Sub Lead

ലൗ ജിഹാദ് കേരളത്തിലുണ്ട്; പാര്‍ട്ടി പ്രമേയത്തില്‍ വ്യക്തമാക്കിയതാണ്: ജോര്‍ജ് എം തോമസ്

ലൗ ജിഹാദ് എന്ന പേര് ആര്‍എസ്എസ് ഉണ്ടാക്കിയതാണ്. അതില്‍ തര്‍ക്കമില്ല. എന്നാല്‍ അത് കണ്ണടച്ച് എതിര്‍ക്കുക അല്ലെങ്കില്‍ അങ്ങനെയൊരു പ്രതിഭാസമേ ഇല്ലെന്ന് പറയാന്‍ കഴിയാത്ത അനുഭവങ്ങള്‍ കേരളത്തില്‍ അറ്റയും തെറ്റയുമായിട്ടുണ്ട്.

ലൗ ജിഹാദ് കേരളത്തിലുണ്ട്; പാര്‍ട്ടി പ്രമേയത്തില്‍ വ്യക്തമാക്കിയതാണ്: ജോര്‍ജ് എം തോമസ്
X

കോഴിക്കോട്: ലൗ ജിഹാദ് എന്നത് കണ്ണടച്ച് എതിര്‍ക്കാനാവില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോര്‍ജ് എം തോമസ്. ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകള്‍ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ഥിനികളെ ലൗ ജിഹാദില്‍ കുടുക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഡിവൈഎഫ്‌ഐ നേതാവ് ഷെജിനും ജോയ്‌സ്‌നയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിലായിരുന്നു ജോര്‍ജ് എം തോമസിന്റെ പ്രതികരണം.

ഷെജിന്‍ ജോയ്‌സ്‌നയുമായി ഒളിച്ചോടിയ നടപടി ശരിയല്ലെന്ന് ജോര്‍ജ് എം തോമസ് വിമര്‍ശിച്ചു. ഇത്തരമൊരു പ്രണയമുണ്ടെങ്കില്‍ പാര്‍ട്ടിയോട് അറിയിക്കണമായിരുന്നു. അടുത്ത സഖാക്കളോടോ പാര്‍ട്ടി ഘടകത്തിലോ സംഘടനയിലോ ആരുമായും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ക്രൈസ്തവ സമുദായം വലിയ തോതില്‍ പാര്‍ട്ടിയുമായി അടുക്കുന്ന സമയമാണ്. ഈ ഘട്ടത്തില്‍ ഇത്തരമൊരു നീക്കം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ജോയ്‌സ്‌ന 15 ദിവസം മുമ്പാണ് വിദേശത്ത് നിന്ന് വന്നത്. 15 ദിവസം കൊണ്ട് ഇത്രയും ആഴത്തിലുള്ള പ്രണയം ഉണ്ടാകുമോയെന്ന് തനിക്ക് അറിയില്ല. ഷെജിനെതിരേ പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കും. വരും ദിവസങ്ങളില്‍ ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്നും ജോര്‍ജ് എം തോമസ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സാധാരണ പ്രണയ വിവാഹം മാത്രമാണിത്. എന്നാല്‍ കന്യാസ്ത്രീകള്‍ അടക്കം മുന്നൂറിലേറെ പേര്‍ പങ്കെടുത്ത പ്രതിഷേധം കോടഞ്ചേരി അങ്ങാടിയില്‍ നടന്നു. ഡിവൈഎഫ്‌ഐക്കാരന്‍ നേതാവ് ധൈര്യമുണ്ടെങ്കില്‍ പുറത്തുവാടാ എന്നൊക്കെയുള്ള മുദ്രാവാക്യമാണ് വിളിച്ചത്.

വിവാഹത്തിന് സിപിഎം മുന്‍കൈയെടുത്തു, പാര്‍ട്ടി അറിഞ്ഞാണ് വിവാഹം എന്നൊക്കെയാണ് പ്രചാരണം. ഷെജിന്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗമായതിനാല്‍ ഇത് പാര്‍ട്ടിയെ ആളുകള്‍ സംശയത്തോടെയാണ് നോക്കുക. ക്രിസ്ത്യന്‍ വിഭാഗം നല്ല നിലയില്‍ പാര്‍ട്ടിയേയും സര്‍ക്കാരിനെയും അംഗീകരിക്കുന്നു. ബിഷപ്പടക്കമുള്ളവര്‍ നിലപാടെടുത്ത് മുന്നോട്ട് വരുന്നു. ഈ ഘട്ടത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തെ ഞങ്ങള്‍ക്കെതിരാക്കേണ്ടത് യുഡിഎഫിന്റെയും വിശേഷിച്ച് കോണ്‍ഗ്രസിന്റെയും ആവശ്യമാണ്. ഇവരാണ് അജണ്ടയ്ക്ക് പിന്നിലുള്ളത്.

ജനത്തെ ബോധവത്കരിക്കേണ്ടത് സിപിഎമ്മിന്റെ അടിയന്തിര കടമയായതിനാലാണ് വിശദീകരണ യോഗം വെക്കാന്‍ തീരുമാനിച്ചത്. ലൗ ജിഹാദാണ് ഇതെന്നാണ് പ്രചാരണം. ലൗ ജിഹാദും പ്രണയ വിവാഹവും വേറെയാണ്. ഇതിനോട് രണ്ടിനോടുമുള്ള സിപിഎം നിലപാട് എന്താണ്, ഈ വിവാദത്തിന്റെ ആവശ്യം എന്താണ് എന്ന് വിശദീകരിക്കാനുള്ള യോഗമാണ് വിളിച്ചു ചേര്‍ത്തത്.

രണ്ട് സമുദായങ്ങളില്‍ തമ്മില്‍ കലാപമോ ശത്രുതയോ ഉണ്ടാക്കാന്‍ വഴിവെക്കാവുന്ന നടപടിയാണ് ഷെജിന്റേത്. അങ്ങിനെയൊരു പ്രണയ ബന്ധമുണ്ടെങ്കില്‍ പാര്‍ട്ടിയോട് ആലോചിച്ച് പാര്‍ട്ടി നേതാക്കളുമായി സംസാരിച്ച് വേണമായിരുന്നു മുന്നോട്ട് പോകാന്‍. ആരോടും ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടി ഘടകത്തില്‍ പോലും ചര്‍ച്ച ചെയ്തിട്ടില്ല. പാര്‍ട്ടിക്ക് വലിയ ഡാമേജ് ഉണ്ടായി. അങ്ങിനെ ഡാമേജ് ഉണ്ടാക്കിയ ആളെ താലോലിക്കാന്‍ കഴിയില്ല. നടപടി ആലോചിച്ചിട്ടില്ല. പക്ഷെ നടപടി വേണ്ടിവരും.

മതസൗഹാര്‍ദ്ദം തകരാന്‍ സിപിഎം ആഗ്രഹിക്കുന്നില്ല. ആത്മാര്‍ത്ഥമായ പ്രണയമാണോയെന്ന് മനസിലാക്കേണ്ടതുണ്ട്. ആ കുട്ടി 15 ദിവസം മുമ്പ്് വരെ ഗള്‍ഫില്‍ ജോലിയായിരുന്നു. ഇത്ര പെട്ടെന്നൊരു ഡീപ്പായ പ്രണയം രൂപപ്പെടുമോയെന്ന് എനക്കറിഞ്ഞുകൂട. ഞങ്ങളുടെ രേഖകളില്‍ പ്രൊഫഷണല്‍ കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഭ്യസ്ഥ വിദ്യരായ യുവതികള്‍ ലൗ ജിഹാദ് പോലുള്ള കാര്യങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നുവെന്ന് പറയുന്നുണ്ട്.

അങ്ങിനെയൊന്നുണ്ടെന്ന് പാര്‍ട്ടി ജേണലുകളിലും പ്രമേയങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതാണ്. ലൗ ജിഹാദ് നടക്കുന്നുണ്ട്, അപൂര്‍വമായിട്ട്. പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ എന്താ പറയാ, ലൗ ജിഹാദ് എന്നോ മറ്റോ പേര് പറഞ്ഞ് മതരഹിത വിവാഹത്തിലേക്കും ഇതര മത വിവാഹങ്ങളിലേക്കും പ്രേരിപ്പിക്കുന്നുണ്ട്.

ലൗ ജിഹാദ് എന്ന പേര് ആര്‍എസ്എസ് ഉണ്ടാക്കിയതാണ്. അതില്‍ തര്‍ക്കമില്ല. എന്നാല്‍ അത് കണ്ണടച്ച് എതിര്‍ക്കുക അല്ലെങ്കില്‍ അങ്ങനെയൊരു പ്രതിഭാസമേ ഇല്ലെന്ന് പറയാന്‍ കഴിയാത്ത അനുഭവങ്ങള്‍ കേരളത്തില്‍ അറ്റയും തെറ്റയുമായിട്ടുണ്ട്. തിരുവമ്പാടി ഭാഗത്ത് ഇല്ല. സിപിഎം രേഖകളില്‍ പറയുന്നത് പ്രൊഫഷണല്‍ കോളജുകളിലെ ഉന്നത വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികളെ ഇതിന് വേണ്ടി പ്രേരിപ്പിച്ച് തട്ടിക്കൊണ്ടുപോയി ഐസിസ് ട്രെയിനിങ് കൊടുക്കുന്ന അനുഭവങ്ങളെല്ലാം നമ്മുടെ കേരളത്തിലെല്ലാം പത്രത്തില്‍ വന്നതാണല്ലോ. അങ്ങിനെയൊരു വസ്തുതയുണ്ട്, അതിനെ കരുതണം. അങ്ങിനെയുള്ള പ്രശ്‌നങ്ങളില്‍ ആളുകള്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധ വേണം, ജാഗ്രത പുലര്‍ത്തണമെന്ന് സിപിഎം ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ള കാര്യമാണ്.

സിപിഎം ഇക്കാര്യം പരസ്യമായി പറഞ്ഞോ ഇല്ലേയെന്നത് എനിക്കറിയില്ല. പക്ഷെ ഇങ്ങിനെയൊരു വസ്തുതയുണ്ട്. ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐ പോലുള്ള സംഘനകളും ക്യാംപസ് ഫ്രണ്ട് പോലുള്ള സംഘനകളുമെല്ലാം ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് പത്രങ്ങളെല്ലാം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് നാളെ വിശദീകരിക്കണോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.

Next Story

RELATED STORIES

Share it