Sub Lead

കശ്മീരിലെ സ്ഥിതി അതീവഗുരുതരം: സീതാറാം കൊയ്‌വാള്‍

'കശ്മീരില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുക' എന്നാവശ്യപ്പെട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച എസ്ഡിപിഐ പ്രതിഷേധാഗ്‌നിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിലെ വിദ്യാര്‍ഥികള്‍ മുതല്‍ കര്‍ഷകര്‍ വരെയുള്ള എല്ലാ വിഭാഗം ജനങ്ങളുമായും തങ്ങള്‍ നേരിട്ട് സംസാരിച്ചതായി ഈയിടെ കശ്മീര്‍ സന്ദരിശിച്ച പ്രതിനിധി സംഘത്തില്‍ അംഗമായിരുന്ന അദ്ദേഹം പറഞ്ഞു.

കശ്മീരിലെ സ്ഥിതി അതീവഗുരുതരം: സീതാറാം കൊയ്‌വാള്‍
X

കോഴിക്കോട്: കശ്മീരിന്റെ സ്ഥിതി പുറത്തറിയുന്നതിനേക്കാള്‍ അതീവഗുരുതരമാണെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറി സീതാറാം കൊയ്‌വാള്‍. 'കശ്മീരില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുക' എന്നാവശ്യപ്പെട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച എസ്ഡിപിഐ പ്രതിഷേധാഗ്‌നിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ താഴ്‌വരയെ സൈനിക തടവറയാക്കി മാറ്റിയിരിക്കുകയാണ്. കശ്മീരിലെ വിദ്യാര്‍ഥികള്‍ മുതല്‍ കര്‍ഷകര്‍ വരെയുള്ള എല്ലാ വിഭാഗം ജനങ്ങളുമായും തങ്ങള്‍ നേരിട്ട് സംസാരിച്ചതായി ഈയിടെ കശ്മീര്‍ സന്ദരിശിച്ച പ്രതിനിധി സംഘത്തില്‍ അംഗമായിരുന്ന അദ്ദേഹം പറഞ്ഞു. കശ്മീര്‍ താഴ്‌വര മുഴുവന്‍ ജയിലിന് സമാനമായി മാറിയിരിക്കുകയാണ്.


മരുന്നുപോലും കിട്ടാനില്ലാത്ത ഗുരുതരമായ സ്ഥിതി. ഭൂമിയിലെ സ്വര്‍ഗമായിരുന്ന കശ്മീരിനെ നരകമാക്കിയിരിക്കുകയാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് കശ്മീരില്‍ നടക്കുന്നത്. നിയമങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അതീതമായാണ് സൈന്യം അവിടെ പ്രവര്‍ത്തിക്കുന്നത്. മനുഷ്യാവകാശങ്ങള്‍ക്ക് യാതൊരു വിലയുമില്ലാതായിരിക്കുന്നു. ആര്‍ട്ടിക്കിള്‍ 370, 35 എ വകുപ്പുകള്‍ റദ്ദാക്കുന്നതിന് ഭരണഘടന പറയുന്ന മാര്‍ഗനിര്‍ദേശങ്ങളൊന്നും കശ്മീരില്‍ പാലിക്കപ്പെട്ടിട്ടില്ല. തങ്ങളെ വിശ്വാസത്തിലെടുക്കാത്ത സര്‍ക്കാരിനെതിരായ പ്രതിേഷധം കശ്മീരിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കിടയിലും പ്രകടമാണ്. കശ്മീരിന്റെ ഈ ദുസ്ഥിതി ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളിലുമെത്തിക്കണമെന്ന അവരുടെ ആവശ്യം എസ്ഡിപിഐ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടേറിയറ്റംഗം പ്രഫ. പി കോയ വിഷയാവതരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍ പ്രതിഷേധാഗ്‌നിക്ക് തിരികൊളുത്തി. ദേശീയ സെക്രട്ടറി ആല്‍ഫോന്‍സോ ഫ്രാങ്കോ, ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി സംസാരിച്ചു. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370, 35 എ വകുപ്പുകള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കു നല്‍കുന്ന പ്രമേയം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി അവതരിപ്പിച്ചു.


സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി കെഉസ്മാന്‍, ഇ.എസ് ഖാജാ ഹുസൈന്‍, പി പി മൊയ്തീന്‍ കുഞ്ഞ്, സംസ്ഥാന സമിതിയംഗങ്ങലായ ജലീല്‍ നീലാമ്പ്ര, പി ആര്‍ കൃഷ്ണന്‍കുട്ടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ഡെയ്‌സി ബാലസുബ്രഹ്മണ്യന്‍, ഡോ. സി എച്ച് അഷ്ഫ്, കെ പി സുഫിറ, നൗഷാദ് മംഗലശ്ശേരി സംബന്ധിച്ചു. പൊതുസമ്മേളനത്തിനു മുന്നോടിയായി ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലിയും നടത്തി. ഇഎംഎസ് സ്‌റ്റേഡിയം പരിസരത്തുനിന്നാരംഭിച്ച റാലി മാവൂര്‍ റോഡ്, കെഎസ്ആര്‍ടിസി, മാനാഞ്ചിറ വഴി മുതലക്കുളത്തു സമാപിച്ചു.

Next Story

RELATED STORIES

Share it