Sub Lead

ചികില്‍സാ നിഷേധം; മഹാരാഷ്ട്രയില്‍ ഓക്‌സിജന്‍ സിലിണ്ടറുമായി മുനിസിപ്പാലിറ്റിക്ക് മുന്നില്‍ പ്രതിഷേധിച്ച കൊവിഡ് രോഗി മരിച്ചു

ചികില്‍സാ നിഷേധം; മഹാരാഷ്ട്രയില്‍ ഓക്‌സിജന്‍ സിലിണ്ടറുമായി മുനിസിപ്പാലിറ്റിക്ക് മുന്നില്‍ പ്രതിഷേധിച്ച കൊവിഡ് രോഗി മരിച്ചു
X

മുംബൈ: ആശുപത്രികളില്‍ ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്ന് മഹാരാഷ്ട്ര നാസിക്കിലെ മുനിസിപ്പല്‍ കോര്‍പറേഷന് മുന്നില്‍ ഓക്‌സിജന്‍ സിലിണ്ടറുമായി പ്രതിഷേധ ധര്‍ണ നടത്തിയ കൊവിഡ് രോഗി മരിച്ചു. വിവിധ ആശുപത്രികളില്‍ ചികില്‍സ നല്‍കാന്‍ തയ്യാറാവാതെ തിരിച്ചയച്ചെന്നാരോപിച്ചാണ് 38കാരനായ ബാബാസാഹേബ് കോലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ ആസ്ഥാനത്തിന് പുറത്ത് ഓക്‌സിജന്‍ മാസ്‌കും സിലിണ്ടറുമായി പ്രതിഷേധം രേഖപ്പെടുത്തിയത്. ബുധനാഴ്ച വൈകീട്ടത്തെ പ്രതിഷേധത്തിനുശേഷം അധികൃതര്‍ ഇടപെട്ട് മുനിസിപ്പല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാബാസാഹേബ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.

കൊവിഡ് രോഗിയായ യുവാവ് ഒരുമണിക്കൂറോളമാണ് കോര്‍പറേഷന് മുന്നില്‍ ധര്‍ണ നടത്തിയത്. തുടര്‍ന്ന് കോര്‍പറേഷനില്‍നിന്ന് ആംബുലന്‍സില്‍ അദ്ദേഹത്തെ മുനിസിപ്പല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അര്‍ധരാത്രിയോടെ അദ്ദേഹത്തിന്റെ ഓക്‌സിജന്റെ അളവ് 40 ശതമാനത്തോളമായി. സാധാരണ ഓക്‌സിജന്റെ അളവ് 95 ശതമാനമോ അതില്‍ കൂടുതലോ ആയിരിക്കും. പുലര്‍ച്ചെ ഒരുമണിയോടെ അദ്ദേഹം മരണപ്പെട്ടതായും കുടുംബം അറിയിച്ചു. മൂന്ന് ദിവസം മുമ്പാണ് അദ്ദേഹത്തെ ബൈറ്റ്‌കോ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഇവിടെ ചികില്‍സ നല്‍കാന്‍ തയ്യാറാവാത്തതിനാല്‍ അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് പോയി. അവിടെയും കൈയൊഴിഞ്ഞതോടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് പോയി. എന്നാല്‍, മെഡിക്കല്‍ കോളജില്‍ കിടക്കയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. ഞങ്ങള്‍ ധാരാളം ആശുപത്രികളില്‍ പോയി. ആരും അദ്ദേഹത്തെ പ്രവേശിപ്പിച്ചില്ല. ഞങ്ങള്‍ വീണ്ടും സിവില്‍ ആശുപത്രിയില്‍ കൊണ്ടുവന്നു. എന്നാല്‍, അദ്ദേഹത്തിന് ഓക്‌സിജന്‍ സിലിണ്ടര്‍ കണ്ടക്ട് ചെയ്തു. പക്ഷേ, ആരും ഞങ്ങളെ ശ്രദ്ധിച്ചില്ല- അദ്ദേഹത്തിന്റെ ഭാര്യ പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുനിസിപ്പല്‍ കെട്ടിടം പിക്കറ്റുചെയ്യാന്‍ ആരാണ് രോഗിയെ പ്രേരിപ്പിച്ചതെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പോലിസും കോര്‍പറേഷനും പറയുന്നു. മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ആശുപത്രികള്‍ അടക്കമുള്ളവയില്‍നിന്ന് കൊവിഡ് രോഗികള്‍ക്ക് അവഗണന നേരിട്ട സംഭവം പുറത്തുവരുന്നത്. രോഗപ്രതിരോധത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കിയിട്ടില്ല എന്നതിന് ഉദാഹരണമാണ് ഇത്തരം സംഭവങ്ങള്‍. സംസ്ഥാനത്ത് 40,000 പുതിയ വൈറസ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. പകര്‍ച്ചവ്യാധി തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഏകദിന രോഗബാധയാണിതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it