Sub Lead

അഴിമതി ആരോപിച്ച് ഹിന്ദു വാഹിനി ദേശീയ നേതാവിന്റെ ആത്മഹത്യ: കര്‍ണാടക മന്ത്രി കെ എസ് ഈശ്വരപ്പയ്‌ക്കെതിരേ കേസ്

അഴിമതി ആരോപിച്ച് ഹിന്ദു വാഹിനി ദേശീയ നേതാവിന്റെ ആത്മഹത്യ: കര്‍ണാടക മന്ത്രി കെ എസ് ഈശ്വരപ്പയ്‌ക്കെതിരേ കേസ്
X

ബംഗളൂരു: അഴിമതി ആരോപിച്ച് ഹിന്ദു വാഹിനി ദേശീയ നേതാവ് കൂടിയായ കരാറുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുതിര്‍ന്ന ബിജെപി നേതാവും കര്‍ണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രിയുമായ കെ എസ് ഈശ്വരപ്പയ്‌ക്കെതിരേ പോലിസ് കേസെടുത്തു. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കരാറുകാരനായ സന്തോഷ് കെ പാട്ടീലിന്റെ (40) കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉഡുപ്പി പോലിസ് മന്ത്രിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 306 വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ഈശ്വരപ്പയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്. മന്ത്രിയുടെ സഹായികളായ ബസവരാജ്, രമേശ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. റോഡ് നിര്‍മാണത്തിന്റെ കരാറിന് കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം.

ഹിന്ദു വാഹിനി ദേശീയ സെക്രട്ടറിയായ സന്തോഷ് പാട്ടീലിനെ ചൊവ്വാഴ്ചയാണ് ഉഡുപ്പിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി മന്ത്രിയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വാട്‌സ് ആപ്പ് സന്ദേശം അയച്ച ശേഷമായിരുന്നു ആത്മഹത്യ. ബെലാഗവിയിലെ ഹിഗാല്‍ഡോയില്‍ റോഡ് നിര്‍മാണത്തിന്റെ കരാര്‍ നല്‍കിയതിന് ഈശ്വരപ്പ നാല് കോടി രൂപ കമ്മീഷന്‍ ആവശ്യപ്പെട്ടെന്നാണ് ഇയാള്‍ ആത്മഹത്യാ സന്ദേശത്തില്‍ ആരോപിച്ചത്. കമ്മീഷന്‍ തുക ചോദിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി മന്ത്രിയായിരിക്കുമെന്നും വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ കരാറുകള്‍ കൈകാര്യം ചെയ്യുന്ന തന്നെ മന്ത്രി മാനസികമായി പീഡിപ്പിക്കുകയാണ്.

നാല് കോടി രൂപ ചെലവഴിച്ച് ബെലഗാവിയില്‍ 2021 മെയ് മാസത്തില്‍ റോഡ് നിര്‍മിച്ചിരുന്നു. ഇതിന്റെ ബില്ലുകള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും പണം ലഭിച്ചില്ല. 40 ശതമാനം കമ്മീഷനാണ് മന്ത്രിയും കൂട്ടരും ആവശ്യപ്പെട്ടത്. എന്നാല്‍, ചോദിച്ച പണം നല്‍കാനായില്ലെന്നും പണം ലഭിക്കാത്തതിനാല്‍ വലിയ സാമ്പത്തിക ബാധ്യതയാണുള്ളതെന്ന് കാണിച്ച് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനും കത്തെഴുതിയിരുന്നു. വിഷയത്തില്‍ ബിജെപി നേതാക്കളെയും സമീപിച്ചു. എന്നാല്‍, നടപടി ഉണ്ടായില്ലെന്ന് പാട്ടീല്‍ പറയുന്നു.

ആത്മഹത്യയ്ക്ക് പിന്നാലെ ഈശ്വരപ്പയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മന്ത്രിക്കും കൂട്ടാളികള്‍ക്കുമെതിരേ ആത്മഹത്യാ പ്രേരണയ്ക്കും അഴിമതി നിരോധന നിയമപ്രകാരവും കേസെടുക്കണമെന്ന് കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് ആവശ്യപ്പെട്ടു. മന്ത്രിയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ഗവര്‍ണറോട് ആവശ്യപ്പെട്ടു. എന്നാല്‍, കോണ്‍ഗ്രസ് ആവശ്യം ബിജെപി തള്ളി. വിഷയത്തില്‍ പോലിസ് വിശദമായ അന്വേഷണം നടത്തുമെന്നും നേതാക്കള്‍ പ്രതികരിച്ചു.

സന്തോഷ് പാട്ടീലിനെ അറിയില്ലെന്നാണ് ഈശ്വരപ്പയുടെ പ്രതികരണം. എന്തുവന്നാലും താന്‍ രാജിവയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി. മന്ത്രി കെ എസ് ഈശ്വരപ്പയെ വിളിച്ചുവരുത്തി വിഷത്തെക്കുറിച്ച് സംസാരിക്കും. രാജിയെക്കുറിച്ച് അദ്ദേഹം എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it