Sub Lead

അസമിലും ബുള്‍ഡോസര്‍ രാജ്; 'തീവ്രവാദ' ബന്ധമാരോപിച്ച് മദ്‌റസ തകര്‍ത്തു

അസമിലും ബുള്‍ഡോസര്‍ രാജ്; തീവ്രവാദ ബന്ധമാരോപിച്ച് മദ്‌റസ തകര്‍ത്തു
X

ദിസ്പൂര്‍: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന് പിന്നാലെ അസമിലും ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ ബുള്‍ഡോസര്‍ രാജ്. 'തീവ്രവാദ' പ്രവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് അസമിലെ മദ്‌റസ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. മദ്‌റസയിലെ ഹെഡ് മുഫ്തി മുസ്തഫയെ തീവ്രവാദ ബന്ധമാരോപിച്ച് പോലിസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മോറിഗാവ് ജില്ലയിലെ മൊയ്‌റാബാരിയിലെ ജമാഅത്തുല്‍ മദ്‌റസ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൊളിച്ചുനീക്കിയത്.

ബംഗ്ലാദേശ് സായുധസംഘടനയായ അന്‍സാര്‍ ഉല്‍ ഇസ്‌ലാമുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് മുസ്തഫ ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റുചെയ്തത്. ഇവര്‍ ഏറെ അപകടകാരിയാണെന്നും അത്യാധുനിക ആശയവിനിമയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചതെന്നുമാണ് പോലിസ് ആരോപിക്കുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന മദ്‌റസയാണ് പൊളിച്ചുനീക്കിയതെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ വാദം. യുഎപിയെ, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് എന്നിവ പ്രകാരമാണ് മദ്‌റസ പൊളിച്ചത്.

പ്രത്യേക സ്ഥലത്ത് മദ്‌റസ നിര്‍മിക്കാന്‍ പ്രാദേശിക പഞ്ചായത്തില്‍ നിന്നോ ജില്ലാ ഭരണകൂടത്തില്‍ നിന്നോ അനുമതി വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്‌റസയിലേക്കുള്ള വൈദ്യുതി ബന്ധം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനാല്‍ എല്ലാ നിയമ നടപടികളും പരിശോധിച്ച ശേഷമാണ് പൊളിക്കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഉത്തരവിട്ടത്. മുസ്തഫ അന്‍സാര്‍ ഉല്‍ ഇസ്‌ലാമിന്റെ പ്രധാന സാമ്പത്തിക സ്രേതസ്സാണ്. പലപ്പോഴും പണം തന്റെ അക്കൗണ്ടില്‍ അദ്ദേഹം നിക്ഷേപിക്കാറുണ്ട്.

അറസ്റ്റിലായ മുസ്തഫയ്ക്കും അഫ്‌സറുദ്ദീന്‍ ഭുയാനിനും അത്യാധുനിക ആശയവിനിമയ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്. തങ്ങള്‍ കേട്ടിട്ടില്ലാത്ത ആപ്പുകളാണ് അവര്‍ കൈകാര്യം ചെയ്തത്. പിന്നീട് അവര്‍ ആപ്പുകള്‍ നശിപ്പിച്ചു- മുഖ്യമന്ത്രി പറഞ്ഞു. അറസ്റ്റ് ചെയ്തതിന് പിന്നാലെ മുസ്തയുടെ ഭാര്യ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായും മുഖ്യമന്ത്രി ആരോപിച്ചു. മദര്‍ ബോര്‍ഡ് വീണ്ടെടുക്കാന്‍ പോലിസിന് കഴിഞ്ഞിട്ടുണ്ട്. ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ വിഷയം അന്വേഷിക്കുകയാണ്. മുസ്തഫ 43 വിദ്യാര്‍ഥികളുമായാണ് മദ്‌റസ ആരംഭിച്ചത്. അവരെയെല്ലാം അവരുടെ രക്ഷിതാക്കളുടെ സഹായത്തോടെ അടുത്തുള്ള 'റെഗുലര്‍' സ്‌കൂളുകളില്‍ പ്രവേശിപ്പിച്ചതായും ശര്‍മ പറഞ്ഞു.

അസം ജിഹാദി പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയെന്ന് ശര്‍മ പറഞ്ഞതിന് പിന്നാലെയാണ് മദ്‌റസയെ ലക്ഷ്യമിട്ടുള്ള വേട്ടയാടലുണ്ടായിരിക്കുന്നത്. അസമിന് പുറത്തുനിന്നുള്ള ഇമാമുകള്‍ മദ്‌റസകളില്‍ മുസ്‌ലിം യുവാക്കളെ പഠിപ്പിക്കുന്നത് ഭയാനകമാണെന്നാണ് വാര്‍ത്താസമ്മേളനത്തെ അഭിസംബോധന ചെയ്ത് ശര്‍മ പറഞ്ഞത്. ജിഹാദി പ്രവര്‍ത്തനം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിമതപ്രവര്‍ത്തനങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ്. ഇത് വര്‍ഷങ്ങളോളം പ്രബോധനത്തിലൂടെയാണ് ആരംഭിക്കുന്നത്- ശര്‍മ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it