Sub Lead

മതസംഘടനകളില്‍ ഇടപെട്ട് പ്രശ്‌നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ് വിട്ടു നില്‍ക്കണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

പ്രതികൂല സാഹചര്യത്തിലും എസ്ഡിപിഐ വലിയ രാഷ്ട്രീയ വളര്‍ച്ചയാണ് രാജ്യത്തുടനീളം നടത്തിക്കൊണ്ടിരിക്കുന്നത്.

മതസംഘടനകളില്‍ ഇടപെട്ട് പ്രശ്‌നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ് വിട്ടു നില്‍ക്കണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
X

മലപ്പുറം: മതസംഘടനകളില്‍ രാഷ്ട്രീയ താല്‍പ്പര്യത്തോടെ ഇടപെട്ട് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് മുസ്ലിം ലീഗ് വിട്ടുനില്‍ക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസംഘടനകളിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ മധ്യസ്ഥന്റെ റോളിലെത്തി സങ്കുചിത രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ലീഗ് ശ്രമിക്കുന്നത്. അടുത്ത കാലത്ത് സമസ്തയിലെ ആഭ്യന്തര തര്‍ക്കങ്ങളില്‍ ലീഗ് സ്വീകരിക്കുന്ന സമീപനം ഏറ്റവും പുതിയ ഉദാഹരണമാണ്. മതസംഘടനകളില്‍ ലീഗിന്റെ ഇടപെടല്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് വരെ ഇടയാക്കിയിട്ടുണ്ട്. ഇത് സമുദായത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. 1989 ല്‍ സമസ്തയുടെ പിളര്‍പ്പിന് ആക്കം കൂട്ടിയ മുസ്ലിം ലീഗിന്റെ സമീപനം കേരളത്തിലെ ആയിരക്കണക്കിന് മഹല്ലുകളില്‍ സംഘര്‍ഷത്തിന് കാരണമായി. സമാനമായ സാഹചര്യമാണ് മുസ്ലിം ലീഗിന്റെ ഇടപെടല്‍ കൊണ്ട് മലബാറിന്റെ പലഭാഗത്തും സിഐസി- സമസ്ത തര്‍ക്കത്തിന്റെ പേരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഈ ഉത്തരവാദിത്വത്തില്‍ നിന്ന് മുസ്ലിം ലീഗിന് മാറി നില്‍ക്കാന്‍ കഴിയില്ല.

ലീഗ് നേതൃത്വം എന്തു പറഞ്ഞാലും ആരും എതിര്‍ത്തു പറയില്ലെന്ന ധാരണമൂലം അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പാര്‍ട്ടിക്കെതിരേ പോലും ഉന്നയിക്കുന്നത്. ഇക്കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മല്‍സരിച്ചതിനെതിരേ പാര്‍ട്ടിക്കുള്ളിലും പുറത്തും വലിയ വിമര്‍ശനമാണ് ലീഗ് ഉന്നയിക്കുന്നത്. പാര്‍ട്ടി സ്ഥാനാര്‍ഥി മല്‍സരിച്ചതുമൂലം ഒരു മണ്ഡലത്തിലും ബിജെപി വിജയിച്ചിട്ടില്ല. ജാര്‍ഖണ്ഡിലും ഡെല്‍ഹിയിലും ഉള്‍പ്പെടെ കോണ്‍ഗ്രസിനെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്തി മല്‍സരിച്ച മുസ്ലിം ലീഗ് കര്‍ണാടകയില്‍ എസ്ഡിപിഐ മല്‍സരിച്ചതിനെതിരേ ഉയര്‍ത്തുന്ന ആക്ഷേപം അപഹാസ്യമാണ്.

പ്രതികൂല സാഹചര്യത്തിലും എസ്ഡിപിഐ വലിയ രാഷ്ട്രീയ വളര്‍ച്ചയാണ് രാജ്യത്തുടനീളം നടത്തിക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടി ഉയര്‍ത്തുന്ന മുദ്രാവാക്യത്തിന് വര്‍ധിച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കേരളത്തില്‍ സമീപകാലത്ത് തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ചിലയിടങ്ങളില്‍ പാര്‍ട്ടി വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. കണ്ണൂര്‍ ജില്ലയിലും കോട്ടയം ജില്ലയിലും ഓരോ വാര്‍ഡില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തി. കേവലം 28 വോട്ടിനാണ് പാറത്തോട് പഞ്ചായത്തില്‍ പരാജയപ്പെട്ടത്. പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ അസ്വസ്ഥത പൂണ്ട് ലീഗ് നടത്തുന്ന വ്യാജ പ്രചാരണം രാഷ്ട്രീയ അധാര്‍മികതയാണെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അഷ്‌റഫ് സംബന്ധിച്ചു.




Next Story

RELATED STORIES

Share it