Sub Lead

ഫലസ്തീനികളെ കുടിയൊഴിപ്പിക്കാമെന്ന ട്രംപിന്റെ ധിക്കാരം മൗഢ്യം: സി പി ഉമര്‍ സുല്ലമി

ഫലസ്തീനികളെ കുടിയൊഴിപ്പിക്കാമെന്ന ട്രംപിന്റെ ധിക്കാരം മൗഢ്യം: സി പി ഉമര്‍ സുല്ലമി
X

കൊണ്ടോട്ടി: വെളിച്ചം നഗരിയില്‍ സംഘടിപ്പിച്ച ഇസ്‌ലാഹീ സംഗമം കെഎന്‍എം മര്‍കസുദഅവ സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. വിശ്വാസ ജീര്‍ണതയില്‍ നിന്നും സാംസ്‌കാരിക അരാജകത്വത്തില്‍ നിന്നും മോചിപ്പിച്ച് ദൈവത്തിലേക്ക് മടക്കുകയെന്നതാണ് ഇസ്‌ലാഹി നവോത്ഥാനം ലക്ഷ്യം വെക്കുന്നതെന്ന് ഉമര്‍ സുല്ലമി പറഞ്ഞു. സ്ത്രീകള്‍ക്ക് അക്ഷരാഭ്യാസം നല്‍കിയും ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനാ സ്വാതന്ത്ര്യം നലകിയും പൊതു ഇടങ്ങളില്‍ ബാധ്യതാ നിര്‍വഹണത്തിന് അവസരമൊരുക്കിയും കേരളിയ ഇസ്‌ലാമിക നവോത്ഥാനത്തിന് മുജാഹിദ് പ്രസ്ഥാനം നേതൃത്വം നല്‍കി.

സ്വന്തം രാജ്യത്തെ കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിച്ച് നാട് കടത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണണള്‍ഡ് ട്രംപിന്റെ ഫലസ്തിനില്‍ ഇസ്രായേല്‍ അധിനിവേശക്കാരെ കുടിയിരുത്തുകയും ഫലസ്തിനികളെ കുടിയൊഴിപ്പിക്കുകയും ചെയ്യുമെന്ന പ്രഖ്യാപനം നടക്കാന്‍ പോകുന്നില്ലെന്ന് ഉമര്‍ സുല്ലമി പറഞ്ഞു. ഫലസ്തീനികളോട് അനീതി ചെയ്താല്‍ ലോക മനസ്സാക്ഷി ഒറ്റക്കെട്ടായി പ്രതിരോധിക്കും.

ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാംസ്‌കാരികവും സാമ്പത്തികവുമായ ഉന്‍മൂലനം ലക്ഷ്യം വെച്ചുള്ള മോദി സര്‍ക്കാറിന്റെ വഖ്ഫ് ബില്ലിനെ ഇന്ത്യയിലെ മതേതര സമൂഹം ചെറുത്തു തോല്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാരണക്കാരുടെയും സിദ്ധന്‍മാരുടെയും ആത്മീയ വാണിഭക്കാരുടെയും കെണിയിലകപ്പെട്ട് ജീവനും സ്വത്തും അഭിമാനവും നഷ്ടമായിക്കൊണ്ടിരിക്കുന്നത് പതിവായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം എത്രയും പെട്ടെന്ന് കൊണ്ടു വരണമെന്നും സി പി ഉമര്‍ സുല്ലമി ആവശ്യപ്പെട്ടു.

സംഘാടക സമിതി ചെയര്‍മാന്‍ ചുണ്ടക്കാടന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ടി വി ഇബ്‌റാഹിം എംഎല്‍ എ മുഖ്യാതിഥിയായിരുന്നു. കെഎന്‍എം മര്‍കസുദ അവ ജന.സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി മുഖ്യ പ്രഭാഷണം നടത്തി.

പി കെ മോഹന്‍ദാസ്, റിയാസ് മുക്കോളി, എന്‍ എം അബ്ദുല്‍ ജലീല്‍, കെ പി സക്കരിയ്യ, ഡോ. അന്‍വര്‍ സാദത്ത്, എം ടി മനാഫ്, അബ്ദുലത്തീഫ് കരുമ്പിലാക്കല്‍, പ്രഫ.അലി മദനി, ഡോ. ഇസ്മായില്‍ കരിയാട്, റിഹാസ് പുലാമന്തോള്‍, നൗഷാദ് കാക്കവയല്‍ പി എന്‍ ഫഹീം, ഒ അഹ്മദ് സഗീര്‍, അബ്ദല്‍ അസിസ് മാസ്റ്റര്‍, ഡോ. യു പി യഹ്യാ ഖാന്‍, അബ്ദുല്‍ കരീം സുല്ലമി, റുഖ്‌സാന വാഴക്കാട്,ജിദ മനാല്‍, അസ്‌ന പുളിക്കല്‍, അഹമ്മദ് സാഹിര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it