Sub Lead

'നിരവധി സൈനികര്‍ കൊല്ലപ്പെടുന്നു'; പൊട്ടിക്കരഞ്ഞ് ഇസ്രായേല്‍ ധനമന്ത്രി

അതേസമയം, സൈന്യത്തില്‍ ചേരണമെന്ന ആവശ്യം ജൂതന്‍മാരിലെ അള്‍ട്രാ ഓര്‍ത്തഡോക്‌സ് ഹരേദി വിഭാഗം തള്ളിയതായി റിപോര്‍ട്ടുകള്‍ പറയുന്നു.

നിരവധി സൈനികര്‍ കൊല്ലപ്പെടുന്നു; പൊട്ടിക്കരഞ്ഞ് ഇസ്രായേല്‍ ധനമന്ത്രി
X

തെല്‍അവീവ്: ഗസയിലും ലെബനാനിലും നിരവധി ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടതില്‍ ദുഖിച്ച് ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരില്‍ അധികവും റിലീജിയസ് സയണിസ്റ്റ് കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരാണെന്നും മറ്റു വിഭാഗങ്ങള്‍ വേണ്ടത്ര വില നല്‍കിയില്ലെന്നും മന്ത്രി വിലപിച്ചു. ഫലസ്തീനില്‍ നിന്ന് തദ്ദേശീയ ജനതയെ പുറത്താക്കണമെന്നും അല്‍ അഖ്‌സ പള്ളി പിടിച്ചെടുക്കണമെന്നും നിലപാടുള്ള നാഷണല്‍ റിലീജിയസ് പാര്‍ട്ടി-റിലീജ്യസ് സയണിസം പാര്‍ട്ടിയുടെ ചെയര്‍മാനാണ് ബെസലേല്‍ സ്‌മോട്രിച്ച്.

'എനിക്ക് വ്യക്തിപരമായി ഒരു കാര്യം പറയാനുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നാം കാണുകയും വായിക്കുകയും ചെയ്ത കാര്യങ്ങളുണ്ട്. നിരവധി ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. അതില്‍ റിസര്‍വ് സൈനികരും വളരെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമുണ്ട്. മതവിശ്വാസികളും മതനിരപേക്ഷരും ഉണ്ട്. ഇസ്രായേലിലെ ജനസംഖ്യയില്‍ വളരെ ചെറിയ ശതമാനം മാത്രം വരുന്ന റീലിജ്യസ് സയണിസ്റ്റുകള്‍ മറ്റുള്ളവരേക്കാള്‍ അധികം വില നല്‍കേണ്ടി വന്നിരിക്കുന്നു.''-സ്‌മോട്രിച്ച് പറഞ്ഞു.

അതേസമയം, സൈന്യത്തില്‍ ചേരണമെന്ന ആവശ്യം ജൂതന്‍മാരിലെ അള്‍ട്രാ ഓര്‍ത്തഡോക്‌സ് ഹരേദി വിഭാഗം തള്ളിയതായി റിപോര്‍ട്ടുകള്‍ പറയുന്നു. സൈന്യത്തില്‍ ചേരണമെന്ന് 3000 ഹരേദി യുവാക്കള്‍ക്ക് ഉത്തരവ് നല്‍കിയെങ്കിലും കേവലം 120 പേര്‍ മാത്രമാണ് ഉത്തരവ് പാലിച്ചത്. ഫലസ്തീനികളെ ഓടിച്ച് 1948ല്‍ ഇസ്രായേല്‍ രൂപീകരിച്ച സമയത്ത് ഹരേദികളെ സൈന്യത്തില്‍ ചേര്‍ക്കില്ലെന്ന് സയണിസ്റ്റുകള്‍ ഉറപ്പ് നല്‍കിയിരുന്നു.

യെശിവാസ് എന്ന മതപഠനശാലകളില്‍ തോറ പഠിക്കുന്ന ഇവര്‍ യുദ്ധത്തിന് എതിരാണ്. സൈന്യത്തില്‍ ചേരുന്നതിനേക്കാള്‍ ഭേദം മരിക്കുന്നതാണെന്നാണ് ഇവരുടെ വിശ്വാസം. അതേസമയം, ഹരേദികളെ സൈന്യത്തില്‍ ചേര്‍ക്കാന്‍ ഇറക്കിയ ഉത്തരവിനെ ഇസ്രായേല്‍ ബെയ്റ്റിനു പാര്‍ട്ടിയുടെ നേതാവ് അവിഗ്‌ദോര്‍ ലീബര്‍മാന്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ ഉത്തരവിനെതിരേ ഹരേദികളും വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധം നടത്തുന്നുണ്ട്. വിവിധ പ്രദേശങ്ങളില്‍ യുദ്ധം നടക്കുന്നതിനാല്‍ വേണ്ടത്ര സൈനികരെ കിട്ടാതെ ഇസ്രായേല്‍ വലയുകയാണ്. നേരത്തെ 130 സൈനികര്‍ യുദ്ധത്തിന് പോവാന്‍ തയ്യാറല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.




Next Story

RELATED STORIES

Share it