Top

പോലിസ് ഡാറ്റാബേസ് ഊരാളുങ്കലിന്: സഭയില്‍ പ്രതിപക്ഷ പ്രതിഷേധം; യാതൊരു സുരക്ഷാപ്രശ്‌നങ്ങളുമില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ ജനങ്ങളുടെ കേസുകളുമായി ബന്ധപ്പെട്ട അതീവരഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡാറ്റാബേസില്‍ സ്വകാര്യ കമ്പനിയായ ഊരാളുങ്കല്‍ സൊസൈറ്റിക്ക് സമ്പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചതുമൂലമുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്ന് കെ എസ് ശബരീനാഥന്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

പോലിസ് ഡാറ്റാബേസ് ഊരാളുങ്കലിന്: സഭയില്‍ പ്രതിപക്ഷ പ്രതിഷേധം; യാതൊരു സുരക്ഷാപ്രശ്‌നങ്ങളുമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന പോലിസിന്റെ ഡാറ്റാബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നുകൊടുത്തതിനെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സംസ്ഥാനത്തെ ജനങ്ങളുടെ കേസുകളുമായി ബന്ധപ്പെട്ട അതീവരഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡാറ്റാബേസില്‍ സ്വകാര്യ കമ്പനിയായ ഊരാളുങ്കല്‍ സൊസൈറ്റിക്ക് സമ്പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചതുമൂലമുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്ന് കെ എസ് ശബരീനാഥന്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സിപിഎമ്മിന്റെ സഹോദരസ്ഥാപനത്തിന് പോലിസിന്റെ ഡാറ്റാബേസ് തുറന്നുനല്‍കിയത് കടുത്ത സുരക്ഷാവീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് നിലവില്‍ കാര്യക്ഷമതയുള്ള സംവിധാനമുണ്ടായിരിക്കേ എന്തിനാണ് പുതിയ പദ്ധതിയെന്ന് കെ എസ് ശബരീനാഥന്‍ എംഎല്‍എ ചോദിച്ചു. ഡാറ്റാബേസ് കൈമാറരുതെന്ന് ചില ഐപിഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ അത് തുറന്നുകൊടുത്തെന്നും പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ പദ്ധതിയില്‍ ആയിരത്തോളം പാസ്‌പോര്‍ട്ടുകള്‍ വെരിഫൈ ചെയ്തിട്ടുണ്ടെന്നും ഇതിന് 35 ലക്ഷം രൂപ ഊരാളുങ്കലിന് നല്‍കിയതായും പ്രതിപക്ഷം ആരോപിച്ചു. ടെന്‍ഡര്‍ പോലും വിളിക്കാതെയാണ് സുപ്രധാനമായ ഈ കരാര്‍ സ്വകാര്യകമ്പനിയെ ഏല്‍പ്പിച്ചിരിക്കുന്നത്. ഇതിനോടകംതന്നെ എല്ലാ പോലിസ് ഡാറ്റയും കമ്പനി ചോര്‍ത്തുന്നുണ്ട്.

ഡാറ്റാ ബേസിലേക്ക് ഊരാളുങ്കലിന് പ്രവേശനമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍, ഇക്കാര്യത്തില്‍ യാതൊരു രീതിയിലുള്ള സുരക്ഷാപ്രശ്‌നങ്ങളുമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കി. നിലവിലുള്ള ഡാറ്റാബേസുകളില്‍നിന്ന് ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസ് (എപിഐ) ഉപയോഗിച്ച് ഇത്തരത്തില്‍ വിവരം ശേഖരിക്കുകയാണ് ചെയ്യുക. ഇങ്ങനെ ലഭ്യമാവുന്ന വിവരം സോഫ്റ്റ്‌വെയര്‍ വിശകലനം ചെയ്ത് ആവശ്യമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുന്നപ്രകാരമാണ് സംവിധാനം. ഇതില്‍ ഒരു ഡാറ്റാബേസിന്റേയും ഉടമസ്ഥത ഇത്തരത്തിലുള്ള മിഡില്‍വെയര്‍ സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തിന് ആവശ്യമുള്ളതല്ല. ആ ഡാറ്റാബേസില്‍ എന്തൊക്കെയാണ് ഉള്ളതെന്നതിന്റെ വിശദാംശങ്ങളും ലഭ്യമാക്കേണ്ടതില്ല.

ഇത്തരത്തിലുള്ള ഒരു എപിഐ വിന്യസിക്കുമ്പോള്‍ നിലവിലുള്ള ഡാറ്റാബേസിന്റെ സുരക്ഷയെ ബാധിക്കുന്നില്ലെന്നും എപിഐ വഴി വിവരങ്ങള്‍ ചോരുന്നില്ല എന്നും ഉറപ്പാക്കുക തന്നെ ചെയ്യും. ഇതിനുവേണ്ടത് ഒരു സമഗ്രമായ സെക്യൂരിറ്റി ഓഡിറ്റിങ് സംവിധാനമാണ്. അത്തരത്തിലുള്ള ഒരു സൈബര്‍ സെക്യൂരിറ്റി ഓഡിറ്റിംഗ് കൂടി പൂര്‍ത്തിയായാല്‍ മാത്രമേ ഈ സോഫ്റ്റ്‌വെയര്‍ വിന്യസിക്കാനോ സര്‍ക്കാര്‍ ഡാറ്റാ സെന്ററില്‍ ലഭ്യമാക്കാനോ അനുമതി നല്‍കുകയുള്ളൂ. ഈ ഘട്ടത്തില്‍ ഒരു ആശങ്കയും ഇതുസംബന്ധിച്ച് ഉയരേണ്ടതില്ല. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയില്‍ പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതിനായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റിക്ക് സിസിടിഎന്‍എസ് പ്രോജക്ടിന്റെ പ്രോഡക്ഷന്‍ എന്‍വയോണ്‍മെന്റില്‍ പ്രവേശനാനുമതി ലഭ്യമാക്കുവന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും നാളിതുവരെ നല്‍കിയിട്ടില്ല.

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്റെ ഭാഗമായി പാസ്‌പോര്‍ട്ട് അപേക്ഷകന്റെ പേര്, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, പോലീസ് സ്‌റ്റേഷന്‍ എന്നിവ രേഖപ്പെടുത്തുമ്പോള്‍ പ്രസ്തുത വ്യക്തി ഏതെങ്കിലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാനുള്ള സൗകര്യം മാത്രമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപറേറ്റീവ് സൊസൈറ്റിക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ആയിരം പാസ്‌പോര്‍ട്ട് അപേക്ഷകളുടെ വെരിഫിക്കേഷനു വേണ്ടി മാത്രമാണ് പ്രവേശനാനുമതി നല്‍കിയിരിക്കുന്നത്. ഇത് കേരള പോലിസിന് അനുയോജ്യമാണോ എന്ന് പരിശോധിക്കുവാനുള്ള വ്യവസ്ഥയുടെ ഭാഗമായി മാത്രമാണ് ഈ പ്രവേശനാനുമതി നല്‍കാന്‍ കേരള പോലിസ് ഉദ്ദേശിക്കുന്നത്. ഈ ആപ്ലിക്കേഷനിലേക്ക് പ്രവേശിക്കാനും ഉപയോഗിക്കാനുമുള്ള അധികാരം പോലിസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ലഭ്യമാക്കിയിട്ടുള്ളൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it