Sub Lead

കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്
X

തിരുവനന്തപുരം: തൃശൂര്‍ കേരളവര്‍മ കോളജിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൂട്ടുനിന്നെന്ന് ആരോപിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വസതിയിലേക്ക് നടത്തിയ കെഎസ് യു മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് കെഎസ്‌യു. വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും നടത്തും. തിരുവനന്തപുരം ഡിസിസി ഓഫിസില്‍ നിന്ന് ബേക്കറി ജങ്ഷന്‍ വഴിയാണ് മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ കേരളീയം പരിപാടിയുടെ ഫഌ്‌സ് ബോര്‍ഡുകള്‍ തകര്‍ക്കുകയും പിപി ചിത്തിരഞ്ജന്‍ എംഎല്‍എയുടെ വാഹനം തടയുകയും ചെയ്തു. മന്ത്രിയുടെ വീടിന് നൂറ് മീറ്റര്‍ അകലെ പോലിസ് ബാരിക്കേഡ് തീര്‍ത്ത് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. തുടര്‍ന്ന് പോലിസ് മൂന്നുതവണ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാന്‍ തയ്യാറാവാതിരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം തുടര്‍ന്നു. വീണ്ടും പ്രവര്‍ത്തകര്‍ അകത്തേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ലാത്തിയടിയേറ്റ് ഒരു പ്രവര്‍ത്തകയുടെ മൂക്ക് പൊട്ടി രക്തമൊഴുകി. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ആംബുലന്‍സ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ കെഎസ്‌യു പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് മോചിപ്പിച്ചതായും ആക്ഷേപമുണ്ട്.

അതിനിടെ, കെഎസ്‌യു നേതാക്കളെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ പോലിസുകാര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. പ്രതിഷേധിക്കുന്ന കുട്ടികളെ അടിച്ചമര്‍ത്തി സമാധാനത്തോടെ ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. വനിതാപ്രവര്‍ത്തകയുടെ മൂക്ക് അടിച്ചു തകര്‍ത്ത പോലിസുകാരനെതിരെ നടപടി വേണം. പോലിസ് നടപടിയെ അതേ നാണയത്തില്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it