Sub Lead

49 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം റെഡ് ഇന്ത്യന്‍ ആക്ടിവിസ്റ്റ് ലിയോനാര്‍ഡ് പെല്‍റ്റിയര്‍ പുറത്തിറങ്ങി

49 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം റെഡ് ഇന്ത്യന്‍ ആക്ടിവിസ്റ്റ് ലിയോനാര്‍ഡ് പെല്‍റ്റിയര്‍ പുറത്തിറങ്ങി
X

ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ റെഡ് ഇന്ത്യന്‍ ആക്ടിവിസ്റ്റായ ലിയോനാര്‍ഡ് പെല്‍റ്റിയര്‍ 49 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മോചിതനായി. 1975ല്‍ രണ്ട് ഫെഡറല്‍ പോലിസ് ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നുവെന്ന കേസില്‍ പരോളില്ലാത്ത ഇരട്ടജീവപര്യന്തം അനുഭവിക്കുകയായിരുന്നു. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ലിയോനാര്‍ഡ് മാധ്യമങ്ങളുമായി സംസാരിക്കാതെയാണ് മടങ്ങിയതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. 1975ല്‍ ലിയോനാര്‍ഡിന്റെ സുഹൃത്തായിരുന്ന 12 പേര്‍ അദ്ദേഹത്തെ സ്വീകരിക്കാനും എത്തി. ഇനി നോര്‍ത്ത് ഡക്കോത്തയിലെ റെഡ് ഇന്ത്യന്‍ ഗ്രാമത്തിലായിരിക്കും താമസിക്കുക. ലിയോനാര്‍ഡിനായി റെഡ് ഇന്ത്യന്‍ വംശജര്‍ വീട് തയ്യാറാക്കിയിട്ടുണ്ട്.

1944ല്‍ നോര്‍ത്ത് ഡക്കോട്ടയിലെ ടര്‍ട്ടില്‍ മലയില്‍ ജനിച്ച ലിയോനാര്‍ഡിനെ കുട്ടിക്കാലത്ത് തന്നെ യുഎസിലെ വെള്ളക്കാരുടെ നേതൃത്വത്തിലുള്ള ഫെഡറല്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നിന്നും പിടിച്ചുകൊണ്ടുപോയി. ടര്‍ട്ടില്‍ മലയില്‍ നിന്നും 240 കിലോമീറ്റര്‍ അകലെയുള്ള റെഡ് ഇന്ത്യന്‍ വംശജര്‍ക്കായുള്ള പ്രത്യേക ബോര്‍ഡിങ് സ്‌കൂളില്‍ ചേര്‍ക്കാനായിരുന്നു ഇത്. റെഡ് ഇന്ത്യന്‍ കുട്ടികളെ വെള്ളക്കാരുടെ സംസ്‌കാരം പഠിപ്പിക്കുക എന്ന പദ്ധതിയുടെ ഭാഗമായുള്ള ബോര്‍ഡിങ് സ്‌കൂളുകള്‍ അക്കാലത്ത് വ്യാപകമായിരുന്നു. എന്നാല്‍, പഠനത്തിന് ശേഷം റെഡ് ഇന്ത്യക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഇന്ത്യന്‍ മൂവ്‌മെന്റില്‍ ചേരുകയാണ് ലിയോനാര്‍ഡ് ചെയ്തത്. റെഡ് ഇന്ത്യന്‍ വിഭാഗങ്ങളുടെ ഭൂമി യുഎസ് ഫെഡറല്‍ സര്‍ക്കാര്‍ തട്ടിയെടുക്കുന്നതിനെതിരായ പ്രസ്ഥാനമായിരുന്നു ഇത്. പിന്നെ നിരന്തരമായ സമരങ്ങളുടെ കാലമായിരുന്നു.

1975ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അമേരിക്കന്‍ ഇന്ത്യന്‍ മൂവ്‌മെന്റിന്റെ പ്രവര്‍ത്തകരെ പിടിക്കാന്‍ എത്തിയ എഫ്ബിഐ ഉദ്യോഗസ്ഥരായ ജാക്ക് കോളറെയും റൊണാള്‍ഡ് വില്യംസിനെയും തൊട്ടടുത്തു നിന്ന് വെടിവെച്ചു കൊന്നു എന്ന കേസിലാണ് ലിയോനാര്‍ഡിനെ പ്രതിയാക്കിയത്.

പോലിസുകാര്‍ തങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് എത്തിയെന്നും വെടിവയ്പ്പുണ്ടായെന്നും ലിയോനാര്‍ഡ് സമ്മതിച്ചു. പ്രതിരോധത്തിന്റെ ഭാഗമായാണ് വെടിവച്ചത്. എന്നാല്‍, താന്‍ വളരെ അകലെ നിന്നാണ് വെടിവച്ചതെന്നും തൊട്ടടുത്ത് നിന്ന് വെടിവച്ചത് മറ്റാരെങ്കിലുമാവുമെന്നും ലിയാനോര്‍ഡ് വാദിച്ചു. എന്നാല്‍, അമേരിക്കന്‍ ഇന്ത്യന്‍ മൂവ്‌മെന്റിന്റെ ഭാഗമായ ഡാര്‍ലിന്‍ എന്ന സ്ത്രീ ലിയോനാര്‍ഡിന് എതിരെ മൊഴി നല്‍കി. ഇതോടെയാണ് ശിക്ഷിച്ചത്. കൂട്ടുപ്രതികളായ റോബര്‍ട്ട് റോബിഡ്യൂ, ദിനോ ബട്ട്‌ലര്‍ എന്നിവരെ വെറുതെ വിടുകയും ചെയ്തു.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഡാര്‍ലിന്‍ മൊഴി പിന്‍വലിച്ചു. താന്‍ എഫ്ബിഐക്കു വേണ്ടി ചാരപ്പണി നടത്തുകയായിരുന്നുവെന്നും അവരുടെ നിര്‍ദേശപ്രകാരമാണ് മൊഴി നല്‍കിയതെന്നുമാണ് പറഞ്ഞത്. അപ്പോഴേക്കും കേസിലെ നടപടികള്‍ എല്ലാം അവസാനിച്ചിരുന്നു. കേസില്‍ പുനര്‍വിചാരണ വേണമെന്ന ആവശ്യം കോടതികള്‍ തള്ളുകയും ചെയ്തു. ലിയോനാര്‍ഡിന് മാപ്പു നല്‍കില്ലെന്ന് യുഎസ് പ്രസിഡന്റായ ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. 2024 ജൂലൈയില്‍ പരോള്‍ അപേക്ഷയും തള്ളി. എന്നാല്‍, കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കിയപ്പോളഴാണ് അതില്‍ ഉള്‍പ്പെട്ടത്.

Next Story

RELATED STORIES

Share it