Sub Lead

കൊവിഡ് വ്യാപനം: അലനേയും താഹയേയും ജയില്‍ മോചിതരാക്കണമെന്ന് കെ അജിത

കൊടും കുറ്റവാളികളല്ലാത്ത വിദ്യാര്‍ത്ഥികളെയും സ്ത്രീകളെയും പ്രായമായവരെയും താല്‍ക്കാലികമായി ജാമ്യത്തില്‍ വിട്ടയക്കണമെന്നും പ്രസ്താവനയില്‍ ആവശ്യമുന്നയിക്കുന്നു.

കൊവിഡ് വ്യാപനം: അലനേയും താഹയേയും ജയില്‍ മോചിതരാക്കണമെന്ന് കെ അജിത
X

കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകളില്‍ ഉള്‍പ്പടെ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ അലനേയും താഹയേയും ജയില്‍ മോചിതരാക്കണമെന്ന് ഇരുവരുടേയും മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സമിതിക്കു വേണ്ടി കെ അജിത പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കൊടും കുറ്റവാളികളല്ലാത്ത വിദ്യാര്‍ത്ഥികളെയും സ്ത്രീകളെയും പ്രായമായവരെയും താല്‍ക്കാലികമായി ജാമ്യത്തില്‍ വിട്ടയക്കണമെന്നും പ്രസ്താവനയില്‍ ആവശ്യമുന്നയിക്കുന്നു.

പ്രസ്താവനയുടെ പൂര്‍ണ രൂപം .......

സംസ്ഥാനത്തെജയിലുകളില്‍ കൊവിഡ് വ്യാപിച്ചു തുടങ്ങിയിരിക്കുന്നു. തിരുവനന്തപുരം പൂജപ്പുര ജയിലില്‍ മുന്നൂറിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ചതായാണ് വാര്‍ത്ത. അവിടെ ഒരു തടവുകാരന്റെ മരണവും റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു.

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് പല രാജ്യങ്ങളിലും തടവുകാരെ ഉപാധികളോടെ പുറത്തുവിടുകയാണ്. പ്രത്യേകിച്ചും വിദ്യാര്‍ത്ഥികളെയും സ്ത്രീകളെയും വൃദ്ധരെയും. ഇവിടെ അത്തരത്തില്‍ ഒരു നീക്കവും കാണുന്നില്ല. കൂടുതല്‍പേരെ തടവിലേക്ക് അയക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. വലിയ കുറ്റവാളികളെ പിടികൂടുന്നതിനെക്കാള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും എഴുത്തുകാര്‍ക്കും ജനകീയ സമര സേനാനികള്‍ക്കും ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്തുള്ള തടവുജീവിതം നല്‍കാനാണ് ഈയിടെയായി സര്‍ക്കാര്‍ ഉത്സാഹിക്കുന്നത്.

കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണെന്നു പറയാനാവില്ല. അലനും താഹയും ജയിലില്‍ തന്നെയാണ്. പൂജപ്പുരയില്‍ കൊവിഡ് പടരുന്നു. മറ്റു ജയിലുകളിലേക്കും അതു വ്യാപിക്കാന്‍ സാധ്യത ഏറെയുണ്ട്. തടവുകാരെയും ജീവനക്കാരെയുമെല്ലൊം ജയില്‍ മാറ്റുമ്പോള്‍ വേണ്ട കരുതലുകള്‍ എടുക്കുന്നുണ്ടോ എന്നു പരിശോധിക്കണം. തടവുകാരുടെ കാര്യത്തില്‍ അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ കൊവിഡ് ടെസ്റ്റ് നടക്കുന്നുണ്ടാവും. എന്നാല്‍ ജീവനക്കാര്‍ ജയില്‍ മാറുമ്പോള്‍ ടെസ്റ്റുകള്‍ നടക്കുന്നുണ്ടോ? പൂജപ്പുരയില്‍നിന്ന് സ്ഥലംമാറ്റം നേടി മറ്റു ജയിലുകളിലെത്തിയ ജീവനക്കാരെ ശ്രദ്ധിക്കേണ്ടതില്ലേ? അവരിലൂടെ രോഗം പടരാനിടയാവുമോ?

ജയിലുകളില്‍ തടവുകാര്‍ കൊവിഡ് അച്ചടക്കം പാലിക്കണമെന്ന് നിര്‍ബന്ധം കാണും. എന്നാല്‍ ജീവനക്കാര്‍ക്കും അതു ബാധകമാണ് എന്ന കാര്യം ഓര്‍ക്കാറുണ്ടോ? പലയിടത്തും മാസ്‌ക് ധരിക്കാനും മറ്റും മറക്കുന്ന വാര്‍ഡന്മാരുണ്ടെന്നു ഭയക്കേണ്ടി വരുന്നു. ഒരു ജയിലില്‍ ഒന്നിച്ചു കഴിയുന്ന തടവുകാരില്‍ രോഗം പരക്കാന്‍ വളരെ എളുപ്പമാണ്. അടിയന്തരമായും എല്ലാ ജയിലുകളിലും ടെസ്റ്റ് നടത്തണം. രോഗം പരക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ ശക്തിപ്പെടുത്തണം. ഇതിന്റെ ഭാഗമായി കൊടുംകുറ്റവാളികളല്ലാത്ത വിദ്യാര്‍ത്ഥികളെയും സ്ത്രീകളെയും പ്രായമായവരെയും താല്‍ക്കാലികമായി ജാമ്യത്തില്‍ വിട്ടയക്കണം.

അലന്റെയും താഹയുടെയും കാര്യത്തില്‍ അലന്‍ താഹ മനുഷ്യാവകാശ കമ്മറ്റിക്കുള്ള ഉത്ക്കണ്ഠ രേഖപ്പെടുത്തുന്നു. തെളിവുകളില്ലാതെ പിടികൂടി യു എ പി എ ചുമത്തപ്പെട്ട വിദ്യാര്‍ത്ഥികളാണവര്‍. അവരുടെ ജീവന് ഇപ്പോഴത്തെ തടവുജീവിതം ഭീഷണിയാവുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. ഉപാധികളോടെ ഉടന്‍ ജാമ്യം നല്‍കി അവരെ പുറത്തുവിടാന്‍ അധികാരികള്‍ തയ്യാറാവണം.

അസാധാരണമായ ഈ സന്ദര്‍ഭത്തില്‍ ചില അസാധാരണ നടപടികള്‍ ആവശ്യമാകും. കൊടുംകുറ്റവാളികളല്ലാത്ത കരുതല്‍ തടവുകാരും രാഷ്ട്രീയ തടവുകാരുമെല്ലാം കുറേകൂടി നീതി അര്‍ഹിക്കുന്നുണ്ട്. അലന്‍ താഹമാരുടെ കാര്യത്തില്‍ അവരുടെ കുടുംബങ്ങളുടെ ഉത്ക്കണ്ഠ പരിഗണിക്കപ്പെടണമെന്ന് ഞങ്ങള്‍ കരുതുന്നു.

Next Story

RELATED STORIES

Share it