Sub Lead

'ലൗ ജിഹാദ്' കേസില്‍ കുടുക്കിയ നിരപരാധികളെ മോചിപ്പിക്കണം; ജംഇയ്യത്ത് ഉലമാ എ ഹിന്ദ് നിയമപോരാട്ടത്തിന്

ലൗ ജിഹാദ് കേസില്‍ കുടുക്കിയ നിരപരാധികളെ മോചിപ്പിക്കണം; ജംഇയ്യത്ത് ഉലമാ എ ഹിന്ദ് നിയമപോരാട്ടത്തിന്
X

ലഖ്‌നൗ: 'ലൗ ജിഹാദി'ന്റെ പേരില്‍ യുപിയിലെ സീതാപൂരില്‍ നിന്നു അറസ്റ്റ് ചെയ്ത രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 10 പേരെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജംഇയ്യത്ത് ഉലമാ എ ഹിന്ദ് സുപ്രിം കോടതിക്കു പിന്നാലെ അലഹാബാദ് ഹൈക്കോടതിയിലും പ്രത്യേക അപേക്ഷ സമര്‍പ്പിച്ചു. 'ലൗ ജിഹാദി'ന്റെ പേരില്‍ സര്‍ക്കാരുകള്‍ മുസ് ലിംകളെ ഉപദ്രവിക്കുകയാണെന്നും ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണ് നടപടിയെന്നും അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് മുമ്പാകെ സമര്‍പ്പിച്ച അപ്പീലില്‍ ചൂണ്ടിക്കാട്ടി. വിവേചനപരവും അടിച്ചമര്‍ത്തുന്നതുമായ കരിനിയമത്തിനെതിരേ ജംഇയ്യത്ത് ഉലമ എ ഹിന്ദ് നിയമപോരാട്ടം ആരംഭിച്ചതായി നേതാക്കള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അടുത്ത ചൊവ്വാഴ്ചയോ ബുധനാഴ്ചയോ അപേക്ഷ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന് മുംബൈയില്‍ നിന്നുള്ള ജംഇയ്യത്ത് ഉലമ മഹാരാഷ്ട്രയുടെ നിയമ സഹായ സമിതി മേധാവി ഗുല്‍സാര്‍ ആസമി പറഞ്ഞു. കേസിന്റെ വിശദാംശങ്ങള്‍ വിശദീകരിച്ചു കൊണ്ട് പ്രതികളുടെ കുടുംബം ജംഇയ്യത്ത് ഉലമ എ ഹിന്ദ് പ്രസിഡന്റ് സയ്യിദ് അര്‍ഷദ് മദനിയോട് ജംഇയ്യത്ത് ഉലമ യുപി ജനറല്‍ സെക്രട്ടറി വകില്‍ അഹ്മദ് ഖാസ്മി വഴി നിയമ സഹായം തേടിയതായി അദ്ദേഹം പറഞ്ഞു.

'ലൗ ജിഹാദി'ന്റെ പേരില്‍ യുപി സര്‍ക്കാര്‍ അധികാരം ദുരുപയോഗം ചെയ്ത് മുസ്‌ലിംകളെ ഉപദ്രവിക്കുന്നതായി അഡ്വ. ആരിഫ് അലി, അഡ്വ. മുജാഹിദ് അഹമ്മദ്, അഡ്വ. ഫുര്‍ഖാന്‍ ഖാന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശ് പോലിസ് മുസ് ലിംകളെ ഉപദ്രവിക്കാനും അവരെ ജയിലിലടക്കാനും നിയമം അവലംബിക്കുകയാണ്. ഇതിന്റെ ഏറ്റവും മോശം ഉദാഹരണമാണ് ഒരു മുസ് ലിം യുവാവിന്റെ മാതാപിതാക്കളെയും അടുത്ത ബന്ധുക്കളെയും അറസ്റ്റ് ചെയ്ത കേസ്. അവര്‍ക്ക് കേസുമായി യാതൊരു ബന്ധവുമില്ല. മുസ് ലിം യുവാവും ഹിന്ദു പെണ്‍കുട്ടിയും സ്വമേധയാ വിവാഹിതരായി. നാട്ടില്‍ നിന്ന് പുറത്തുപോയ ശേഷം അദ്ദേഹം എവിടെയാണന്ന് ഇപ്പോള്‍ അറിയില്ല. എന്നിരുന്നാലും, പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 10 പേരെ ലോക്കല്‍ പോലിസ് അറസ്റ്റ് ചെയ്തു. ഇത് പ്രദേശത്ത് അസ്വസ്ഥതയുണ്ടാക്കി. സ്ത്രീകളുടെ അറസ്റ്റ് അവരുടെ നിരപരാധികളായ കുട്ടികളെ നിസ്സഹായരാക്കി മാറ്റി. കേസില്‍ പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഹിന്ദു മതത്തില്‍പ്പെട്ട 19 കാരിയെ തട്ടിക്കൊണ്ടുപോയതിന് ഇവര്‍ക്കെതിരേ കേസുണ്ടെന്നും ഹരജിയില്‍ പറയുന്നു. പോലിസ് പിന്നീട് 'ലൗ ജിഹാദ്' നിയമം പ്രതികള്‍ക്ക് മേല്‍ ചുമത്തി.

ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനത്ത് ഭരണഘടനാവിരുദ്ധമായ നിയമം ഒരു പ്രത്യേക വിഭാഗത്തിനെതിരേ ഉപയോഗിക്കുന്നുണ്ടെന്ന് ജംഇയ്യത്ത് ഉലമ എ ഹിന്ദ് പ്രസിഡന്റ് സയ്യിദ് അര്‍ഷാദ് മദനി പറഞ്ഞു. വീട്ടമ്മമാരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുണ്ട്. ഇത് കടുത്ത അനീതിയുടെയും ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിന്റെയും കേസാണെന്ന് അര്‍ഷദ് മദനി പറഞ്ഞു. അതിനാല്‍ ജംഇയ്യത്ത് ഉലമ എ ഹിന്ദ് ഇതിനെതിരേ നിയമ സഹായം തേടാനും സുപ്രിം കോടതിയില്‍ നിയമത്തെ ചോദ്യം ചെയ്യാനും തീരുമാനിച്ചതായും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

'love jihad' case: Jamiyyathul Ulema e Hind for legal action

Next Story

RELATED STORIES

Share it