Sub Lead

സമ്പത്ത് പകുതിയായി കുറഞ്ഞു; സാന്‍ ഫ്രാന്‍സിസ്‌കോയിലെ വീട് വിറ്റ് സക്കര്‍ബര്‍ഗ്

സമ്പത്ത് പകുതിയായി കുറഞ്ഞു; സാന്‍ ഫ്രാന്‍സിസ്‌കോയിലെ വീട് വിറ്റ് സക്കര്‍ബര്‍ഗ്
X

സാന്‍ ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ വില്ല വിറ്റു. 2012ല്‍ 10 മില്യന്‍ ഡോളറിന് വാങ്ങിയ വീട് 31 മില്യന്‍ ഡോളറിനാണ് വിറ്റിരിക്കുന്നത് (ഏകദേശം 247 കോടി രൂപ). 1928ല്‍ നിര്‍മിച്ച 7,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് ഇരിക്കുന്നത് കാല്‍ ഏക്കറോളം സ്ഥലത്താണ്. വീടിന് നാല് കിടപ്പുമുറികളും നാല് കുളിമുറിയുമുണ്ട്. നഗരത്തിലെ ഈ വര്‍ഷത്തെ ഏറ്റവും ചെലവേറിയ വില്‍പ്പനയായാണിത്. സാന്‍ ഫ്രാന്‍സിസ്‌കോ ജനറല്‍ ഹോസ്പിറ്റല്‍, ട്രോമ സെന്റര്‍ എന്നിവയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ഈ വീട് 1928ല്‍ പണികഴിപ്പിച്ചതാണെന്നാണ് കരുതുന്നത്. വീട് വാങ്ങിയതിന് ശേഷം മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസില്ല ചാനും 2013 ല്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് വീട് പുതുക്കിപ്പണിതിരുന്നു.

അലക്കുമുറി, വൈന്‍ റൂം, വിപുലീകരിച്ച ഹരിതഗൃഹം എന്നീ പരിഷ്‌കാരങ്ങളാണ് വീടിന് വരുത്തിയത്. സക്കര്‍ബര്‍ഗിന്റെ ആസ്തി 2022ല്‍ പകുതിയായി കുറഞ്ഞതാണ് വീട് വില്‍ക്കാന്‍ കാരണമായതെന്നാണ് റിപോര്‍ട്ടുകള്‍. 2021 ജൂലൈയിലെ ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്ന സക്കര്‍ബര്‍ഗ് നിലവില്‍ 17ാം സ്ഥാനത്താണ്. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം ഇക്കാലയളവില്‍ 142 ബില്യന്‍ ഡോളറിന്റെ സമ്പത്തുണ്ടയിരുന്ന ഫേസ്ബുക്ക് സ്ഥാപകന്റെ ആസ്തി 61.9 ബില്യണ്‍ ഡോളറായി കുറഞ്ഞിരുന്നു. ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റാ ഷെയറുകളുടെ റെക്കോര്‍ഡ് ഇടിവാണ് സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ ഇത്രയുമധികം കുറവുണ്ടാക്കിയത്. സക്കര്‍ബര്‍ഗിന്റെ മറ്റൊരു വീടും വില്‍പ്പന നടത്താനൊരുങ്ങുകയാണെന്നും റിപോര്‍ട്ടുകളുണ്ട്.

Next Story

RELATED STORIES

Share it