Sub Lead

സിന്ധു നദീതട സംസ്‌കാരത്തില്‍ ജനങ്ങള്‍ മാംസം കഴിച്ചിരുന്നതായി പഠനം

ജേണല്‍ ഓഫ് ആര്‍ക്കിയോളജിക്കല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സിന്ധു നദീതട സംസ്‌കാരത്തില്‍ ജനങ്ങള്‍ മാംസം കഴിച്ചിരുന്നതായി പഠനം
X

ന്യൂഡല്‍ഹി: സിന്ധു നദീതട നാഗരികതയുടെ ഭക്ഷണക്രമത്തില്‍ മാംസത്തിന്റെ ഉപയോഗം കൂടുതലായിരുന്നുവെന്ന് പഠന റിപോര്‍ട്ട്. ജേണല്‍ ഓഫ് ആര്‍ക്കിയോളജിക്കല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.


'വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ സിന്ധു നദീതട സംസ്‌കാരകാലത്തെ നാഗരികതയില്‍നിന്നുള്ള മണ്‍പാത്രങ്ങളില്‍ കൊഴുപ്പിന്റെ അവശിഷ്ടങ്ങള്‍' എന്ന തലക്കെട്ടോട് കൂടിയുള്ള പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാംബ്രിജ് സര്‍വ്വകലാശാലയിലെ പിഎച്ച്ഡി ഗവേഷക അക്ഷയേത സൂര്യനാരായണനാണ് പഠനം നടത്തിയത്.


ഹാരപ്പന്‍ സംസ്‌കാരത്തിലെ ജനങ്ങള്‍ ഉപയോഗിച്ച മണ്‍പാത്രങ്ങളിലെ കൊഴുപ്പിന്റെ അവശിഷ്ടങ്ങള്‍ പഠനവിധേയമാക്കിയാണ് അവരുടെ ആഹാര രീതി മനസ്സിലാക്കിയത്. പൂനെയിലെ ഡക്കാന്‍ കോളജിലെ മുന്‍ വൈസ് ചാന്‍സലറും പ്രമുഖ ആര്‍ക്കിയോളജിസ്റ്റുമായ പ്രഫ. വസന്ത് ഷിന്‍ഡേ, ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ അധ്യാപകന്‍ രവീന്ദ്ര എന്‍ സിങ് തുടങ്ങിയവരും പഠനത്തിന്റെ ഭാഗമായിരുന്നു. സിന്ധു നദീതട സംസ്‌കാരത്തിലെ ജനങ്ങളുടെ ആഹാരരീതിയെ കുറിച്ച് നിരവധി പഠനങ്ങള്‍ നേരത്തേ വന്നിരുന്നെങ്കിലും അക്കാലത്തെ ജനങ്ങളുടെ കാര്‍ഷിക രീതിയെ കേന്ദ്രീകരിച്ചായിരുന്നു തന്റെ പഠനമെന്ന്


അക്ഷയേത വ്യക്തമാക്കി. കന്നുകാലികളേയും എരുമകളേയുമാണ് ജനങ്ങള്‍ പ്രധാനമായും വളര്‍ത്തിയിരുന്നത്. പ്രദേശത്തു നിന്നും ഇവയുടെ എല്ലുകള്‍ നിര്‍ലോഭം ലഭിച്ചിരുന്നു.കന്നുകാലികള്‍, പോത്ത് തുടങ്ങിയവയുടെ അവശിഷ്ടങ്ങളാണ് ലഭിച്ചവയില്‍ 50 മുതല്‍ 60 ശതമാനം വരെ. ആട്, ചെമ്മരിയാട് എന്നിവയുടെ അവശിഷ്ടങ്ങള്‍ വെറും പത്ത് ശതമാനം മാത്രമാണ് ലഭിച്ചത്.

ലഭിച്ച അവശിഷ്ടങ്ങളില്‍ നിന്നും ജനങ്ങള്‍ക്കിടയില്‍ ബീഫ് ഉപയോഗം വ്യാപകമായിരുന്നുവെന്ന നിഗമനത്തിലാണ് എത്തിച്ചേരാന്‍ ആവുന്നതെന്ന് അവര്‍ വ്യക്തമാക്കി. മൃഗങ്ങളില്‍ പെണ്‍ വര്‍ഗത്തെ പാല്‍ ഉത്പന്നങ്ങള്‍ക്ക് വേണ്ടിയാണ് വളര്‍ത്തിയിരുന്നത്.മൂന്നര വയസ്സുവരെ കന്നുകാലികളെ വളര്‍ത്തിയുരുന്നു. ആണ്‍ വര്‍ഗത്തില്‍പെട്ട കാലികളെ യാത്രയ്ക്കും ഉപയോഗിച്ചിരുന്നു.


അപൂര്‍വമായ കണ്ടെത്തലുകള്‍ക്കാണ് തന്റെ പഠനം വഴിതെളിയിച്ചിരിക്കുന്നതെന്ന് അക്ഷയേത പറയുന്നു.മണ്‍പാത്രങ്ങളിലെ പഠനത്തിലൂടെ സാധാരണഗതിയില്‍ വിത്തുകളെ കുറിച്ചോ ചെടികളെ കുറിച്ചോ ആണ് സൂചന ലഭിക്കുക. എന്നാല്‍ മണ്‍പാത്രങ്ങളിലെ കൊഴുപ്പുകളുടെ അവശിഷ്ടങ്ങളില്‍ നിന്നും ബീഫ്, ആട്, ചെമ്മരിയാട്, പന്നി തുടങ്ങിയവയെ വ്യാപകമായി ഉപയോഗിച്ചിരുന്നു എന്ന് ഉറപ്പിക്കാനാവും.


പ്രദേശങ്ങളില്‍ നടത്തിയ പഠനത്തില്‍ പക്ഷികളേയും ഭക്ഷണത്തിന് ഉപയോഗിച്ചിരുന്നതായാണ് വ്യക്തമായത്. കോഴി ഇറച്ചി ഉപയോഗിച്ചിരുന്നതിന്റേയും സൂചനയുണ്ട്. ഇവിടെ നിന്നും കണ്ടെത്തിയ വശങ്ങളില്‍ പിടിയുള്ള വലിയ പാത്രങ്ങള്‍ വൈന്‍, എണ്ണ തുടങ്ങിയവയുടെ ഉപയോഗത്തെയാണ് സൂചിപ്പിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

നിലവില്‍ ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്നിടത്താണ് സിന്ധു നദീതട സംസ്‌കാരം നിലനിന്നിരുന്നത്.


Next Story

RELATED STORIES

Share it