Big stories

ഐടിഐ വിദ്യാര്‍ഥിയെ അടിച്ചുകൊന്ന കേസ്: സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

രണ്ടാംപ്രതിയായ സിപിഎം അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയെയാണ് ചവറ സിഐ എസ് ചന്ദ്രദാസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റുചെയ്തത്. ഇയാളെ ഇപ്പോള്‍ പോലിസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

ഐടിഐ വിദ്യാര്‍ഥിയെ അടിച്ചുകൊന്ന കേസ്: സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
X

കൊല്ലം: തേവലക്കരയില്‍ ഐടിഐ വിദ്യാര്‍ഥി രഞ്ജിത്ത് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. രണ്ടാംപ്രതിയായ സിപിഎം അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയെയാണ് ചവറ സിഐ എസ് ചന്ദ്രദാസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റുചെയ്തത്. ഇയാളെ ഇപ്പോള്‍ പോലിസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കൊലപാതകക്കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരേ ചുമത്തുമെന്നാണ് വിവരം. അറസ്റ്റിലായതിന് പിന്നാലെ സരസന്‍പിള്ളയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി.

കേസില്‍ ഇദ്ദേഹത്തിന്റെ ബന്ധു കൊല്ലം ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീത് നേരത്തെ അറസ്റ്റിലായിരുന്നു. ഫെബ്രുവരി 14നാണ് ഐടിഐ വിദ്യാര്‍ഥിയായ തേവലക്കര അരിനെല്ലൂര്‍ ചിറക്കാലക്കോട്ട് കിഴക്കതില്‍ രാധാകൃഷ്ണപിള്ളയുടെയും രജനിയുടെയും മകന്‍ രഞ്ജിത്തി (18) നെ സംഘംചേര്‍ന്ന് മര്‍ദിക്കുന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മകളെ രഞ്ജിത്ത് കളിയാക്കിയെന്നാരോപിച്ച് ജയില്‍ വാര്‍ഡന്റെ നേതൃത്വത്തിലെത്തിയ സംഘം വീട്ടിലെത്തി മര്‍ദിക്കുകയായിരുന്നു. വീട്ടില്‍ പഠിച്ചുകൊണ്ടിരുന്ന രഞ്ജിത്തിനെ വിളിച്ചിറക്കിയാണ് സംഘം മര്‍ദിച്ചത്. പെണ്‍കുട്ടിയെ അറിയില്ലെന്നും ആളുമാറിയതാണെന്നും പറഞ്ഞെങ്കിലും മര്‍ദനം തുടര്‍ന്നു. അടിയേറ്റുവീണ വിദ്യാര്‍ഥി ബോധരഹിതനായി. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഫെബ്രുവരി 28 നാണ് മരിക്കുന്നത്. തലയ്ക്ക് അടിയേറ്റുണ്ടായ ആന്തരികരക്തസ്രാവമാണ് മരണകാരണമായത്. രഞ്ജിത്തിനെ മര്‍ദിക്കാനെത്തിയ സംഘത്തില്‍ സരസന്‍പിള്ളയുമുണ്ടായിരുന്നു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് ആശുപത്രിയില്‍ കഴിയുന്ന സമയത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ലോക്കല്‍ പോലിസ് മുഖാന്തരം സരസന്‍പിള്ള സമ്മര്‍ദം ചെലുത്തിയതായി രഞ്ജിത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍, രഞ്ജിത്തിന്റെ മരണത്തോടെ സംഭവം വിവാദമായപ്പോള്‍ സരസന്‍പിള്ള ഒളിവില്‍ പോയി. കൊലപാതകം നടന്ന് ഒരാഴ്ചയായിട്ടും ഇയാളെ പ്രതി ചേര്‍ക്കാന്‍ പോലിസ് തയ്യാറാവാത്തതിനെതിരേ വ്യാപകപ്രതിഷേധമുയര്‍ന്നിരുന്നു. സരസന്‍പിള്ളയും മര്‍ദിക്കാനെത്തിയ സംഘത്തിലുണ്ടായിരുന്നെന്ന് രഞ്ജിത്തിന്റെ അമ്മ രണ്ടുതവണ മൊഴി നല്‍കിയെങ്കിലും പോലിസ് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. തുടര്‍ന്ന് മാധ്യമങ്ങളില്‍ ഇത് വലിയ വാര്‍ത്തയായ ശേഷം കഴിഞ്ഞ ദിവസം സരസന്‍പിള്ളയുടെ ഭാര്യയെ പോലിസ് ചോദ്യംചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ അറസ്റ്റിലായത്. സരസന്‍പിള്ളയെ പിടികൂടാത്തത് ചൂണ്ടിക്കാട്ടി രഞ്ജിത്തിന്റെ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതിയും നല്‍കിയിരുന്നു.




Next Story

RELATED STORIES

Share it