Sub Lead

കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ നിർമാണം നടന്നത് ടി പി സെൻകുമാർ കെടിഡിഎഫ്സി എംഡി ആയിരിക്കെ

ടെർമിനൽ നിർമാണത്തിലെ അപാകതയെകുറിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2009ലാണ്‌ മാവൂർ റോഡിലെ കെഎസ്‌ആർടിസി സ്‌റ്റാൻഡ്‌ പൊളിച്ച്‌ ടെർമിനൽ നിർമാണം ആരംഭിക്കുന്നത്‌.

കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ നിർമാണം നടന്നത് ടി പി സെൻകുമാർ കെടിഡിഎഫ്സി എംഡി ആയിരിക്കെ
X

കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി ടെർമിനൽ ഇനിയും ഉപയോഗിക്കണമെങ്കിൽ 30 കോടി രൂപകൂടി മുടക്കണം എന്ന റിപോർട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരിക്കുന്നത്. 74.63 കോടി രൂപ ചെലവിൽ നിർമിച്ച 10 നിലയുള്ള ഇരട്ട ടെർമിനലിന്റെ ബലക്ഷയം പരിഹരിക്കാതെ അവിടെ ബസ് സർവിസ് പോലും നടത്താൻ കഴിയില്ലെന്നാണ് ചെന്നൈ ഐഐടി സംഘത്തിന്റെ പഠന റിപോർട്ട്.

ആവശ്യത്തിന് കമ്പി ഉപയോഗിക്കാതെയാണ് 20 ശതമാനം തൂണുകളും നിർമിച്ചത്. അതുകൊണ്ട് അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്താൻ ടെർമിനൽ ആറുമാസം അടച്ചിട്ട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലേക്ക് ബസ് സർവിസ് മാറ്റാൻ തീരുമാനിച്ചു. കൊച്ചിയിലെ പാലാരിവട്ടം പാലത്തിന്റെ ഗതി ടെർമിനലിന് വരുമോയെന്ന ആശങ്കയാണ് ഇതിനകം ഉയർന്നിരിക്കുന്നത്.

ടെർമിനൽ നിർമാണത്തിലെ അപാകതയെകുറിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2009ലാണ്‌ മാവൂർ റോഡിലെ കെഎസ്‌ആർടിസി സ്‌റ്റാൻഡ്‌ പൊളിച്ച്‌ ടെർമിനൽ നിർമാണം ആരംഭിക്കുന്നത്‌. കെടിഡിഎഫ്സിയാണ് ബിഒടി അടിസ്ഥാനത്തിൽ കെഎസ്ആർടിസി ഭൂമിയിൽ ടെർമിനൽ പണിതത്. 2009-2015 കലയളവിലാണ് ടെർമിനലിന്റെ നിർമാണം നടന്നത്. 2009 മാർച്ച് മുതൽ 2011 സെപ്തംബർ വരെ നിർമാണക്കരാർ ഏറ്റെടുത്ത കെടിഡിഎഫ്സി ചെയർമാൻ സെൻകുമാർ ആയിരുന്നു.

നിർമാണത്തിന് മേൽനോട്ടം വഹിച്ച ചീഫ് എൻജിനിയറേയും രൂപകല്പനചെയ്ത ആർക്കിടെക്ടിനെയും അന്വേഷണ പരിധിയിൽ കൊണ്ടുവരാൻ ഗതാഗതമന്ത്രി ആന്റണി രാജു നിർദേശം നൽകി. 75 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിനും ടെർമിനലിനും ബലക്ഷയമുണ്ടായതായി പഠന റിപോർട്ട് വിരൽചൂണ്ടുന്നത് നിർമാണത്തിലെ ക്രമക്കേടുകളിലേക്കാണ്. കെടിഡിഎഫ്സിയെക്കൂടി പ്രതി സ്ഥാനത്ത് ചേർക്കാതെയുള്ള അന്വേഷണം നീതിപൂർവമായിരിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ബലപ്പെടുത്തുന്നതുവരെ വാടകലഭിക്കില്ലെന്നു മാത്രമല്ല ഷോപ്പിങ് കോംപ്ലക്സ് ലേലത്തിൽ നൽകി വരുമാനമുണ്ടാക്കാനുള്ള പദ്ധതിക്കും തിരിച്ചടിയായിരിക്കുകയാണ്. അലിഫ് ബിൽഡേഴ്സിൽനിന്ന് വാങ്ങിയ 17 കോടിക്കുപുറമേ 13 കോടികൂടി കെട്ടിടം ബലപ്പെടുത്താൻ കെടിഡിഎഫ്സി മുടക്കണം. തൂണുകൾക്ക്‌ ചുറ്റും കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തുകയാണ് ചെയ്യേണ്ടത്. അപ്പോൾ തൂണുകൾക്ക് വീതി കൂടും. ഇത്‌ ഭാവിയിൽ ബസ് സർവീസിന്റെ സൗകര്യത്തെ തന്നെ ബാധിക്കും.

ഇങ്ങനെ നോക്കുകയാണെങ്കിൽ പാലാരിവട്ടം പാലത്തിൽ നടന്ന അഴിമതിയേക്കാൾ വലുതാണ് ടെർമിനൽ നിർമാണത്തിലെ അഴിമതിയെന്നതിൽ തർക്കമില്ല. നിലവിൽ തൂണുകൾ ബലപ്പെടുത്തിയാൽ ബസ് സർവീസ് ഇല്ലാതായേക്കുമെന്ന ആശങ്ക കെഎസ്ആർടിസി എംഡി പങ്കുവയ്ക്കുമ്പോഴും സർക്കാർ ​ഗൗരവത്തോടെയല്ല ഈ അഴിമതിയെ കണ്ടിരിക്കുന്നതെന്നത് മറ്റൊരു യാഥാർത്ഥ്യമാണ്.

Next Story

RELATED STORIES

Share it