Sub Lead

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം: അതിവേഗ കോടതികള്‍ ഉള്‍പ്പെടെയുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം: അതിവേഗ കോടതികള്‍ ഉള്‍പ്പെടെയുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം
X
തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകരെ അക്രമിക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ അതിവേഗകോടതികള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള ശുപാര്‍ശകളടങ്ങിയ ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ആരോഗ്യപ്രവര്‍ത്തകരെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതടക്കമുള്ള നടപടികള്‍ ശിക്ഷാര്‍ഹമായിരിക്കും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്. നിലവിലുള്ള നിയമത്തിലുള്ള ജയില്‍ശിക്ഷയും പിഴയും വര്‍ധിപ്പിക്കാനും ശുപാര്‍ശയുണ്ട്. 2012ലെ നിയമം ഭേദഗതിചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ ധാരണയായത്. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കുറഞ്ഞ ജയില്‍ശിക്ഷ രണ്ടുവര്‍ഷം നിര്‍ബന്ധമാക്കുമെന്നാണ് സൂചന.

ഏഴുവര്‍ഷംവരെയാണ് ഉയര്‍ന്ന ശിക്ഷയായി ശുപാര്‍ശ ചെയ്തിട്ടുള്ളത്. മാത്രമല്ല, പരാതിലഭിച്ചാല്‍ ഒരുമണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്യണം. വീഴ്ചവരുത്തിയാല്‍ പോലിസുദ്യോഗസ്ഥനെതിരേ നടപടിയുണ്ടാവും. അന്വേഷണത്തിനും വിചാരണയ്ക്കും നിശ്ചിതസമയപരിധിയുണ്ടാവും. നശിപ്പിക്കുന്ന സാധനങ്ങളുടെ യഥാര്‍ഥ വിലയുടെ മൂന്നിരട്ടി ഈടാക്കുമെന്നും ശുപാര്‍ശയുണ്ട്. ഓര്‍ഡിനന്‍സില്‍ പരാതിയുണ്ടെങ്കില്‍ നിയമസഭാ സമ്മേളനത്തില്‍ ഔദ്യോഗിക ഭേദഗതി കൊണ്ടുവരും. ഡോക്ടര്‍മാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമായത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം മിനിസ്റ്റീരിയല്‍ സ്റ്റാഫിനും സുരക്ഷാ ജീവനക്കാര്‍ക്കും മെഡിക്കല്‍, നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കും പരിരക്ഷ ലഭിക്കും. നിലവിലെ നിയമത്തിലെ സെക്ഷന്‍ 4 അനുസരിച്ച് ആരോഗ്യസ്ഥാപനങ്ങളിലോ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയോ ആക്രമണം നടത്തിയാല്‍ മൂന്നു വര്‍ഷംവരെ തടവും 50000രൂപവരെ പിഴയുമാണ് പരമാവധി ശിക്ഷ. 7 വര്‍ഷംവരെ തടവും ഒരു ലക്ഷംരൂപയില്‍ കുറയാത്ത പിഴയും ഈടാക്കാനാണ് നീക്കം. ഗുരുതരമായ കുറ്റകൃത്യമാണെങ്കില്‍ പത്തുവര്‍ഷം ശിക്ഷയും ഒരു ലക്ഷംരൂപയില്‍ കുറയാത്ത പിഴയും വേണമെന്നാണ് ഐഎംഎയുടെ ആവശ്യം.

Next Story

RELATED STORIES

Share it