Big stories

വ്യാജ 'ഭീകരാക്രമണം'; കശ്മീരില്‍ ബിജെപി നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും അറസ്റ്റില്‍

വ്യാജ ഭീകരാക്രമണം; കശ്മീരില്‍ ബിജെപി നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും അറസ്റ്റില്‍
X

ശ്രീനഗര്‍: 'ഭീകരാക്രമണം' നടന്നതായി വ്യാജപ്രചാരണം നടത്തിയതിന് ജമ്മു കശ്മീരില്‍ രണ്ട് ബിജെപി നേതാക്കളെയും അവരുടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെയും പോലിസ് അറസ്റ്റുചെയ്തു. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലാണ് സംഭവം. ബിജെപി ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി മീറിന്റെ മകനും നേതാവുമായ ഇഷ്ഫാഖ് അഹമ്മദ്, വടക്കന്‍ കശ്മീരിലെ അതിര്‍ത്തി ജില്ലയിലെ ബിജെപിയുടെ വക്താവ് ബഷറത്ത് അഹമ്മദ്, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവരെ മജിസ്‌ട്രേറ്റ് ഏഴുദിവസത്തേക്ക് റിമാന്റ് ചെയ്തു. അജ്ഞാതരായ തോക്കുധാരികള്‍ തങ്ങളെ വെടിവച്ചുവെന്നായിരുന്നു ബിജെപി നേതാക്കളുടെ അവകാശവാദം.

ഇഷ്ഫാഖ് അഹമ്മദിന്റെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. 'ഭീകരര്‍' ആക്രമണം നടത്തിയെന്നാണ് ഇവര്‍ പ്രചരിപ്പിച്ചത്. എന്നാല്‍, പിന്നീട് നടന്ന അന്വേഷണത്തില്‍ ഭരണകൂടത്തില്‍നിന്ന് കൂടുതല്‍ സുരക്ഷ നേടുന്നതിനും മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനും ബിജെപി നേതാക്കള്‍ ആസൂത്രണം ചെയ്തതാണ് 'ഭീകരാക്രമണ' കഥയെന്ന് വ്യക്തമായി. ബിജെപി നേതൃത്വവും ഇക്കാര്യം സ്ഥിരീകരിക്കുന്നു. വിവിധ സ്രോതസ്സുകളില്‍നിന്ന് ലഭിച്ച ചില റിപോര്‍ട്ടുകള്‍ പ്രകാരം തങ്ങളുടെ പ്രവര്‍ത്തകരുടെ വിശ്വാസ്യതയില്‍ സംശയം ജനിപ്പിച്ചതായി ബിജെപി നേതൃത്വം പ്രതികരിച്ചു.

ജൂലൈ 16 ന് രാത്രി 8:40 നും 8:50 നും ഇടയിലാണ് സംഭവം. കുപ്‌വരയിലെ ഗുല്‍ഗാം പ്രദേശത്ത് രണ്ട് നേതാക്കള്‍ 'തീവ്രവാദ' ആക്രമണത്തിനിരയായിട്ടുണ്ടെന്ന് വിവരം ലഭിച്ചതായി ബിജെപി നേതൃത്വത്തെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപോര്‍ട്ട് ചെയ്തു. വെടിവയ്പ്പ് കേട്ടതായി ഗ്രാമവാസികളും സ്ഥിരീകരിച്ചു. എന്നാല്‍, ബിജെപി നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി സുരക്ഷാ ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. തനിക്ക് പരിക്കേറ്റതായും ആശുപത്രിയില്‍ ചികില്‍സയിലാണെന്നും ഇഷ്ഫാഖ് അഹമ്മദ് മീറും പറഞ്ഞു.

തുടര്‍ന്ന് പ്രദേശവാസികളില്‍നിന്ന് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. അപ്പോഴാണ് നേതാക്കള്‍ പറയുന്നതില്‍ എന്തൊക്കെയോ പൊരുത്തക്കേടുകളുണ്ടെന്ന് മനസ്സിലായത്. കൂടുതല്‍ സുരക്ഷാ പരിരക്ഷ ലഭിക്കാനാണ് അവര്‍ ഇത്തരമൊരു നാടകം കളിച്ചതെന്ന് തോന്നുന്നു- ബിജെപി വക്താവ് മന്‍സൂര്‍ അഹമ്മദ് ഭട്ട് പറഞ്ഞു. വ്യാജ 'ഭീകരാക്രമണം' സൃഷ്ടിച്ചതിന്റെ പേരില്‍ പോലിസ് അറസ്റ്റുചെയ്തതിന് പിന്നാലെ ജില്ലാ മേധാവി മുഹമ്മദ് ഷാഫി മീറിനെയും മകന്‍ ഇഷ്ഫാഖ് അഹമ്മദിനെയും ബഷറത്ത് അഹമ്മദിനെയും ബിജെപി സസ്‌പെന്റ് ചെയ്തു. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ബിജെപി ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജൂലൈ 25ന് മുമ്പ് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈയില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടിയെന്നും ബിജെപി നേതാവിന് നിസാര പരിക്കേറ്റെന്നുമാണ് പോലിസ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥന്‍ കാറില്‍നിന്ന് തോക്കെടുക്കുന്നതിനിടെ അബദ്ധത്തില്‍ ബിജെപി നേതാവ് ഇഷ്ഫാഖ് മീറിന്റെ കൈയിലിടിച്ചതിനെത്തുടര്‍ന്ന് പരിക്കേറ്റതായും പോലിസ് അറിയിച്ചു. സായുധാക്രമണം സംബന്ധിച്ച് ജനങ്ങള്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കുപ്‌വാര ജില്ലാ പോലിസ് ട്വീറ്റ് ചെയ്തു.

'തീവ്രവാദികള്‍' ചമഞ്ഞ് മുമ്പും തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ കശ്മീരില്‍ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റുചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളിലായി രണ്ട് ബിജെപി പഞ്ചായത്ത് അംഗങ്ങളെ അനന്ത്‌നാഗ്, സോപൂര്‍ പ്രദേശങ്ങളില്‍നിന്ന് 'തീവ്രവാദി'കളായി ആള്‍മാറാട്ടം നടത്തിയതിന്റെ പേരില്‍ പിടികൂടിയിരുന്നു. വ്യാപാരികളില്‍നിന്നും ആപ്പിള്‍ ഡീലര്‍മാരില്‍നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതിന്റെ പേരിലായിരുന്നു അറസ്റ്റ്. കഴിഞ്ഞവര്‍ഷം മറ്റൊരു ബിജെപി നേതാവ് താരിഖ് അഹമ്മദ് മീറിനെ സായുധരുമായുള്ള ബന്ധത്തിന്റെ പേരില്‍ എന്‍ഐഎ അറസ്റ്റുചെയ്തിരുന്നു.

സായുധ ഗ്രൂപ്പായ ഹിസ്ബുള്‍ മുജാഹിദ്ദീന് ആയുധം നല്‍കിയെന്നായിരുന്നു ഇയാള്‍ക്കെതിരായ ആരോപണം. 2020 ജനുവരിയില്‍ ഹിസ്ബുള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം യാത്രചെയ്യവെ അറസ്റ്റിലായ മുതിര്‍ന്ന ജമ്മു കശ്മീര്‍ പോലിസ് ഉദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിങ്ങിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു അറസ്റ്റ്. ഷോപിയാന്‍ ജില്ലയിലെ വാച്ചിയില്‍നിന്നുള്ള സര്‍പഞ്ച് (വില്ലേജ് ചീഫ്) ആയിരുന്നു താരിഖ് അഹമ്മദ് മീര്‍. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ അദ്ദേഹം മല്‍സരിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it