുടുംബത്തില്‍ നിന്ന് വരുന്ന ആള്‍ ശോഭയുള്ളവനായിരിക്കുമെന്നും, സുഹൃത്തുക്കള്‍ക്കും ശത്രുക്കള്‍ക്കും ഒരുപോലെ പ്രാപ്യനാകുമെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നുമാണ് അണികള്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍, തന്റെ മൂക്കിന് താഴെനിന്ന് 40 ഓളം എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ഏകനാഥ് ഷിന്‍ഡെയ്ക്ക് കഴിഞ്ഞത് അദ്ദേഹത്തിന്റെ പരാജയമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

എംഎല്‍എമാര്‍ കൂട്ടത്തോടെ വിമത ചേരിയിലേക്ക്

വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ ഉള്‍പ്പെടെ നിരവധി അസംതൃപ്തരായ എംഎല്‍എമാര്‍ കുറച്ചുകാലമായി അന്വേഷണ ഏജന്‍സികളുടെ റഡാറില്‍ ഉണ്ടായിരുന്നുവെന്നത് രഹസ്യമല്ല. ഏജന്‍സികളുമായുള്ള പൂച്ചയും എലിയും കളി അവസാനിപ്പിക്കുകയും തങ്ങള്‍ സുരക്ഷിതരായിരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പലരും വിമത പക്ഷത്തേക്ക് കൂറുമാറിയതെന്ന് പല സ്രോതസ്സുകളും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്.

ഇതാണ് മിക്ക വിമതരും എംവിഎ സഖ്യം ഉപേക്ഷിച്ച് ബിജെപിയുമായി കൈകോര്‍ക്കണമെന്ന ഷിന്‍ഡെയുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നതിലേക്ക് നയിച്ചത്.

ഹിന്ദുത്വ പൈതൃക യുദ്ധം


ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന ഘടകങ്ങളിലൊന്ന് മിക്ക വിഷയങ്ങളിലും അദ്ദേഹത്തിന്റെ മതേതര നിലപാടായിരുന്നു. നൂപുര്‍ ശര്‍മ്മയുടെ പ്രവാചകനെതിരായ സമീപകാല പരാമര്‍ശങ്ങളിലും ഹനുമാന്‍ ചാലിസ വിവാദത്തിലും വര്‍ഗീയ ഭാഷയുടെ പേരില്‍ അദ്ദേഹം ബിജെപിയെ നിരന്തരം എതിര്‍ത്തു.

ഉദ്ധവിന്റെ മതേതര പരാമര്‍ശങ്ങള്‍ക്കെതിരേ പലപ്പോഴും പാര്‍ട്ടിക്കകത്തുനിന്നു തന്നെ വിമര്‍ശനങ്ങളുണ്ടായി. അധികാരത്തിനുവേണ്ടി ശിവസേനയുടെയും ബാലാസാഹേബിന്റെയും ഹിന്ദുത്വ രാഷ്ട്രീയവും ഉപേക്ഷിച്ചുവെന്നാണ് സ്വന്തം എംഎല്‍എമാര്‍ തന്നെ പലപ്പോഴും കുറ്റപ്പെടുത്തിയത്.

Next Story

RELATED STORIES

Share it