Sub Lead

സിപിഎം നേതാക്കളെ പങ്കെടുപ്പിച്ച് ലീഗ് നേതാക്കളുടെ സെമിനാര്‍; കണ്ണൂര്‍ മുസ് ലിം ലീഗില്‍ പുതിയ വിവാദം

മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി കെ പി താഹിര്‍ ചെയര്‍മാനും ജോയിന്റ് സെക്രട്ടറി എം പി എ റഹീം കണ്‍വീനറുമായ മുസ് ലിം സാംസ്‌കാരിക വേദി നടത്തിയ സ്വാതന്ത്ര്യദിന സെമിനാറിലാണ് സിപിഎം നേതാക്കളെ പങ്കെടുപ്പിച്ചത്.

സിപിഎം നേതാക്കളെ പങ്കെടുപ്പിച്ച് ലീഗ് നേതാക്കളുടെ സെമിനാര്‍; കണ്ണൂര്‍ മുസ് ലിം ലീഗില്‍ പുതിയ വിവാദം
X

ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: എല്‍ഡിഎഫ് ചെയര്‍മാന്‍ ഇ പി ജയരാജന്‍ മുസ് ലിം ലീഗിനെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തതിനു പിന്നാലെ കണ്ണൂരില്‍ സിപിഎം നേതാക്കളെ പങ്കെടുപ്പിച്ച് മുസ് ലിം ലീഗ് നേതാക്കളുടെ സെമിനാര്‍. മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി കെ പി താഹിര്‍ ചെയര്‍മാനും ജോയിന്റ് സെക്രട്ടറി എം പി എ റഹീം കണ്‍വീനറുമായ മുസ് ലിം സാംസ്‌കാരിക വേദി നടത്തിയ സ്വാതന്ത്ര്യദിന സെമിനാറിലാണ് സിപിഎം നേതാക്കളെ പങ്കെടുപ്പിച്ചത്. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്തത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനാണ് മുഖ്യപ്രഭാഷകന്‍. മുസ് ലിം ലീഗ് സംസ്ഥാനവ്യാപകമായി നടത്തിയ സ്വാതന്ത്ര്യദിന പരിപാടിയുടെ ഭാഗമായി കണ്ണൂരിലും സ്മൃതിയാത്രകളും മറ്റും നടത്തിയിരുന്നു. ഇതില്‍ പങ്കെടുക്കാതെയാണ് ലീഗ് നേതാക്കള്‍ സിപിഎം നേതാക്കള്‍ക്ക് പരവതാനി വിരിച്ചത് എന്നതും ലീഗ് സിപിഎമ്മുമായി അടുക്കുന്നുവെന്ന് അഭ്യൂഹങ്ങള്‍ വര്‍ധിപ്പിക്കുകയാണ്. അരിയില്‍ ഷുക്കൂര്‍ ഉള്‍പ്പെടെയുള്ള യൂത്ത് ലീഗ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സിപിഎമ്മുമായി ലീഗിലെ ചില നേതാക്കള്‍ അടുക്കുന്നത് പാര്‍ട്ടിയില്‍ വന്‍ വിവാദത്തിനാണ് വഴിതെളിയിച്ചിട്ടുള്ളത്.


വഖ്ഫ് ബോര്‍ഡ് അംഗവും ജില്ലയിലെ പ്രമുഖ നേതാവുമായ അഡ്വ. പി.വി. സൈനുദ്ധീന്‍, മുസ് ലിം ലീഗ് കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ഫാറൂഖ് വട്ടപ്പൊയില്‍, ഖജാഞ്ചി പി സി അഹമ്മദ് കുട്ടി തുടങ്ങിയവരെല്ലാം വേദിയിലുണ്ടായിരുന്നു. ഈയിടെ മുസ് ലിം ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന അഡ്വ. കെ മുഹമ്മദലിയും താഹിറും ഉള്‍പ്പെടെയുള്ളവരാണ് മന്ത്രി മുഹമ്മദ് റിയാസിനെയും എം വി ജയരാജനെയും മറ്റും സ്വീകരിക്കാനും പരിപാടിക്ക് നേതൃത്വം നല്‍കാനും മുന്‍പന്തിയിലുണ്ടായിരുന്നത്.

അബ്ദുല്‍ കരീം ചേലേരി

അബ്ദുല്‍ കരീം ചേലേരി

ന്യൂനപക്ഷ സമുദായങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സിപിഎം വിവിധ മുസ് ലിം പേരുകളില്‍ സംഘടനകള്‍ രൂപീകരിച്ച് സെമിനാറുകളും മറ്റും സംഘടിപ്പിക്കാറുണ്ട്. നേരത്തേ, കണ്ണൂരില്‍ തന്നെ ന്യൂനപക്ഷ സമ്മേളനം നടത്തി നിസ്‌കാരപ്പായ വിരിക്കുകയും സാംസ്‌കാരിക സമ്മേളനം നടത്തുകയും ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു. ലീഗ് ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരേ രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ മുസ് ലിം ലീഗ് നേതാക്കള്‍ നടത്തിയ സെമിനാറിലാണ് സിപിഎം നേതാക്കളെ പങ്കെടുപ്പിച്ചത് എന്നത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. മുസ് ലി ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി സെമിനാറില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. എന്നാല്‍, മുസ് ലിം സാംസ്‌കാരിക വേദിക്ക് മുസ് ലിം ലീഗുമായി ബന്ധമില്ലെന്നും പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സംഘാടകരെ അറിയിച്ചിരുന്നതായും മുസ് ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി തേജസ് ഓണ്‍ലൈനിനോട് പറഞ്ഞു.

അബ്ദുല്ലക്കുട്ടിക്ക് നല്‍കിയ ഇഫ്താര്‍ വിരുന്ന്‌

അബ്ദുല്ലക്കുട്ടിക്ക് നല്‍കിയ ഇഫ്താര്‍ വിരുന്ന്‌


അതേസമയം, ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിയെ നിയമിച്ചപ്പോള്‍ കണ്ണൂരിലെ കെഎംസിസി ഭാരവാഹിയുടെ വീട്ടില്‍ ഇഫ്താര്‍ വിരുന്നൊരുക്കുകയും പുടവ അണിയിക്കുകയും ചെയ്തിരുന്നു. ഇതിലും ലീഗ് ജില്ലാ സെക്രട്ടറി കെ പി താഹിര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. ഇത് വിവാദമായതോടെ സംസ്ഥാനകമ്മിറ്റി ഇടപെട്ട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നടപടിയെടുത്തിരുന്നില്ല. നേരത്തേ, പുറത്തീല്‍ പള്ളി വഖ്ഫ് ഫണ്ട് തിരിമറിയില്‍ താഹിറിനെതിരേ അന്നത്തെ യൂത്ത് ലീഗ് നേതാവ് മൂസാന്‍കുട്ടി നടുവില്‍ പാര്‍ട്ടിയില്‍ ചോദ്യംചെയ്തിരുന്നു. പള്ളി ഫണ്ട് തിരിമറിയില്‍ ജയിലില്‍ കിടന്നിരുന്ന താഹിറിനെതിരേ നടപടിയെടുക്കുന്നതിനു പകരം ചോദ്യം ചെയ്ത മൂസാന്‍കുട്ടിയെ പുറത്താക്കുകയായിരുന്നു ലീഗ് ജില്ലാ നേതൃത്വം ചെയ്തത്. മൂസാന്‍ കുട്ടിയാവട്ടെ ലീഗിന്റെ ശക്തികേന്ദ്രമായ നടുവില്‍ നിന്ന് സിപിഎമ്മിലേക്ക് ചേക്കേറുകയും ചെയ്തു.

എം പി എ റഹീം

എം പി എ റഹീം

സെമിനാറിന് കാര്‍മികത്വം വഹിച്ച ജില്ലാ ജോയിന്റ് സെക്രട്ടറിയായ എം പി എ റഹീം മുമ്പ് എംഎസ്എഫിന്റെ സംസ്ഥാനതല നേതാവായിരുന്നു. യൂത്ത്‌ലീഗ്, മുസ് ലിം ലീഗ് നേതൃപദവിയിലിരുന്ന ഇദ്ദേഹത്തെ സംഘടനാ വിരുദ്ധ നടപടിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്താക്കിയിരുന്നു. വര്‍ഷങ്ങളോളം രാഷ്ട്രീയത്തില്‍ സജീവമല്ലാതിരുന്ന ഇദ്ദേഹം സിപിഎം ശക്തികേന്ദ്രമായ മയ്യിലില്‍ സ്വകാര്യ കോളജ് തുടങ്ങി അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു. കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് വീണ്ടും തിരിച്ചെത്തി ജില്ലാ നേതൃത്വത്തിലെത്തിയത്. ഇരുവരും സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്ന നേതാക്കളാണ്.

വി കെ അബ്ദുല്‍ഖാദര്‍ മൗലവി

വി കെ അബ്ദുല്‍ഖാദര്‍ മൗലവി

വി കെ അബ്ദുല്‍ഖാദര്‍ മൗലവിക്കു ശേഷം കണ്ണൂരില്‍ മുസ് ലിം ലീഗിന് ശക്തമായ നേതൃത്വം ഇല്ലാത്തത് തിരിച്ചടിയാവുന്നുണ്ട്. കെ എം ഷാജി അഴീക്കോട് മണ്ഡലം എംഎല്‍എയായ ശേഷം ജില്ലയില്‍ തന്നെ സജീവമായപ്പോള്‍ വീണ്ടും ശക്തി പ്രാപിച്ചിരുന്നു. എന്നാല്‍ ഷാജി പരാജയപ്പെടുകയും വിജിലന്‍സ് കേസ് ഉള്‍പ്പെടെയുള്ളവ വരികയും ചെയ്തതോടെ ജില്ലയില്‍ നിന്ന് പിന്‍മാറി.




ഷാജിയെ മൂന്നാമതും അഴീക്കോട് നിര്‍ത്തി തോല്‍പ്പിക്കാന്‍ നേതൃത്‌വത്തിലുള്ള ചിലര്‍ ശ്രമിച്ചതായി അന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മാത്രമല്ല, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നിന്ന് 50 ലക്ഷത്തോളം രൂപ വിജിലന്‍സ് കണ്ടെടുത്തതും പാര്‍ട്ടിയിലെ ഒറ്റിക്കൊടുക്കലിന്റെ ഫലമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ നേതൃദാരിദ്ര്യം അനുഭവപ്പെടുന്നതിനിടെയാണ് സിപിഎമ്മുമായി ചില നേതാക്കള്‍ പരസ്യമായി കൈകോര്‍ക്കുന്നത്. പാര്‍ട്ടി അണികള്‍ക്കിടയില്‍ ശക്തമായ വികാരമാണ് നേതാക്കള്‍ക്കെതിരേയുള്ളത്. വിമത പ്രവര്‍ത്തനത്തിനു സമാനമായ രീതിയിലാണ് ഇതിനെ കാണുന്നത്. ചില നേതാക്കളും പ്രവര്‍ത്തകരും മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയതായും റിപോര്‍ട്ടുണ്ട്.

Next Story

RELATED STORIES

Share it