Sub Lead

എഐസിസി നിരീക്ഷക സ്ഥാനമൊഴിഞ്ഞ് അജയ് മാക്കന്‍

എഐസിസി നിരീക്ഷക സ്ഥാനമൊഴിഞ്ഞ് അജയ് മാക്കന്‍
X

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ അസ്വാരസ്യം. രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി നിരീക്ഷക സ്ഥാനം അജയ് മാക്കന്‍ രാജിവച്ചു. ഹൈക്കമാന്‍ഡ് നിര്‍ദേശം ധിക്കരിച്ച് സപ്തംബര്‍ 25ന് അശോക് ഗെലോട്ട് അനുകൂലികള്‍ സമാന്തര പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടത്തിയ സംഭവത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ഹൈക്കമാന്‍ഡ് വിളിച്ചുചേര്‍ത്ത സിഎല്‍പി യോഗം എംഎല്‍എമാര്‍ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 'രാജസ്ഥാന്‍ പ്രതിസന്ധി'ക്ക് കാരണക്കാരായ കാബിനറ്റ് മന്ത്രി ശാന്തി ധരിവാള്‍, ചീഫ് വിപ്പ് മഹേഷ് ജോഷി, ആര്‍ടിഡിസി ചെയര്‍മാന്‍ ധര്‍മേന്ദ്ര റാത്തോഡ് എന്നിവര്‍ക്ക് പാര്‍ട്ടി അച്ചടക്ക സമിതി നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ തുടര്‍നടപടി സ്വീകരിക്കാത്തതിനാല്‍ നിരീക്ഷക സ്ഥാനത്ത് തുടരാന്‍ തനിക്ക് ധാര്‍മികമായ അവകാശമില്ലെന്ന് നവംബര്‍ എട്ടിന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നല്‍കിയ രാജിക്കത്തില്‍ മാക്കന്‍ കുറിച്ചു.

അച്ചടക്കലംഘനം നടത്തിയ മൂന്ന് നേതാക്കളെ ഭാരത് ജോഡോ യാത്രയുടെ ചുമതല നല്‍കിയതിനെ വിമര്‍ശിച്ച മാക്കന്‍, ഇവര്‍ ഖേദപ്രകടനം പോലും നടത്തിയില്ലെന്ന് കുറ്റപ്പെടുത്തുന്നു. രാജി സ്വീകരിക്കാതിരുന്ന ഖാര്‍ഗെ, മാക്കനോട് സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഏഴ് ദിവസത്തിന് ശേഷവും നടപടി സ്വീകരിക്കാത്തതിനാല്‍ മാക്കന്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു. തനിക്ക് ഒരു ധാര്‍മിക അധികാരവും അവശേഷിക്കുന്നില്ല. എന്ത് അധികാരത്തോടെയാണ് താന്‍ എംഎല്‍എമാരുമായി ഇടപഴകുക അല്ലെങ്കില്‍ ചുമതല നിര്‍വഹിക്കുക.

കടുത്ത അച്ചടക്കമില്ലായ്മ ഉണ്ടായെങ്കിലും നടപടിയുണ്ടായില്ല. ഒരു ക്ഷമാപണം പോലുമില്ല- അദ്ദേഹം കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രയെ ഏകോപിപ്പിക്കുന്നതിനായി പാര്‍ട്ടി രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ ഈ ആഴ്ച ആദ്യം നടന്ന യോഗത്തില്‍ നിന്ന് മാക്കന്‍ വിട്ടുനിന്നതായും റിപോര്‍ട്ടുകളുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യാത്ര രാജസ്ഥാനിലേക്ക് കടക്കാനിരിക്കെ ഒരുക്കങ്ങള്‍ കമ്മിറ്റി വിലയിരുത്തി. യാത്രയും ഉപതിരഞ്ഞെടുപ്പും കണക്കിലെടുത്ത് എത്രയും വേഗം രാജസ്ഥാന്‍ ഘടകത്തിന്റെ ചുമതലയില്‍ പുതിയ ആളെ നിയമിക്കേണ്ടത് അനിവാര്യമാണെന്ന് മാക്കന്‍ ഖാര്‍ഗെയോട് പറഞ്ഞു.

Next Story

RELATED STORIES

Share it