Sub Lead

ഐഎസ്എല്ലില്‍ ഗോവയെ തകര്‍ത്ത ബെംഗളൂരു എഫ്‌സിക്ക് കന്നിക്കിരീടം

118ാം മിനിറ്റില്‍ ഗോള്‍ നേടിയ രാഹുല്‍ ബെക്കെയാണ് ബെംഗളൂരുവിന്റെ വിജയശില്‍പ്പി. മത്സരത്തില്‍ എഫ്‌സി ഗോവയുടെ അഹമ്മദ് ജാഹൂ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തുപോയി.

ഐഎസ്എല്ലില്‍ ഗോവയെ തകര്‍ത്ത  ബെംഗളൂരു എഫ്‌സിക്ക് കന്നിക്കിരീടം
X

മുംബൈ: മുംബൈ ഫുട്‌ബോള്‍ അറീനയില്‍ പുതുചരിതമെഴുതി ബെംഗളൂരു എഫ്.സി. ഫൈനല്‍ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് എഫ്‌സി ഗോവയെ തകര്‍ത്താണ് ബെംഗളൂരു കന്നിക്കിരീടത്തില്‍ മുത്തമിട്ടത്. 118ാം മിനിറ്റില്‍ ഗോള്‍ നേടിയ രാഹുല്‍ ബെക്കെയാണ് ബെംഗളൂരുവിന്റെ വിജയശില്‍പ്പി. മത്സരത്തില്‍ എഫ്‌സി ഗോവയുടെ അഹമ്മദ് ജാഹൂ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തുപോയി.

നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍ കണ്ടെത്താതിരുന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു.ഒടുവില്‍ ഫൈനല്‍ വിസിലിന് രണ്ട് മിനിറ്റ് മുമ്പ് ദിമാസിന്റെ കോര്‍ണറില്‍ നിന്ന് ബെക്കെ എണ്ണം പറഞ്ഞൊരു ഹെഡ്ഡറിലൂടെ ഗോവയുടെ വല കുലുക്കി. ഗോവയുടെ ഗോള്‍ കീപ്പര്‍ നവീന്‍ കുമാര്‍ പന്ത് തട്ടിയകറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. നവീന്റെ കയ്യില്‍ തട്ടിയ പന്ത് പോസ്റ്റില്‍ ഇടിച്ചശേഷമാണ് ഗോവന്‍ ഗോള്‍ വല കുലുക്കിയത്. സീസണിലെ എമര്‍ജിങ് പ്ലേയര്‍ പുരസ്‌കാരം കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് സ്വന്തമാക്കി.

ഗോള്‍ വീണില്ലെങ്കിലും മികച്ച കളിയാണ് മത്സരത്തിന്റെ ആദ്യപകുതിയും രണ്ടാംപകുതിയും ഇരു ടീമുകളും പുറത്തെടുത്തത്. ബെംഗളൂരു എഫ്‌സിയും എഫ്‌സി ഗോവയും തുടക്കത്തില്‍തന്നെ മേധാവിത്വം സ്ഥാപിക്കുന്നതിനായി ആക്രമിച്ചു കളിക്കുകയായിരുന്നു. എന്നാല്‍ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. രണ്ടാംപകുതിയിലും ഇതാവര്‍ത്തിച്ചതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്കു നീണ്ടു. 105ാം മിനിറ്റില്‍ ജഹൗഹു രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായത് ഗോവയ്ക്ക് തിരിച്ചടിയായി. ബെംഗളൂരു ആക്രമണത്തെ പ്രതിരോധിച്ചു നിന്ന ഗോവയ്‌ക്കേറ്റ അടിയായിരുന്നു അത്. മികുവുമായി പന്തിനായി പോരാടുന്നതിനിടെ പരുക്കന്‍ കളി പുറത്തെടുത്തതാണ് ജഹൗഹുവിന്റെ കാര്‍ഡിലേക്ക് നയിച്ചത്.

80ാം മിനിറ്റില്‍ ഗോളെന്നുറച്ച മികുവിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തുപോയി. ബെംഗളൂരുവിന്റെ രണ്ടാം ഫൈനലാണിത്. കഴിഞ്ഞ സീസണില്‍ ഫൈനലിലേറ്റ തോല്‍വിയുടെ നിരാശ മായ്ക്കാനുള്ള അവസരം കൂടിയായി ഛേത്രിയുടെ ടീമിന്. അതേസമയം രണ്ടു തവണയും ഫൈനലില്‍ തോല്‍ക്കാനായിരുന്നു ഗോവയുടെ വിധി.

Next Story

RELATED STORIES

Share it