പുതുപ്പള്ളിയില്‍ ലീഡ് കുത്തനെ ഇടിഞ്ഞു; ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടിയായത് യാക്കോബായ സഭ നിലപാട്
കോട്ടയം: പുതുപ്പള്ളിയില്‍ പന്ത്രണ്ടാം അങ്കത്തിനിറങ്ങിയ മുന്‍ മുഖ്യമന്ത്രിക്ക് നേരിടേണ്ടിവന്നത് കനത്ത തിരിച്ചടി. കഴിഞ്ഞ അഞ്ചുപതിറ്റാണ്ടുകാലമായി നെഞ്ചോടുചേര്‍ത്തുവച്ച സ്വന്തം മണ്ഡലത്തിലെ വോട്ടര്‍മാരില്‍നിന്ന് ഇത്തരമൊരു പ്രഹരം ഉമ്മന്‍ചാണ്ടി പ്രതീക്ഷിച്ചിരുന്നില്ല. കോട്ടയം കഴിഞ്ഞ് അഞ്ച് പതിറ്റാണ്ട് കാലമായി പുതുപ്പള്ളിക്കാരുടെ ശബ്ദമാണ് ഉമ്മന്‍ചാണ്ടി. അരനൂറ്റാണ്ട് തുടര്‍ച്ചയായി ഒരുമണ്ഡലത്തില്‍ എംഎല്‍എ ആവാന്‍ ഉമ്മന്‍ചാണ്ടിക്ക് അവസരമൊരുക്കിയത് പുതുപ്പള്ളിയാണ്. പുതുപ്പള്ളിയെ ജനകീയമാക്കിയ ഒറ്റയാള്‍ ഉമ്മന്‍ചാണ്ടിയാണെന്ന് നിസ്സംശയം പറയാം. ഉമ്മന്‍ചാണ്ടിയുടെ കോട്ടയായ പുതുപ്പള്ളിയില്‍ ഇത്തവണ അടിപതറിയെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
1970 ന് ശേഷം ഒരിക്കല്‍ പോലും തോറ്റിട്ടില്ലെന്ന് മാത്രമല്ല, മികച്ച ഭൂരിപക്ഷമാണ് ഇദ്ദേഹം നേടിയിരുന്നതും. 2016 ല്‍ 27,092 വോട്ടിന് വിജയിച്ച മണ്ഡലത്തില്‍ ഇക്കുറി ഉമ്മന്‍ചാണ്ടിക്ക് കിട്ടിയത് വെറും 8,504 വോട്ടിന്റെ ലീഡ് മാത്രമാണ്. 2011 ല്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 33,255 ആയിരുന്നു. അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചത് സിപിഎമ്മിന്റെ സുജ സൂസന് ജോര്‍ജായിരുന്നു. 2016ല്‍ ഭൂരിപക്ഷം കുറയുകയാണ് ചെയ്തത്. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തില്‍പ്പോലും മികച്ച ലീഡിലേയ്ക്ക് ഉയരാന്‍ ഉമ്മന്‍ചാണ്ടിക്കായില്ല.
തുടക്കത്തില്‍ മികച്ച ലീഡ് നിലനിര്‍ത്തിയ ഉമ്മന്‍ചാണ്ടിക്ക് വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ 2850 വോട്ടുകളുടെ മുന്‍തൂക്കം മാത്രമാണ് ഉമ്മന്‍ചാണ്ടിക്കുള്ളത്. ഒരുഘട്ടത്തില്‍ എതിര്‍സ്ഥാനാര്‍ഥി എല്‍ഡിഎഫിന്റെ ജെയ്ക്ക് സി തോമസ് ലീഡ് നേടുമോയെന്നുപോലും യുഡിഎഫ് ക്യാംപില്‍ ആശങ്കയുണ്ടായി. മികച്ച പ്രകടനമാണ് മണ്ഡലത്തില്‍ ജെയ്ക് സി തോമസ് കാഴ്ചവച്ചത്. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തി മുന്നോട്ടുപോവുമ്പോഴും പ്രതീക്ഷിച്ച മുന്നേറ്റമില്ലെന്നത് യുഡിഎഫ് ക്യാംപിന് ആശങ്കയായിരുന്നു. വോട്ടെണ്ണല്‍ ഏഴാമത്തെ റൗണ്ടിലെത്തിയപ്പോള്‍ മുന്‍ മുഖ്യമന്ത്രിയുടെ ലീഡ് രണ്ടായിരത്തിലേക്ക് ഇടിഞ്ഞു. ഇതോടെയാണ് മണ്ഡലം സിപിഎം തിരിച്ചുപിടിക്കുമോയെന്ന പ്രതീതി ഉയര്‍ന്നുവന്നത്.
കോണ്‍ഗ്രസ് ക്യാംപിലാവട്ടെ ഇത് അസ്വസ്ഥതകളുണ്ടാക്കി. ഉമ്മന്‍ചാണ്ടിക്ക് വലിയ തിരിച്ചടിയായത് മണര്‍കാട് പഞ്ചായത്തിലും പാമ്പാടി പഞ്ചായത്തിലും ജെയ്ക് സി തോമസിന് കിട്ടിയ വോട്ടുകളാണ്. ഈ രണ്ട് പഞ്ചായത്തുകളിലും കനത്ത തിരിച്ചടിയേറ്റതിന് പിന്നില്‍ യാക്കോബായ സഭാ വിശ്വാസികളുടെ നിലപാടും കൂടി കാരണമാണ്. ഉമ്മന്‍ചാണ്ടിക്കെതിരേ യാക്കോബായ സഭയുടെ ഭാഗത്തുനിന്ന് എതിര്‍പ്പുകളുണ്ടായിരുന്നു, ജെയ്ക്കിന് പരസ്യപിന്തുണയും ലഭിച്ചു. യാക്കോബായ- ഓര്‍ത്തഡോക്സ് സഭാ തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ഉമ്മന്‍ചാണ്ടിയോട് സഭയ്ക്ക് നീരസമുണ്ടായത്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കള്‍ യാക്കോബായ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു.
സഭാ ആസ്ഥാനമായ എറണകുളം പുത്തന്‍ കുരിശിലെത്തി ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുമായാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തിയിരുന്നത്. ഇടതുമുന്നണിക്ക് അനുകൂലമായി യാക്കോബായ സഭ പരസ്യനിലപാട് സ്വീകരിച്ചിരിക്കെയായിരുന്നു കൂടിക്കാഴ്ച. എന്നാല്‍, സഭാനേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമൊന്നുമുണ്ടായില്ല. കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറല്ലെന്നാണ് യാക്കോബായ വിശ്വാസികളുടെ അഭിപ്രായം. പള്ളികള്‍ ഓരോന്നായി നഷ്ടപ്പെടുകയും ആരാധനാ സ്വതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്തതോടെ കോണ്‍ഗ്രസില്‍നിന്നകന്ന യാക്കോബായ വിശ്വാസികളെ തിരികെക്കൊണ്ടുവരാന്‍ ഉമ്മന്ചാണ്ടിക്കാവുമോയെന്ന് സംശയമുയര്‍ന്നിരുന്നു.
പിണറായി സര്‍ക്കാര്‍ അവതരിപ്പിച്ച സെമിത്തേരി ബില്ലിനെ നിയമസഭയിലും പുറത്തും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുള്‍പ്പെടെ കോണ്‍ഗ്രസ് പരസ്യമായി എതിര്‍ത്തതും യാക്കോബായ വിശ്വാസികളെ സിപിഎമ്മിനനുകൂലമാക്കി. കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അവതരിപ്പിച്ച സെമിത്തേരി ബില്‍ പൂര്‍ണതോതില്‍ പാസാക്കാനുമായില്ല. ഇതിലുള്ള അമര്‍ഷം യാക്കാബായ വിശ്വാസികളില്‍ നിലനില്‍ക്കുന്നുണ്ട്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പുതുപ്പള്ളിയുള്‍പ്പെടെ ആറു ഗ്രാമപ്പഞ്ചായത്തുകളിലും ഇക്കുറി എല്‍ഡിഎഫ് ഭരണത്തിലെത്തി. യാക്കോബായ സഭയ്ക്ക് നിര്‍ണായക സ്വാധീനമുള്ള ഇടങ്ങളാണിവ.
നേരത്തേ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കോടതിവിധി നടപ്പാക്കിയില്ലെന്ന കാരണത്താല്‍ ഓര്‍ത്തഡോക്സ് സഭാംഗംകൂടിയായ ഉമ്മന്‍ചാണ്ടിക്കെതിരേ പരസ്യനിലപാടെടുത്തിരുന്നെങ്കിലും അതില്‍നിന്ന് അല്പം അയഞ്ഞിട്ടുണ്ട്. സെമിത്തേരി ബില്ലിനെ നിയമസഭയില്‍ കോണ്‍ഗ്രസ് എതിര്‍ത്തതോടെയാണ് ഓര്‍ത്തഡോക്സ് വിഭാഗം നിലപാട് മയപ്പെടുത്തിയത്. ഇതും യാക്കോബായ വിശ്വാസികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. യാക്കോബായ- ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തിന്റെ ഇരയായി മാറിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. കഴിഞ്ഞ തവണ പാമ്പാടിയില്‍ 3000 ന് മുകളിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ലീഡെങ്കില്‍ ഇക്കുറി 750 വോട്ടിന്റെ ലീഡോടെ ജെയ്ക് ഇവിടെ മുന്നിലെത്തി.
പുതുപ്പള്ളി മണ്ഡലത്തിലെ മണര്‍കാട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് 1306 വോട്ടിന്റെ ലീഡാണുണ്ടായിരുന്നത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടിവന്നു. 25 വര്‍ഷത്തിന് ശേഷമാണ് പുതുപ്പള്ളി പഞ്ചായത്ത് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്. മുമ്പ് എല്ലാ പഞ്ചായത്തുകളും യുഡിഎഫാണ് ഭരിച്ചിരുന്നതെങ്കില്‍ നിലവില്‍ മീനടത്തും അയര്‍ക്കുന്നത്തും മാത്രമാണ് ഭരണം, മറ്റിടങ്ങളില്‍ എല്‍ഡിഎഫ് ചരിത്രത്തില്‍ ആദ്യമായാണു മണര്‍കാട് പഞ്ചായത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നത്. വാകത്താനം, പാമ്പാടി, അകലക്കുന്നം, കൂരോപ്പട എന്നിവിടങ്ങളിലും ഇടതുപക്ഷത്തിനാണ് ഭരണം.
RELATED STORIES
മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കും: അരവിന്ദ് കെജ് രിവാള്‍
15 Sep 2024 7:44 AM GMTകെജ്രിവാളിൻ്റെ മോചനം: ഹരിയാനയിൽ നേട്ടം മോഹിച്ച് ബിജെപി
15 Sep 2024 6:56 AM GMTമീററ്റില്‍ സാക്കിര്‍ കോളനിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് 10...
15 Sep 2024 5:29 AM GMTഐഎസ്എല്ലില്‍ ഇന്ന് മഞ്ഞപ്പട ഇറങ്ങുന്നു; രണ്ടും കല്‍പ്പിച്ച് പഞ്ചാബ്...
15 Sep 2024 4:02 AM GMTനിപ; മലപ്പുറത്ത് മരിച്ച യുവാവിന്റെ നേരിട്ട് സമ്പര്‍ക്കത്തിലുള്ളത് 26...
15 Sep 2024 3:54 AM GMTനിയമസഭാ സ്പീക്കർ എ എൻ ശംസീറിൻ്റെ മാതാവ് എ എൻ സറീന അന്തരിച്ചു
15 Sep 2024 1:20 AM GMT