Sub Lead

കോട്ടയത്തെ അരുംകൊല ഗുണ്ടാ സംഘങ്ങള്‍ക്കിടയിലെ മേധാവിത്വം ഉറപ്പിക്കാന്‍

കോട്ടയത്തെ അരുംകൊല ഗുണ്ടാ സംഘങ്ങള്‍ക്കിടയിലെ മേധാവിത്വം ഉറപ്പിക്കാന്‍
X

കോട്ടയം: നഗരമധ്യത്തില്‍ ഗുണ്ടാസംഘം യുവാവിനെ ക്രൂരമായി തല്ലിക്കൊന്ന് പോലിസ് സ്‌റ്റേഷന് മുന്നിലിട്ടതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഗുണ്ടാസംഘങ്ങള്‍ക്കിടയിലെ മേധാവിത്വം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കോട്ടയത്ത് യുവാവിനെ അതിക്രൂരമായി വകവരുത്തിയതെന്ന് പ്രതി തന്നെയാണ് പോലിസിനോട് വെളിപ്പെടുത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കാപ്പ ചുമത്തി നാട് കടത്തുകയും ചെയ്ത പിഡബ്ല്യുഡി റസ്റ്റ് ഹൗസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന മുള്ളങ്കുഴി കോതമനയില്‍ ജോമോന്‍ കെ ജോസാണ് (കെഡി ജോമോന്‍- 40) യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

കീഴുക്കുന്ന് സ്വദേശിയായ ഷാന്‍ ബാബു(19)വാണ് ദാരുണമായി കൊല്ലപ്പെട്ടത്. ജോമോനെ നേരത്തെ കാപ്പാ ചുമത്തി പോലിസ് നാടുകടത്തിയിരുന്നു. അടുത്തിടെ കാപ്പാ കേസില്‍ അപ്പീല്‍ നല്‍കി ഇയാള്‍ തിരിച്ചെത്തി. എന്നാല്‍, തിരിച്ചെത്തിയപ്പോള്‍ ഗുണ്ടാസംഘങ്ങള്‍ക്കിടയില്‍ ജോമോന് പരിഗണന ലഭിച്ചില്ല. ഇയാളുടെ സംഘാംഗങ്ങളെല്ലാം കൊഴിഞ്ഞുപോയി. ജോമോന്റെ ശക്തിയും ക്ഷയിച്ചു. തിരിച്ചുവന്നപ്പോള്‍ ജില്ലയില്‍ സ്വാധീനം കുറഞ്ഞു. ഇതിനിടെ പുതിയ ഗുണ്ടാസംഘം നിലയുറപ്പിച്ചു. സൂര്യന്റെ നേതൃത്വത്തിലുള്ള സംഘം ജോമോന്റെ സംഘത്തില്‍ മുമ്പുണ്ടായിരുന്നവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.

പ്രദേശത്ത് ഇവര്‍ മേധാവിത്വം ഉറപ്പിക്കുകയും ചെയ്തു. ഇതാണ് ജോമോനെ ചൊടിപ്പിച്ചത്. ഗുണ്ടാസംഘങ്ങള്‍ക്കിടയില്‍ തന്റെ മേധാവിത്വം നഷ്ടമാവുമെന്ന് ഭയന്നാണ് ജോമോന്‍ കൊലപാതകം നടത്തിയതെന്നാണ് പോലിസ് പറയുന്നത്. കൊല്ലപ്പെട്ട ഷാന്‍ ബാബു സൂര്യന്റെ സുഹൃത്താണ്. ജോമോനും സൂര്യനും കോട്ടയത്ത് ഗുണ്ടാസംഘങ്ങളുണ്ട്. സൂര്യന്‍ എവിടെയുണ്ടെന്നറിയാനാണ് ഷാനിനെ പ്രതി തട്ടിക്കൊണ്ടുപോയത്. സൂര്യനുമായി അടുപ്പമുള്ളയാളെ തട്ടിയെടുത്ത് മര്‍ദ്ദിച്ച് മറ്റ് സംഘാംഗങ്ങളെക്കുറിച്ചുള്ള വിവരമെടുക്കലായിരുന്നു ശ്രമം. തുടര്‍ന്ന് ഇരുമ്പുവടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു.

കൃത്യം ചെയ്തത് ഒറ്റയ്ക്കാണെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. പുലര്‍ച്ചെ ഒന്നരയ്ക്കാണ് ഷാനിനെ കാണാനില്ലെന്ന് അമ്മയും സഹോദരിയും പരാതി നല്‍കിയത്. പിന്നാലെ പോലിസ് വാഹനപരിശോധനയടക്കം ഊര്‍ജിതമാക്കി. 3.30 ഓടെയാണ് കോട്ടയം ഈസ്റ്റ് പോലിസ് സ്‌റ്റേഷന് മുന്നിലെത്തി ഒരാള്‍ ബഹളംവച്ചത്. ഷാനിനെ കൊലപ്പെടുത്തിയതായി ഇയാള്‍ പോലിസുകാരോട് വിളിച്ചുപറയുകയായിരുന്നു. നോക്കിയപ്പോള്‍ മൃതദേഹം കണ്ടതായി ജില്ലാ പോലിസ് മേധാവി എസ് ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ പോലിസെത്തി ജോമോനെ പിടികൂടുകയും ചെയ്തു.

കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് ഷാനിനെ ജോമോന്‍ ഓട്ടോയിലെത്തി തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലണമെന്ന ഉദ്ദേശത്തോടെയല്ല ഷാനിനെ മര്‍ദ്ദിച്ചതെന്നാണ് പ്രതിയുടെ മൊഴി. ഗുണ്ടാ സംഘത്തെ ഭയപ്പെടുത്തലായിരുന്നു ഉദ്ദേശം. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും എസ്പി കൂട്ടിച്ചേര്‍ത്തു. അതേസമയം, ഷാനിന് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി വിവരമില്ല.

ഷാനിന്റെ പേരില്‍ കോട്ടയത്തെ പോലിസ് സ്‌റ്റേഷനുകളില്‍ കേസൊന്നുമില്ല. മറ്റിടങ്ങളില്‍ കേസുകളുണ്ടോ എന്നതും പോലിസ് അന്വേഷിച്ചുവരികയാണ്. ഇന്‍സ്റ്റഗ്രാമില്‍ സൂര്യനൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്തത് കണ്ടാണ് ജോമോന്‍ ഷാനിനെ ഉന്നമിട്ടതെന്നാണ് നിഗമനം. കൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായാണ് പോലിസിന്റെ സംശയം. 2021 നവംബര്‍ 19 നാണ് ജില്ലാ പോലിസ് ജോമോനെ കാപ്പ ചുമത്തി നാട് കടത്തിയത്. എന്നാല്‍, കോടതിയില്‍ പോയ ജോമോന്‍ തന്നെ നാടുകടത്തിയ നടപടിയില്‍നിന്ന് ഇളവ് വാങ്ങി. ദിവസവും കോട്ടയം ഡിവൈഎസ്പി ഓഫിസിലെത്തി ഒപ്പിടണമെന്ന ഉപാധിയോടെയാണ് കോടതി ഇളവ് അനുവദിച്ചത്. ഈ ഉപാധികളൊക്കെ നിലനില്‍ക്കുമ്പോഴാണ് ജോമോന്‍ നാടിനെ നടുക്കിയ അരുംകൊല ചെയ്തത്.

Next Story

RELATED STORIES

Share it