Top

കൊവിഡ്: തമിഴ്‌നാട്ടില്‍ നിന്ന് കോഴിത്തീറ്റയെത്തുന്നില്ല; സര്‍ക്കാരിന്റെ പ്രഥമ ഫാക്ടറി ഇപ്പോഴും പ്രവര്‍ത്തനസജ്ജമായില്ല

കൊവിഡ്: തമിഴ്‌നാട്ടില്‍ നിന്ന് കോഴിത്തീറ്റയെത്തുന്നില്ല; സര്‍ക്കാരിന്റെ പ്രഥമ ഫാക്ടറി ഇപ്പോഴും പ്രവര്‍ത്തനസജ്ജമായില്ല

മാള(തൃശൂര്‍): കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ നിന്നു കോഴിത്തീറ്റയെത്താതെ കോഴി ഫാം നടത്തിപ്പുകാര്‍ ബുദ്ധിമുട്ടുമ്പോള്‍ സര്‍ക്കാരിന്റെ പ്രഥമ കോഴിത്തീറ്റ ഫാക്ടറി ഇനിയും പ്രവര്‍ത്തന സജ്ജമായില്ല. മാള കൂഴൂരിലെ നിറവ് കെപ്‌കോ ഫീഡ്‌സ് ഫാക്ടറിയാണ് പ്രഖ്യാപനത്തിലൊതുങ്ങിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന് മുമ്പ് തന്നെ തമിഴ്‌നാട്ടില്‍ നിന്നു വന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് 15 ഉം 25 ഉം ദിവസങ്ങളാണ് വളര്‍ച്ചയായിട്ടുള്ളത്. ആവശ്യത്തിന് തീറ്റ ലഭിക്കാതെ കോഴികള്‍ ചത്തുവീഴുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. ഇതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാവുന്നത്. ലക്ഷ്യമിട്ടത് പോലെ കുഴൂരിലെ കെപ്‌കോ കോഴിത്തീറ്റ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇത്തരം പ്രതിസന്ധി ഉണ്ടാവില്ലായിരുന്നുവെന്ന് കര്‍ഷകര്‍ പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയില്‍പ്പെടുത്തി ഫാക്ടറിയുടെ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2012ലെ ഓണത്തിന് മുമ്പ് ഫാക്ടറി ഉല്‍പ്പന്നം ജനങ്ങള്‍ക്കായി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് പ്രഖ്യാപനത്തിനപ്പുറം യാഥാര്‍ത്ഥ്യമായില്ല. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോഴിത്തീറ്റയുടെ ഉല്‍പ്പാദനോദ്ഘാടനം നടത്തിയത്.

2014 സപ്തംബറില്‍ ഫാക്ടറിയില്‍ നിന്നുള്ള പെല്ലറ്റ് രൂപത്തിലുള്ള കോഴിത്തീറ്റ ഉല്‍പ്പാദനത്തിന് തുടക്കമിട്ടു. എന്നാല്‍ ഉല്‍പ്പാദനോദ്ഘാടനം കഴിഞ്ഞ് വര്‍ഷം അഞ്ച് കഴിഞ്ഞെങ്കിലും ഒരു ബാഗ് കോഴിത്തീറ്റ പോലും ഇതുവരെ ഇവിടെ നിന്നു വിപണിയിലേക്കിറക്കിയിട്ടില്ല. മെഷിനറികളും മറ്റും പൂര്‍ണമായും സജ്ജമാകാതെ ഉദ്ഘാടനമാമാങ്കം നടത്താനായി തട്ടിക്കൂട്ടിയ പ്രഹസനമാണ് ഇതെന്നാണ് ആരോപണം. തുടര്‍ന്ന് പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് 10 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. താല്‍ക്കാലികമായി മെഷിനറികള്‍ സജ്ജീകരിച്ചും വൈദ്യുതി കണക്ഷനുമായി തുടങ്ങിയ ഫാക്ടറി പ്രവര്‍ത്തനം സജീവമാക്കാനായില്ല. 2016ല്‍ കോഴിയും മുട്ടയും മാത്രമായി ചുരുങ്ങി. അടിയന്തിര ശ്രദ്ധ നല്‍കി ഫാക്ടറി പ്രവര്‍ത്തനം വിപുലമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

1993ല്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ മുന്‍കൈയെടുത്താണ് ഫാക്ടറിക്ക് ശ്രമമാരംഭിച്ചത്. മാള കുഴൂര്‍ കാക്കുളിശ്ശേരിയില്‍ 5.13 ഏക്കര്‍ സ്ഥലം വാങ്ങി. ഫാക്ടറിയുടെ തറക്കല്ലിടല്‍ അന്നത്തെ കൃഷിമന്ത്രി പി പി ജോര്‍ജിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ തന്നെയാണ് നിര്‍വഹിച്ചത്. ഫാക്ടറിക്ക് 217.20 ലക്ഷം രൂപയാണ് അടങ്കല്‍ തുക നിശ്ചയിച്ചിരുന്നത്. 49.74 ലക്ഷം രൂപ ചെലവഴിച്ച ശേഷം പ്രതീക്ഷിച്ച ബാങ്ക് ലോണ്‍ ലഭ്യമായില്ല. തുടര്‍ന്ന് പ്ലാന്റിന്റെ പണി നിര്‍ത്തിവച്ചു. ഇതിന് ശേഷം പ്ലാന്റിന്റെ ജോലി തുടരാനാവാതെ സ്ഥലവും കെട്ടിടവും വെറുതെ കിടന്നു. ഉയര്‍ത്തിയ പില്ലറുകളും ബീമുകളും മഞ്ഞും മഴയും വെയിലുമേറ്റ് നശിച്ചുകൊണ്ടിരുന്നു.

പിന്നീട് 2011ലാണ് അന്നത്തെ സര്‍ക്കാറിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഫാക്ടറി ഉള്‍പ്പെടുത്തുന്നതും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതും. ഇതോടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവന്‍വച്ചു. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോയെ ഏല്‍പ്പിച്ചു. 9.86 കോടി രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരവും 5.75 കോടി രൂപ സംസ്ഥാന വിഹിതവും ചേര്‍ത്ത് 15.55 കോടി രൂപയാണ് നിര്‍മാണ ചെലവ് കണക്കാക്കിയിരുന്നത്. 90ഓളം അവിദഗ്ധ തൊഴിലാളികള്‍ക്കും മുന്നൂറോളം പേര്‍ക്ക് നേരിട്ടല്ലാതെയും ഇവിടെ തൊഴില്‍ സാധ്യതയുണ്ട് എന്നായിരുന്നു വാഗ്ദാനം. 50000ത്തോളം വരുന്ന കോഴി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ഫാക്ടറിയുടെ സഹായം ലഭിക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ പ്രതിദിനം 160 ടണ്‍ കോഴിത്തീറ്റ പെല്ലറ്റ് രൂപത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഇവിടെ സാധിക്കും.

ചോളം, സോയാബീന്‍, ഉണക്കമീന്‍ എന്നിവ ചേര്‍ത്താണ് കോഴിത്തീറ്റ തയ്യാറാക്കുന്നതിന് ലക്ഷ്യമിട്ടിരുന്നത്. ഉത്തരേന്ത്യയില്‍ നിന്ന് നേരിട്ട് കോഴിത്തീറ്റയ്ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കാനും ലക്ഷ്യമിട്ടിരുന്നു. ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെന്നും ഫാക്ടറി എല്‍ഡി ഫ് സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്നാണ് അധികൃതര്‍ നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം സുഗമമായി നടന്ന് ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറങ്ങിയാലേ ഇനി ഇത്തരം വാഗ്ദാനങ്ങള്‍ വിശ്വസിക്കൂ എന്ന നിലപാടിലാണ് നാട്ടുകാര്‍. ഇതിനിടെ ഫാക്ടറി വലിയ ഹാച്ചറിയും കോഴിത്തീറ്റയുല്‍പ്പാദനവും മറ്റും ലക്ഷ്യമാക്കി അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്താനായി 15 കോടി രൂപയുടെ പുതിയ പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ടെന്ന് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും അറിയിച്ചെങ്കിലും കഴിഞ്ഞ ബജറ്റില്‍ വെറും ഒരു കോടി രൂപ മാത്രമാണ് അനുവദിച്ചത്. അടുത്തൊന്നും നാട്ടുകാരുടെ ചിരകാല സ്വപ്നമായതും കോഴി കര്‍ഷകര്‍ക്ക് ആശ്വാസമേകുന്നതുമായ ഫാക്ടറി യാഥാര്‍ഥ്യമാകില്ലെന്നത് ഏറെ നിരാശ പടര്‍ത്തിയിട്ടുണ്ട്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഫാക്ടറി ലക്ഷ്യമിട്ട രീതിയില്‍ പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍ ഇതര സംസ്ഥാനങ്ങളിലെ ഉല്‍പ്പന്നങ്ങളെ കാത്തിരിക്കേണ്ടി വരില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.


Next Story

RELATED STORIES

Share it