Sub Lead

കശ്മീരി നേതാവ് ഷാ ഫൈസലിനെതിരേയും പിഎസ്എ ചുമത്തി

കശ്മീരി നേതാവ് ഷാ ഫൈസലിനെതിരേയും പിഎസ്എ ചുമത്തി
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങൡും കശ്മീരികളോടുള്ള സമീപനങ്ങളിലും പ്രതിഷേധിച്ച് സിവില്‍ സര്‍വീസില്‍ നിന്ന് രാജിവച്ച് രാഷ്ട്രീയപ്രവര്‍ത്തനത്തിലേര്‍പ്പെട്ട 2010ലെ ഐഎഎസ് ടോപറായിരുന്ന ഷാ ഫൈസലിനെതിരേ പൊതുസുരക്ഷാ നിയമം(പിഎസ്എ) ചുമത്തി. മൂന്നുമാസം വരെ വിചാരണ കൂടാതെ തടങ്കലില്‍ വയ്ക്കാന്‍ അനുമതി നല്‍കുന്നതാണ് പൊതുസുരക്ഷാ നിയമം. നേരത്തേ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരേയും പിഎസ്എ ചുമത്തിയിരുന്നു. ഇവര്‍ക്കു പുറമെ കശ്മീരി നേതാക്കളായ അലി മുഹമ്മദ് സാഗര്‍, നഈം അക്തര്‍, സര്‍താജ് മദനി, ഹിലാല്‍ ലോണ്‍ എന്നിവര്‍ക്കെതിരേയും പിഎസ്എ ചുമത്തിയിരുന്നു.

കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേകാവകാശം റദ്ദാക്കിയതിനു പിന്നാലെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്ത് 14നാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് ഷാ ഫൈസലിനെ തടഞ്ഞത്. മാത്രമല്ല, വിദേശത്തേക്കു യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ശ്രീനഗറിലേക്ക് തിരിച്ചയക്കുകയും ചെയ്ത ശേഷം തടങ്കലിലാക്കുകയായിരുന്നു. ആഗസ്ത് 12ന് ഇന്റലിജന്‍സ് ബ്യൂറോ ഷാ ഫൈസലിനെതിരേ രാജ്യം വിടരുതെന്ന് ആവശ്യപ്പെട്ട് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഹാവഡ് യൂനിവേഴ്‌സിറ്റിയില്‍ പഠനത്തിനു വേണ്ടി യുഎസിലേക്ക് പോവുകയാണെന്ന ഷാ ഫൈസലിന്റെ വാദം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ടൂറിസ്റ്റ് വിസയിലാണ് യാത്രയെന്നും വിദ്യാര്‍ഥി വിസയിലല്ലെന്നും പറഞ്ഞാണ് ഷാ ഫൈസലിനെ തടഞ്ഞുവച്ചത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ഏറ്റവും ശക്തമായി വിമര്‍ശിച്ചവരില്‍ ഒരാളായിരുന്നു ഷാ ഫൈസല്‍. കശ്മീരിലെ തുടര്‍ കൊലപാതകങ്ങളിലും ഇന്ത്യന്‍ മുസ്‌ലിംകളെ പാര്‍ശ്വവല്‍ക്കരിക്കുന്ന കേന്ദ്ര നിലപാടിലും പ്രതിഷേധിച്ചാണ് ഷാ ഫൈസല്‍ കഴിഞ്ഞ ജനുവരിയില്‍ ഐഎഎസ് പദവിയില്‍ നിന്നു രാജിവച്ചത്. 2010 ല്‍ സംസ്ഥാനത്ത് നിന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വ്യക്തിയാണ് ഷാ ഫൈസല്‍. വിഘടനവാദികള്‍ക്കെതിരേ പ്രയോഗിക്കാനെന്നു പറഞ്ഞ് കൊണ്ടുവന്ന നിയമത്തെ ഒരു മുഖ്യധാരാ രാഷ്ട്രീയക്കാരനെതിരേ, പ്രത്യേകിച്ച് എംപിയും മൂന്ന് തവണ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരേ പിഎസ്എ ചുമത്തിയതിലൂടെ തന്നെ നിയമത്തിന്റെ ദുര്‍വിനിയോഗത്തെ കുറിച്ച് ഏറെ ചര്‍ച്ചയുണ്ടായിരുന്നു. ജമ്മു കശ്മീര്‍ പബ്ലിക് സേഫ്റ്റി ആക്റ്റ് എന്ന് വിളിക്കപ്പെടുന്ന നിയമം ഫാറൂഖ് അബ്ദുല്ലയുടെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ലയാണ് അവതരിപ്പിച്ചത്.




Next Story

RELATED STORIES

Share it