Sub Lead

സുപ്രിംകോടതി ഇടപെട്ടു; ബിഎസ്പി എംഎല്‍എയുടെ ഭര്‍ത്താവ് കൊലക്കേസില്‍ അറസ്റ്റില്‍

ദാമോ ജില്ലയിലെ പത്താരിയ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ റാം ബായ് സിങ്ങിന്റെ ഭര്‍ത്താവ് ഗോവിന്ദ് സിങ്ങിനെയാണ് 2019ല്‍ നടന്ന കൊലക്കേസുമായി ബന്ധപ്പെട്ട് ബസ് സ്റ്റാന്‍ഡില്‍നിന്ന് പോലിസ് അറസ്റ്റുചെയ്തത്. 2019 മാര്‍ച്ചില്‍ ഹതാ പട്ടണമായ ദാമോയില്‍ കോണ്‍ഗ്രസ് നേതാവ് ദേവേന്ദ്ര ചൗരേഷ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.

സുപ്രിംകോടതി ഇടപെട്ടു; ബിഎസ്പി എംഎല്‍എയുടെ ഭര്‍ത്താവ് കൊലക്കേസില്‍ അറസ്റ്റില്‍
X

ഭോപാല്‍: മധ്യപ്രദേശില്‍ കൊലപാതകക്കേസില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) എംഎല്‍എയുടെ ഭര്‍ത്താവിനെ പോലിസ് അറസ്റ്റുചെയ്തു. ദാമോ ജില്ലയിലെ പത്താരിയ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ റാം ബായ് സിങ്ങിന്റെ ഭര്‍ത്താവ് ഗോവിന്ദ് സിങ്ങിനെയാണ് 2019ല്‍ നടന്ന കൊലക്കേസുമായി ബന്ധപ്പെട്ട് ബസ് സ്റ്റാന്‍ഡില്‍നിന്ന് പോലിസ് അറസ്റ്റുചെയ്തത്. 2019 മാര്‍ച്ചില്‍ ഹതാ പട്ടണമായ ദാമോയില്‍ കോണ്‍ഗ്രസ് നേതാവ് ദേവേന്ദ്ര ചൗരേഷ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. 2019 മാര്‍ച്ചില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷമാണ് ചൗരേഷ്യ കൊല്ലപ്പെടുന്നത്.

ഗോവിന്ദ് സിങ്ങിനെ അറസ്റ്റുചെയ്യുന്നതില്‍ മധ്യപ്രദേശ് പോലിസ് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സുപ്രിംകോടതി വിഷയത്തില്‍ ഇടപെടുകയായിരുന്നു. കേസ് ഗൗരവമായെടുത്ത സുപ്രിംകോടതി ഇയാളെ എത്രയും പെട്ടന്ന് അറസ്റ്റുചെയ്യാന്‍ മധ്യപ്രദേശ് പോലിസ് മേധാവിയോട് നിര്‍ദേശിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ ആറുമണിയോടെ ഗോവിന്ദ് സിങ്ങിനെ ഭീന്ദിലെ ബസ് സ്റ്റാന്‍ഡില്‍നിന്ന് അറസ്റ്റുചെയ്തതായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ വിപിന്‍ മഹേശ്വരി പറഞ്ഞു. കൃത്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തെ ദാമോയിലേക്ക് കൊണ്ടുപോവുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, ഞായറാഴ്ച രാവിലെ ഭീന്ദിലെ ബസ് സ്റ്റാന്‍ഡില്‍വച്ച് ഭര്‍ത്താവ് പോലിസിന് മുന്നില്‍ കീഴടങ്ങിയതായി എംഎല്‍എ രാംഭായ് സിങ് വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു. ഗോവിന്ദ് സിങ്ങിന്റെ രണ്ട് വീഡിയോകളും അവര്‍ പുറത്തുവിട്ടു. അതില്‍ ബിന്ദിലെ പോലിസിന് കീഴടങ്ങാന്‍ പോവുകയാണെന്ന് അദ്ദേഹം പറയുനന്നുണ്ട്. കേസില്‍ നിരപരാധിയാണെന്ന് അവകാശപ്പെടുകയും ഉന്നതതല അന്വേഷണം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. പിതാവിന്റെ കൊലപാതകത്തില്‍ ഗോവിന്ദ് സിങ്ങിന് പങ്കുണ്ടെന്നാരോപിച്ച് ചൗരേഷ്യയുടെ മകനാണ് രംഗത്തുവന്നത്.

കേസില്‍ 2019 മാര്‍ച്ച് 15ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും അറസ്റ്റുചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നടപടിയൊന്നുമെടുത്തിട്ടില്ലെന്ന് ഈ മാസം ആദ്യം മകന്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഗോവിന്ദ് സിങ് ഉള്‍പ്പെട്ട കേസുകളില്‍ വിചാരണ നടത്തുന്ന അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാനും സുപ്രിംകോടതി ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ, ഗോവിന്ദ് സിങ്ങിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലിസ് പ്രതിഫലം നല്‍കുമെന്ന് അറിയിച്ചിരുന്നു. ആദ്യം 30,000 രൂപ നല്‍കുമെന്ന് അറിയിച്ചുവെങ്കിലും പിന്നീട് തുക 50,000 രൂപയായി ഉയര്‍ത്തി.

Next Story

RELATED STORIES

Share it