Sub Lead

കോഴിക്കോട്ടെ ഐഎന്‍എല്‍ വിജയം ശ്രദ്ധേയം; ദേവര്‍കോവില്‍ മന്ത്രിയായേക്കും

പി സി അബ്ദുല്ല

കോഴിക്കോട്ടെ ഐഎന്‍എല്‍ വിജയം ശ്രദ്ധേയം; ദേവര്‍കോവില്‍ മന്ത്രിയായേക്കും
X
കോഴിക്കോട്: കോഴിക്കോട് സൗത്തിലെ ഐഎന്‍എല്‍ വിജയം ഏറെ ശ്രദ്ധേയം. കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ ഇടതു മുന്നണിയില്‍ പ്രവേശനം ലഭിച്ച ശേഷമുള്ള രാഷ്ട്രീയ അംഗീകാരം. ദേശീയ ജനറല്‍ സെക്രട്ടറി അഹ്‌മദ് ദേവര്‍കോവില്‍ വിജയിച്ചതോടെ പുതിയ പിണറായി മന്ത്രി സഭയില്‍ ഐഎന്‍എല്ലിന് പ്രാതിനിധ്യം ലഭിച്ചേക്കും. കഴിഞ്ഞ സര്‍ക്കാരില്‍ ഏക അംഗങ്ങളുള്ള ഘടക കക്ഷിക്ക് എല്‍ഡിഎഫ് മന്ത്രിസ്ഥാനം നല്‍കിയിരുന്നു. കോണ്‍ഗ്രസ് എസ് ഘടക ക്ഷിയാണെന്ന പരിഗണനയിലാണ് രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് മന്ത്രി സ്ഥാനം നല്‍കിയത്. ആ നിലയ്ക്ക് ഇത്തവണ ഐഎന്‍എല്ലിന് മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ട്.

കോഴിക്കോട് സൗത്തില്‍ നേരത്തേ ഐഎന്‍എല്‍ സ്ഥാനാര്‍ഥിയായി പിഎംഎ സലാം വിജയിച്ചിരുന്നു. എന്നാല്‍, ആ സമയത്ത് ഐഎന്‍എല്‍ ഇടതു മുന്നണിയിലെ ഘടക കക്ഷിയായിരുന്നില്ല. അതേസമയം, പിടിഎ റഹീം മന്ത്രി സ്ഥാനത്തിന് അവകാശ വാദമുന്നയിച്ചാല്‍ അഹ്‌മദ് ദേവര്‍ കോവിലിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കും. രണ്ടുവര്‍ഷം മുമ്പ് പിടിഎ റഹീം ഐഎന്‍എല്ലിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ആ തീരുമാനം നടപ്പായില്ല. പുതിയ നീക്കത്തില്‍ റഹീം ഐഎന്‍എല്ലിന്റെ ഭാഗമായി മന്ത്രിസ്ഥാനത്തിന് ശ്രമിക്കുമോ എന്ന് വ്യക്തമല്ല.

61 കാരനായ അഹ്‌മദ് ദേവര്‍കോവില്‍ ദേശീയ, സംസ്ഥാന തലത്തില്‍ ഇന്ത്യന്‍ നാഷനല്‍ ലീഗിന്റെ മുന്‍നിര നേതാവാണ്. കോഴിക്കോട് കുറ്റ്യാടിക്കടുത്ത ദേവര്‍കോവില്‍ സ്വദേശി. എംഎസ്എഫിലൂടെ രാഷ്ട്രീയത്തില്‍ വന്നു. നേരത്തേ അഖിലേന്ത്യാ ലീഗിന്റെ നേതാവായിരുന്നു. ഇന്ത്യന്‍ നാഷനല്‍ ലീഗി(ഐഎന്‍എല്‍)ന്റെ മുഖ്യ കാര്യദര്‍ശി. അടിയന്തരാവസ്ഥ കാലത്തെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു ജയില്‍ വാസം അനുഷ്ഠിച്ചു.

1994ല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഐഎന്‍എല്‍ രൂപീകരണ കണ്‍വന്‍ഷന്‍ മുതല്‍ തുടങ്ങിയ പാര്‍ട്ടി ബന്ധം നാദാപുരം മണ്ഡലം പ്രസിഡന്റ്, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സിക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. നിലവില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ്. കേരള ഹോട്ടല്‍ ആന്റ് റെസ്റ്ററന്റ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന മെഹബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപക ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചു. നിലവില്‍ കോഴിക്കോട്ടെ സരോവരം പാര്‍ക്കിലെ സ്‌പോര്‍ട്‌സ് വിങിന്റെ സരോവരവാരം ഗ്രീന്‍ എക്‌സ്പ്രസ്സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാനാണ് അഹ്‌മദ് ദേവര്‍ കോവില്‍.

Kozhikode INL victory notable; Ahmed Devarkovil may become a minister

Next Story

RELATED STORIES

Share it