Sub Lead

എം കെ ഫൈസിയുടെ അറസ്റ്റ് അത്യന്തം ആശങ്കാജനകം: ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അമീര്‍

എം കെ ഫൈസിയുടെ അറസ്റ്റ് അത്യന്തം ആശങ്കാജനകം: ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അമീര്‍
X

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം ചുമത്തി എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ ഇഡി അറസ്റ്റ് ചെയ്തത് അത്യന്തം ആശങ്കാജനകമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അമീര്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി പ്രസ്താവനയില്‍ പറഞ്ഞു.മതന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട നേതാക്കളെയും പ്രതിപക്ഷകക്ഷികളെയും പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെയും ലക്ഷ്യമിട്ട് സമീപകാലത്തായി വ്യാപകമായി നടത്തി വരുന്ന അടിച്ചമര്‍ത്തല്‍ നടപടികളുടെ തുടര്‍ച്ചയായേ ഫൈസിയുടെ അറസ്റ്റിനെയും കാണാനാവൂ. സാമ്പത്തിക കുറ്റാന്വേഷണത്തിന്റെ കപടന്യായങ്ങളുയര്‍ത്തി രാഷ്ട്രീയ വിയോജിപ്പുകളെ അടിച്ചമര്‍ത്തുകയാണ് ഭരണകൂടം. ഫൈസിയെ അറസ്റ്റ് ചെയ്ത സമയം രീതിയുമെല്ലാം തെളിയിക്കുന്നത് ഇതൊരന്വേഷണമല്ല, മറിച്ച് അധികാരം ഉപയോഗിച്ച് കീഴ്‌പ്പെടുത്താനുള്ള ശ്രമമാണെന്നാണ്. ധാരാളം ഗ്രൂപ്പുകള്‍ ശിക്ഷാഭീതിയില്ലാതെ വിദ്വേഷ പ്രസംഗങ്ങളും അക്രമ പ്രവര്‍ത്തനങ്ങളും തുടരുകയും അവരെല്ലാം നിയമത്തിന്റെ വരുതിയില്‍നിന്ന് വഴുതിമാറുകയും ചെയ്യുമ്പോഴാണ് ഇത്തരം നടപടികള്‍. വിവേചനപരമായ ഇത്തരം നിയമപ്രയോഗങ്ങള്‍ രാജ്യത്തിന്റെ നിയമവാഴ്ചയിലും ജനാധിപത്യ സ്ഥാപനങ്ങളിലും പൊതുജനങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ അടിത്തറയാണ് തകര്‍ക്കുന്നത്. ഭരണകൂടത്തിന്റെ അധികാര ദുര്‍വിനിയോഗത്തെക്കുറിച്ച് വിമര്‍ശനാത്മക ചോദ്യങ്ങളാണ് ഈ നടപടി ഉയര്‍ത്തുന്നത്.

എല്ലാ രൂപത്തിലുമുള്ള അനീതിയെയും പക്ഷപാതത്തെയും സംഘടനകളെയും വ്യക്തികളെയും തിരഞ്ഞുപിടിച്ച് ലക്ഷ്യം വയ്ക്കുന്ന രീതിയെയും ഞങ്ങള്‍ അപലപിക്കുന്നു. ഏതെങ്കിലും സുവ്യക്തമായ തെളിവുകളുണ്ടെങ്കില്‍ അതിനെതിരേ രാഷ്ട്രീയ മുന്‍വിധികളില്‍ നിന്നു മുക്തമായ ശരിയായതും സ്വതന്ത്രമായതുമായ അന്വേഷണമാണ് ഏജന്‍സികള്‍ നടത്തേണ്ടത്. ഭരണഘടനാ തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും ശരിയായ രീതിയിലുള്ള നിയമനടപടികള്‍ പാലിച്ചും നീതിപൂര്‍വമായ അന്വേഷണമാണ് എം കെ ഫൈസിയുടെ കേസില്‍ ഉണ്ടാവേണ്ടതെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു സയ്യിദ് സആദത്തുല്ലാ ഹുസൈനി വ്യക്തമാക്കി.

Next Story

RELATED STORIES

Share it