Sub Lead

10 കോടി നഷ്ടപരിഹാരം സ്വീകരിക്കാമെന്ന് കുടുംബം; കടല്‍ക്കൊലക്കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയില്‍

10 കോടി നഷ്ടപരിഹാരം സ്വീകരിക്കാമെന്ന് കുടുംബം; കടല്‍ക്കൊലക്കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയില്‍
X
ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ഇറ്റലി നല്‍കുന്ന 10 കോടി രൂപ നഷ്ടപരിഹാര തുക സ്വീകരിക്കാമെന്ന് കൊല്ലപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമയും അറിയിച്ചതായി കേരളം. കേസിലെ നടപടികള്‍ അവസാനിപ്പിക്കണം എന്ന കേന്ദ്ര ആവശ്യം സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേരളത്തിന്റെ നിലപാടുമാറ്റും. സംസ്ഥാന അഡീഷനല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്, കേന്ദ്ര വിദേശകാര്യ സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇറ്റലി നല്‍കുന്ന നഷ്ടപരിഹാര തുക സ്വീകരിക്കാമെന്ന് കൊല്ലപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമയും അറിയിച്ചതായാണ് വ്യക്തമാക്കിയത്. ഇക്കാര്യം കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ സുപ്രിം കോടതിയെ അറിയിച്ചു. വെടിയേറ്റ് മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബാംഗങ്ങളും സെന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രെഡിയും നഷ്ടപരിഹാരം സ്വീകരിക്കാമെന്ന് വ്യക്തമാക്കി നല്‍കിയ സത്യവാങ്മൂലങ്ങളും കേരളം കൈമാറിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. രാജ്യാന്തര ട്രൈബ്യുണലിന്റെ തീര്‍പ്പിന്റെ പശ്ചാത്തലത്തില്‍ സുപ്രിം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കടല്‍ കൊല കേസിന്റെ നടപടികള്‍ അവസാനിപ്പിക്കണം എന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക.

നഷ്ടപരിഹാര ഫോര്‍മുല പ്രകാരം ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാല് കോടി രൂപ വീതമാണ് ലഭിക്കുക. സെന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപ ലഭിക്കും. നേരത്തേ നല്‍കിയ 2.17 കോടിക്ക് പുറമെയാണ് ഇപ്പോള്‍ നല്‍കുന്ന 10 കോടി നഷ്ടപരിഹാരമെന്നാണ് ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുള്ളത്. രാജ്യാന്തര ട്രൈബ്യുണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കടല്‍ക്കൊല കേസിന്റെ നടപടികള്‍ അവസാനിപ്പിക്കുന്നതിനോട് എതിര്‍പ്പ് അറിയിച്ചിരുന്ന കേരളം, നഷ്ടപരിഹാരം സംബന്ധിച്ച വ്യവസ്ഥയോടെയാണ് മുന്‍ നിലപാട് മാറ്റിയതെന്നാണു സൂചന.

നേരത്തേ, ക്രിമിനല്‍ കേസിലെ വിചാരണ ഏത് രാജ്യത്താണ് നടത്തേണ്ടതെന്ന് ഉത്തരവിടാന്‍ രാജ്യാന്തര ട്രൈബ്യുണലിന് അധികാരമില്ലെന്നയിരുന്നു കേരളം സ്വീകരിച്ച നിലപാട്. രാജ്യാന്തര ഉടമ്പടിക്ക് പുറത്തുള്ള വിഷയമാണ് ക്രിമിനല്‍ കേസിലെ അധികാര പരിധി നിശ്ചയിക്കല്‍. അതിനാല്‍ തന്നെ രാജ്യാന്തര ട്രൈബ്യുണല്‍ വിധി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കരുതെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. കടല്‍കൊല കേസില്‍ വിചാരണ നടത്താനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നാണ് 2013ല്‍ സുപ്രിം കോടതി വിധിച്ചിരുന്നു. 2013 ലെ സുപ്രീം കോടതി വിധി നിലനില്‍ക്കെ കേന്ദ്ര സര്‍ക്കാരിന് മറിച്ചൊരു തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും കേരളം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു.

അതേസമയം, സെന്റ് ആന്റണീസ് ബോട്ടില്‍ ഉണ്ടായിരുന്ന എട്ട് മല്‍സ്യത്തൊഴിലാളികളും ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച അജേഷ് പിങ്കിയുടെ ബന്ധുവും ബോട്ടില്‍ ഉണ്ടായിരുന്ന പ്രായപൂര്‍ത്തിയാവാത്ത മല്‍സ്യത്തൊഴിലാളി പ്രിജിന്റെ അമ്മയും തങ്ങളുടെ വാദം കേള്‍ക്കാതെ കേസിലെ നടപടികള്‍ അവസാനപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. നിലപാടില്‍ ഇവര്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ കേസ് നടപടികള്‍ നീണ്ടു പോയേക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Kadal kola case is back in Supreme Court today


Next Story

RELATED STORIES

Share it