Sub Lead

യുപിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ മൃതദേഹം സംസ്‌കരിക്കുന്നത് പ്രദേശവാസികള്‍ തടഞ്ഞു

പെണ്‍കുട്ടികളുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ പ്രാദേശിക ഭരണകൂടം മണ്ണുമാന്തി യന്ത്രവുമായെത്തിയപ്പോഴാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തിയത്. പരമ്പരാഗത ആചാരമനുസരിച്ച് പ്രായപൂര്‍ത്തിയാകാത്തവരെ മണ്ണില്‍ അടക്കം ചെയ്യാറില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായെത്തിയത്. കൂടാതെ, മൃതദേഹങ്ങള്‍ കുടുംബത്തിന് കൈമാറണമെന്നും ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു.

യുപിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ മൃതദേഹം സംസ്‌കരിക്കുന്നത് പ്രദേശവാസികള്‍ തടഞ്ഞു
X

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ദുരൂഹ സാഹചര്യത്തില്‍ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടികളുടെ മൃതദേഹം കുടുംബത്തിന് കൈമാറാതെ സംസ്‌കരിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധവുമായി പ്രദേശവാസികള്‍.

ഇരകളുടെ നാലു കുടുംബാംഗങ്ങളെ തടഞ്ഞുവച്ചതിനെതിരേയും ഗ്രാമവാസികള്‍ പ്രതിഷേധിച്ചു. മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അവര്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ പ്രാദേശിക ഭരണകൂടം മണ്ണുമാന്തി യന്ത്രവുമായെത്തിയപ്പോഴാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തിയത്. പരമ്പരാഗത ആചാരമനുസരിച്ച് പ്രായപൂര്‍ത്തിയാകാത്തവരെ മണ്ണില്‍ അടക്കം ചെയ്യാറില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായെത്തിയത്. കൂടാതെ, മൃതദേഹങ്ങള്‍ കുടുംബത്തിന് കൈമാറണമെന്നും ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു.

പ്രതിഷേധത്തെതുടര്‍ന്ന് മണ്ണു മാന്തി യന്ത്രം ഗ്രാമത്തിന് വെളിയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. അതേസമയം, ഒരു വനിതാ ഡോക്ടര്‍ ഉള്‍പ്പെടെ നാലംഗ ഡോക്ടര്‍മാരുടെ സംഘമാണ് പെണ്‍കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. ഡോ. അശുതോഷ് വൈഷ്ണവ്, ഡോ. സഞ്ജീവ് കുമാര്‍, ഡോ. കൗശലേന്ദ്ര കുമാര്‍, ഡോ. അര്‍ച്ചന എന്നിവരാണ് പാനലിലുള്ളത്. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പരിപൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തുമെന്നും അധികൃതര്‍ പറഞ്ഞു. ഉന്നാവ സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റും പോസ്റ്റ്‌മോര്‍ട്ടത്തിന് സാക്ഷ്യംവഹിക്കും.

അതിനിടെ, ദുരൂഹമരണത്തില്‍ അന്വേഷണം നടത്താന്‍ ആറ് സംഘത്തെ നിയോഗിച്ചു. സ്ഥലത്ത് പോലിസ് നായയെ ഉപയോഗിച്ചും തിരച്ചില്‍ നടത്തും. പ്രഥമദൃഷ്ടാ പെണ്‍കുട്ടികളുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയെന്നും സംഭവസ്ഥലത്ത് നുരയും പതയും ഉണ്ടായിരുന്നുവെന്നും ഉന്നാവ് എസ്പി ആനന്ദ് കുല്‍ക്കര്‍ണി പറഞ്ഞു.

കൈകള്‍ ബന്ധിച്ചിരുന്നില്ല എന്നാണ് ആശുപത്രിയില്‍ ഉള്ള പെണ്‍കുട്ടി അമ്മ വഴി നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നതെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരുടെയും മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളെ വിഷം കൊടുത്ത് കൊന്നതാകാമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഇന്നലെയാണ് ഗോതമ്പ് പാടത്ത് പതിനാറും പതിമൂന്നും വയസുള്ള പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പശുവിന് പുല്ല് അരിയാന്‍ ഉച്ചയോടെ പാടത്തേക്ക് പോയ മൂന്ന് പെണ്‍കുട്ടികള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

Next Story

RELATED STORIES

Share it