Sub Lead

ലൈഫ് കരട് പട്ടിക: ആദ്യഘട്ട അപ്പീല്‍ വെള്ളിയാഴ്ച വരെ; ഇതുവരെ ലഭിച്ചത് 11196 അപ്പീലുകള്‍

ജൂണ്‍ 10ന് പ്രസിദ്ധീകരിച്ച പട്ടികയില്‍ ജൂണ്‍ 14ന് ഉച്ചയ്ക്ക് 2 വരെ 11,196 അപ്പീലുകളാണ് ലഭിച്ചത്. ഭൂമിയുള്ള ഭവനരഹിതരുടെ 9,533 അപ്പീലുകളും ഭൂമിയില്ലാത്ത ഭവനരഹിതരുടെ 1663 അപ്പീലുകളുമാണ് ലഭിച്ചത്.

ലൈഫ് കരട് പട്ടിക: ആദ്യഘട്ട അപ്പീല്‍ വെള്ളിയാഴ്ച വരെ; ഇതുവരെ ലഭിച്ചത് 11196 അപ്പീലുകള്‍
X

തിരുവനന്തപുരം: ലൈഫ് കരട് ഗുണഭോക്തൃ പട്ടികയില്‍ ആക്ഷേപമുള്ളവര്‍ ജൂണ്‍ 17നുള്ളില്‍ ഓണ്‍ലൈനായി അറിയിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍. ജൂണ്‍ 10ന് പ്രസിദ്ധീകരിച്ച പട്ടികയില്‍ ജൂണ്‍ 14ന് ഉച്ചയ്ക്ക് 2 വരെ 11,196 അപ്പീലുകളാണ് ലഭിച്ചത്. ഭൂമിയുള്ള ഭവനരഹിതരുടെ 9,533 അപ്പീലുകളും ഭൂമിയില്ലാത്ത ഭവനരഹിതരുടെ 1663 അപ്പീലുകളുമാണ് ലഭിച്ചത്.

www.life2020.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്താണ് അപ്പീല്‍ നല്‍കേണ്ടത്. അര്‍ഹരായവര്‍ ഉള്‍പ്പെട്ടില്ലെങ്കിലോ, ശരിയായ മുന്‍ഗണന ലഭിച്ചില്ലെങ്കിലോ അപ്പീല്‍ നല്‍കാം. അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കാന്‍ ആക്ഷേപം അറിയിക്കാനും അവസരമുണ്ട്. അവരവരുടെ ലോഗിന്‍ വഴിയോ അപ്പീല്‍ കേന്ദ്രങ്ങളിലെ ഹെല്‍പ്പ് ഡസ്‌ക് വഴിയോ അപ്പീല്‍/ ആക്ഷേപം നല്‍കാമെന്നും മന്ത്രി അറിയിച്ചു.

പഞ്ചായത്തുകളിലെ അപേക്ഷകര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും, നഗരസഭകളിലേത് നഗരസഭാ സെക്രട്ടറിക്കുമാണ് ഓണ്‍ലൈനില്‍ അപ്പീല്‍ നല്‍കേണ്ടത്. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് അപ്പീലുകള്‍ മാറിവന്നിട്ടുണ്ടെങ്കില്‍, അവ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി കൈമാറണമെന്നും മന്ത്രി നിര്‍ദേശിച്ചു.

അര്‍ഹതാ മാനദണ്ഡങ്ങള്‍ ഉണ്ടായിട്ടും, അനര്‍ഹരുടെ പട്ടികയിലാണ് ഉള്‍പ്പെട്ടിട്ടുള്ളതെങ്കില്‍ ആവശ്യമായ രേഖകള്‍ സഹിതം ഒന്നാം അപ്പീല്‍ നല്‍കാം. മുന്‍ഗണനാക്രമം നിശ്ചയിച്ചിട്ടുള്ളത് ഒമ്പത് ക്ലേശ ഘടകങ്ങള്‍ പരിഗണിച്ചാണ്. ഗുണഭോക്താവിന്റെ ക്ലേശ ഘടകങ്ങള്‍ പരിഗണിച്ചിട്ടില്ല എന്ന് തോന്നുന്നുണ്ടെങ്കിലും രേഖകള്‍ സഹിതം അപ്പീല്‍ നല്‍കണം. ഒരേ മുന്‍ഗണന ഉള്ളവരെ പ്രായത്തിന്റെ ക്രമത്തിലാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലൈഫ് വീടുകള്‍ അനുവദിക്കുന്നത് മുന്‍ ഗണനാ ക്രമത്തിലാണ്.

നിലവില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മുന്‍ഗണനാ പട്ടികയില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാത്രമേ, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനും ഗ്രാമസഭകള്‍ക്കും മാറ്റം വരുത്താനാവൂ. അതിനാല്‍ മുന്‍ഗണനാ ക്രമത്തില്‍ അപാകത ഉണ്ടെങ്കില്‍ ഗുണഭോക്താക്കള്‍ അപ്പീല്‍ നല്‍കേണ്ടത് അനിവാര്യമാണ്. ഭൂരഹിതരായവര്‍ ഭൂമി ഉള്ളവരുടെ പട്ടികയിലേക്കോ തിരിച്ചോ മാറുന്നതിനും അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. വാര്‍ഡ്, തദ്ദേശ സ്വയം ഭരണ സ്ഥാപനം എന്നിവ മാറാനും അപ്പീല്‍ നല്‍കാം.

ഏറ്റവും അര്‍ഹരായവര്‍ക്ക് തന്നെ ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അപ്പീല്‍/ ആക്ഷേപം നല്‍കാനുള്ള അവസരം കൃത്യമായി വിനിയോഗിക്കണമെന്നും മന്ത്രി എം വി ഗോവിന്ദന്‍ നിര്‍ദേശിച്ചു. ആദ്യഘട്ട പരിശോധനയ്ക്ക് ശേഷമുള്ള പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. കലക്ടര്‍ അധ്യക്ഷനായ കമ്മിറ്റിക്ക് മുന്‍പില്‍ ജൂലൈ 8 വരെ രണ്ടാം ഘട്ടം അപ്പീല്‍ ഓണ്‍ലൈനില്‍ നല്‍കാനും അവസരമുണ്ടാകും. ആഗസ്റ്റ് 16നാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

Next Story

RELATED STORIES

Share it