Sub Lead

പ്രചാരണം അവസാന ലാപ്പിലേയ്ക്ക്; ചങ്ങനാശ്ശേരിയില്‍ ജനമനസ്സുകള്‍ കീഴടക്കി എം കെ നിസാമുദ്ദീന്‍

അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, സമരമുഖങ്ങളിലെ സജീവസാന്നിധ്യം, വിദ്യാഭ്യാസ കരിയര്‍ ഗൈഡന്‍സ് ട്രെയ്‌നര്‍ തുടങ്ങിയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിസാമുദ്ദീന്‍, ജീവകാരുണ്യ, സന്നദ്ധ സേവന മേഖലയിലെ സജീവസാന്നിധ്യമാണ്.

പ്രചാരണം അവസാന ലാപ്പിലേയ്ക്ക്; ചങ്ങനാശ്ശേരിയില്‍ ജനമനസ്സുകള്‍ കീഴടക്കി എം കെ നിസാമുദ്ദീന്‍
X

ചങ്ങനാശ്ശേരി: ജനകീയനായ നേതാവ്, ജനകീയ മുഖം, വോട്ടര്‍മാരുടെ മനസറിഞ്ഞവന്‍.... ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ എസ് ഡിപിഐ സ്ഥാനാര്‍ഥി എം കെ നിസാമുദ്ദീന് നാട്ടുകാര്‍ നല്‍കിയ വിശേഷണങ്ങളാണിവ. നിയമസഭാ തിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ മണ്ഡലത്തിലെ ജനകീയ സാന്നിധ്യമായി മാറിയിരിക്കുകയാണ് നിസാമുദ്ദീന്‍. വാഗ്ദാനങ്ങളോ വാചകക്കസര്‍ത്തുകളോ ഒന്നുമല്ല, ഏത് പ്രതിസന്ധിയിലും ജനങ്ങളോടൊപ്പമുണ്ടാവുമെന്ന ഉറപ്പാണ് നിസാമുദ്ദീന് നല്‍കാനുള്ളത്. തിരുവല്ല കുറ്റപ്പുഴ സ്വദേശിയായ നിസാമുദ്ദീന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്തേയ്ക്ക് കടന്നുവരുന്നത്.


അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, സമരമുഖങ്ങളിലെ സജീവസാന്നിധ്യം, വിദ്യാഭ്യാസ കരിയര്‍ ഗൈഡന്‍സ് ട്രെയ്‌നര്‍ തുടങ്ങിയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിസാമുദ്ദീന്‍, ജീവകാരുണ്യ, സന്നദ്ധ സേവന മേഖലയിലെ സജീവസാന്നിധ്യമാണ്. 2006-2009 കാലയളവില്‍ മാര്‍ത്തോമ കോളജില്‍നിന്ന് ബിരുദവും 2009-2011 ല്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 2011- 2012 കാലയളവില്‍ എംഎസ്ടി സ്‌കൂള്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. 2013ല്‍ കോട്ടയം പ്രസ്‌ക്ലബ്ബില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ കരസ്ഥമാക്കി.


2014- 2015 കാലയളവില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍നിന്ന് ബിഎഡ് പാസായി. 2007-2008 ല്‍ മാര്‍ത്തോമ കോളജ് യൂനിയന്‍ ജനറല്‍ സെക്രട്ടറി, 2014 ല്‍ പായിപ്പാട് ബി.എഡ് കോളജ് യൂനിയന്‍ ചെയര്‍മാന്‍, 2013 മുതല്‍ എന്‍സിഎച്ച്ആര്‍ഒ എക്‌സിക്യൂട്ടീവ് അംഗം, 2010 മുതല്‍ ആക്‌സസ് സ്‌റ്റേറ്റ് ട്രെയ്‌നര്‍, വിദ്യാഭ്യാസ കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

മഹാപ്രളയത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായപ്പോള്‍

മഹാപ്രളയത്തിലും കൊവിഡ് മാഹാമാരിയില്‍പ്പെട്ടും നട്ടംതിരിഞ്ഞപ്പോഴും ജനം ഇത് തൊട്ടറിഞ്ഞതാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം തിരുവല്ല മുനിസിപ്പല്‍ കൗണ്‍സിലറായിരിക്കെ വാര്‍ഡിലെ സമ്പൂര്‍ണ വികസന നായകന്‍ എന്നതിലുപരി മറ്റെല്ലാ വാര്‍ഡുകളിലും സേവനപ്രവര്‍ത്തനങ്ങള്‍കൊണ്ട് എല്ലാവര്‍ക്കും സുപരിചിതനാണ് അദ്ദേഹം.


നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടി മണ്ഡലത്തിലേക്ക് ഇറങ്ങിയപ്പോള്‍ ജനങ്ങള്‍ ഇരുകൈയും നീട്ടിയാണ് തങ്ങളുടെ പ്രിയ സാരഥിയെ സ്വീകരിച്ചത്. ഏവരുടെയും സ്‌നേഹവായ്പുകളും കരുതലും ഏറ്റുവാങ്ങിയാണ് അദ്ദേഹം മണ്ഡലത്തിലുടനീളം പര്യടനം നടത്തുന്നത്. പായിപ്പാട്, ചങ്ങനാശ്ശേരി, തെങ്ങണ മേഖലകളിലായിരുന്നു ഇന്നത്തെ പ്രചാരണം. പ്രധാനമായും വീടുകള്‍ കേന്ദ്രീകരിച്ചുള്ള വോട്ട് അഭ്യര്‍ഥനയാണ് നടത്തിയത്. ജനങ്ങളുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് നിസാമുദ്ദീന്‍ പറയുന്നു. മല്‍സരം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മണ്ഡലത്തിലെ പ്രധാന ചര്‍ച്ചാവിഷയം വികസനം തന്നെയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടുകാലമായി വികസനം എത്തിനോക്കാത്ത മണ്ഡലമാണ് ചങ്ങനാശ്ശേരിയെന്ന് നിസാമുദ്ദീന്‍ പറയുന്നു.


കുടിവെള്ള പദ്ധതി, മാലിന്യസംസ്‌കരണം, കെഎസ്ആര്‍ടിസി സമുച്ഛയം, പടിഞ്ഞാറന്‍ ബൈപാസ്, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം, ജനറല്‍ ആശുപത്രിയുടെ നവീകരണം തുടങ്ങിയ സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ ആധാരമാക്കിയുള്ള വികസന പദ്ധതികളാണ് പതിറ്റാണ്ടുകളായി വികസനം സ്വപ്‌നം കാണുന്ന ചങ്ങനാശ്ശേരിക്ക് ആവശ്യം. ചങ്ങനാശ്ശേരിയിലെ കുടിവെള്ളപ്രശ്‌നത്തിനും വെള്ളപ്പൊക്കത്തിനും ശാശ്വതപരിഹാരം കാണാന്‍ ജനപ്രതിനിധികള്‍ക്ക് ഇതുവരെ കഴിയാത്തത് വലിയ വീഴ്ചയായാണ് മണ്ഡലത്തിലെ ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ചങ്ങനാശ്ശേരിക്ക് സ്വന്തമായി ഒരു കുടിവെള്ള പദ്ധതി പോലുമില്ല. തിരുവല്ല നഗരസഭയുടെ കുടിവെള്ള പദ്ധതിയില്‍നിന്നാണ് ചങ്ങനാശ്ശേരിയില്‍ ജലമെത്തിക്കുന്നത്.


അശാസ്ത്രീയമായ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണമാണ് ചങ്ങനാശ്ശേരിയിലെ വെള്ളപ്പൊക്കത്തിന്റെ പ്രധാന കാരണം. കൂടാതെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഒരു പദ്ധതിയും ചങ്ങനാശ്ശേരിയെ തേടിയെത്തിയിട്ടില്ല. ഏതെങ്കിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കേന്ദ്രീകൃത സ്ഥാപനമോ ചങ്ങനാശ്ശേരിക്കില്ല. നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാവുന്ന പടിഞ്ഞാറന്‍ ബൈപാസ് യാഥാര്‍ഥ്യമാക്കുന്നതിനോട് സര്‍ക്കാരുകള്‍ ഇതുവരെയായും മുഖംതിരിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് നിസാമുദ്ദീന്‍ പറയുന്നു. 1977 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രം നോക്കിയാല്‍ കേരള കോണ്‍ഗ്രസ് മാത്രമേ ഇവിടെ നിന്നും ജയിച്ചിട്ടുള്ളൂ.


1980 മുതല്‍ സി എഫ് തോമസാണ് ഇവിടെ എംഎല്‍എ. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി സി എഫ് തോമസ് വിജയിച്ചെങ്കിലും 2020 സപ്തംബര്‍ 27ന് അദ്ദേഹം അന്തരിച്ചതോടെ ആ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ഇത്രയും വര്‍ഷം ഭരിച്ചിട്ടും വികസന മുരടിപ്പ് തന്നെയാണ് ചങ്ങനാശ്ശേരിയുടെ സമ്പാദ്യം. അധികാരത്തിനുവേണ്ടിയും സ്വന്തം നിലനില്‍പ്പിനുവേണ്ടിയും ജനങ്ങളെ വോട്ടുബാങ്കായി മാത്രം കാണുന്ന പ്രവണതയാണ് ഇത്രയും കാലം കണ്ടുവന്നിരുന്നത്.


മറുകണ്ടം ചാടലിന്റെയും മുന്നണി മാറ്റത്തിന്റെയും നേര്‍സാക്ഷ്യമായി മാറിയിരിക്കുകയാണ് ചങ്ങനാശ്ശേരിയിലെ ഇത്തവണത്തെ പോരാട്ടം. കഴിഞ്ഞ തവണ ഒന്നിച്ചുനിന്നവരാണ് ഇത്തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനെത്തിയിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് ജോസ് കെ മാണി ഗ്രൂപ്പിലെ ജോബ് മൈക്കിളാണെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ വി ജെ ലാലിയാണ്. ഒരേ മുന്നണിയില്‍ മല്‍സരിച്ചവര്‍ അധികാരത്തിനുവേണ്ടി മാത്രമായി തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുമ്പോള്‍ വോട്ടര്‍മാര്‍ കനത്ത തിരിച്ചടി നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

മഹാപ്രളയത്തിലെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍

ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ജി രാമന്‍നായരാവട്ടെ പഴയ കോണ്‍ഗ്രസുകാരനാണ്. അതുകൊണ്ടുതന്നെ ചങ്ങനാശ്ശേരിയിലെ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വ്യക്തമായ നിലപാട് പോലും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഭരണ- പ്രതിപക്ഷ കക്ഷികള്‍ അവരുടെ ജയപരാജയങ്ങളും അഴിമതിയും ചങ്ങനാശ്ശേരിയുടെ വികസന മുരടിപ്പും ചര്‍ച്ചയാക്കാതെ വര്‍ഗീയ ധ്രുവീകരണ അജണ്ടകളുടെ പിന്നാലെ പായുകയാണ്. വര്‍ഗീയധ്രുവീകരണത്തിലൂടെ രാഷ്ട്രീയനേട്ടം കൊയ്യാനുള്ള മുന്നണികളുടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ഗൂഢ അജണ്ടകളെ തുറന്നുകാട്ടിയാണ് എസ് ഡിപിഐ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. അതുകൊണ്ട് കത്രിക അടയാളത്തില്‍ വേട്ടുരേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് എം കെ നിസാമുദ്ദീന്‍ അഭ്യര്‍ഥിക്കുന്നു.

Next Story

RELATED STORIES

Share it